അബൂബക്ര്‍ ടി ഹുദവി കരുവാരക്കുണ്ട്
കേരളത്തിലെ ഇസ്‌ലാമിക സംസ്‌കാരത്തിന്റെ വേരുകള്‍ നുബുവ്വത്തിന്റെ ഉറവിടമായ
അറേബ്യന്‍സൈതക ഭൂമിയോട് നേരിട്ടു ബന്ധപ്പെട്ടിരിക്കുന്നു. മലബാര്‍ തീരവും
മധ്യപൗരസ്‌ത്യ ദേശങ്ങളുമായുള്ള ബന്ധത്തിന് ചരിത്രാതീത കാലത്തോളം
പഴക്കമുണ്ട്. ബൈബിള്‍ പഴയ നിയമത്തിലെ `രാജാക്കന്മാരുടെ പുസ്‌തക' ത്തില്‍
ഇന്ത്യയുമായുള്ള വ്യാപാര ബന്ധത്തിന്റെ അടയാളസൂചകങ്ങള്‍ കാണാം. ``സോളമന്‍
രാജാവ് തന്റെ കപ്പലുകള്‍ ഫൊണീഷ്യന്‍ രാജാവായ ഹീരാമിന്റെ കപ്പലുകളോടൊപ്പം
ഓഫീരിലേക്ക് അയച്ചതായും അവിടെ നിന്ന് അവര്‍ സ്വര്‍ണം, വെള്ളി,
ആനക്കൊമ്പ്, കുരങ്ങുകള്‍, മയിലുകള്‍ എന്നിവ കൊണ്ടുവന്നതായും
പറയപ്പെടുന്നു.''
ആനക്കൊമ്പ്, മയിലുകള്‍, കുരങ്ങുകള്‍ എന്നിവ കേരളത്തിന്റെ സവിശേഷ ഉല്‍പന്നങ്ങളായിരുന്നു.
ബി.സി. 484-413 ല്‍ ജീവിച്ച ഹെറഡോട്ടസ് സാമ്പ്രാണി, നറുമ്പശ, ഇലവംഗം, കറുവപ്പെട്ട എന്നീ സവിശേഷമായ കേരളീയ വിഭവങ്ങളെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്.
പുരാതന റോമാ സാമ്രാജ്യത്തിന്റെ ഉദയത്തോടെ അറബികളുടെ വ്യാപാരകുത്തക തീര്‍ന്നുവെന്നു പറയപ്പെടുന്നു. എന്നാല്‍ എ.ഡി. അഞ്ചാം നൂറ്റാണ്ടോടെ അറബികള്‍ വീണ്ടും ഇന്ത്യന്‍ തീരങ്ങളില്‍ ആധിപത്യം സ്ഥാപിച്ചു.
ഏഴാം നൂറ്റാണ്ടോടെ ഇസ്‌ലാമിക സാമ്രാജ്യം വികാസം കൊണ്ടപ്പോള്‍ അറബികള്‍ വ്യാപകമായ സഞ്ചാരത്തിനും കടല്‍ യാത്രകള്‍ക്കും തുടക്കം കുറിച്ചു. അബ്ബാസി ഖലീഫമാരുടെ കാലത്ത് ബഗ്‌ദാദ് സ്ഥാപിക്കപ്പെട്ടതും അറേബ്യന്‍ ഉപദ്വീപില്‍ നീണ്ടകാലത്തേക്ക് സമാധാനാന്തരീക്ഷം നിലനിന്നതും കിഴക്കുമായുള്ള വ്യാപാരബന്ധത്തെ ത്വരിതപ്പെടുത്തിയ ഘടകങ്ങളായിരുന്നു.
ഇറാഖിലെ ബസ്വറ തുറമുഖത്തിന് ലോകവാണിജ്യ ഭൂപടത്തില്‍ പ്രാധാന്യം വര്‍ദ്ധിച്ചതോടെ അത് അറേബ്യന്‍ വ്യാപാരത്തിന്റെ കേന്ദ്രമായിമാറി. നീണ്ടകാലം കിഴക്കിനും പടിഞ്ഞാറിനുമിടയിലെ മധ്യവര്‍ത്തിയായിരുന്നു ഈ തുറമുഖം.
എ.ഡി.956-ല്‍ മരണപ്പെട്ട പ്രസിദ്ധ അറബി ചരിത്രകാരന്‍ അല്‍ മസ്‌ഊദി രേഖപ്പെടുത്തുന്നു: ``വളരെയേറെ അറബിക്കച്ചവടക്കാര്‍ കച്ചവടത്തിനായി ഇന്ത്യയിലെ തീരദേശ നഗരങ്ങളില്‍ സ്ഥിരവാസമാക്കിയിരുന്നു. ഈ വിഭാഗത്തിന് സ്വന്തം തലവന്മാരും തങ്ങളുടെ സാമുദായിക കാര്യങ്ങള്‍ നടത്തിക്കൊണ്ടുപോകാനുള്ള വിശേഷാവകാശവും ഉണ്ടായിരുന്നു.''
എ.ഡി. 850-കളില്‍ ഇന്ത്യയും അറേബ്യയുമായുള്ള കച്ചവടം ഇടതടവില്ലാതെ തുടര്‍ന്നിരുന്നുവെന്ന് അബൂസൈദ് രേഖപ്പെടുത്തിയിട്ടുണ്ട്.
1293 ല്‍ `സഞ്ചാരികളുടെ രാജാവായ' മാര്‍ക്കോപോളോ മലബാറില്‍ എത്തിയതായും ഇവിടെയുള്ള രാജാക്കന്മാരെയും കച്ചവട വിഭാഗങ്ങളെയും കുറിച്ച് പരാമര്‍ശിച്ചതായും കാണാം.
1342-44 കാലത്താണ് പ്രസിദ്ധ ആഫ്രിക്കന്‍ മുസ്‌ലിം സഞ്ചാരി ഇബ്‌നുബത്തൂത്ത മലബാര്‍ ഉള്‍പ്പെട്ട ഇന്ത്യന്‍ തീരങ്ങളിലൂടെ സഞ്ചരിച്ചത്. ഇവിടുത്തെ സംസ്‌കാരത്തെക്കുറിച്ചും ജീവിത രീതികളെകുറിച്ചും തന്റെ രിഹ്‌ലയില്‍ അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്.
1498 ല്‍ പറങ്കികള്‍ വാസ്‌കോഡഗാമയുടെ നേതൃത്വത്തില്‍ കാപ്പാട് കപ്പലിറങ്ങിയപ്പോള്‍ ഇന്ത്യയിലെ ഏറ്റവും സമ്പല്‍ സമൃദ്ധമായ പട്ടണമായി കോഴിക്കോട് മാറിയിരുന്നു. മുസ്‌ലിംകള്‍ക്കായിരുന്നു തുറമുഖ പട്ടണത്തിന്റെ നിയന്ത്രണം.
ഇസ്‌ലാം എന്ന് കേരളത്തിലെത്തിയെന്നതിനെക്കുറിച്ച് വ്യക്തമായ തെളിവുകളോ തീര്‍ച്ചയോ ചരിത്രകാരന്മാര്‍ മുന്നോട്ടുവെക്കുന്നില്ല. എന്നാല്‍ പ്രവാചക കാലത്തിനു മുമ്പുതന്നെ കേരളവുമായുള്ള അറബികളുടെ കച്ചവട വൈവാഹിക ബന്ധങ്ങള്‍ക്ക് ചരിത്രത്തിന്റെ പിന്തുണയുണ്ട്.
പ്രവാചകരുടെ വിയോഗത്തിന് മുമ്പുതന്നെ അറേബ്യന്‍ മണലാരണ്യത്തില്‍ മുഴുവന്‍ ഇസ്‌ലാം വ്യാപിച്ചുവെന്നത് വസ്‌തുതയാണ്. സ്വാഭാവികമായും അക്കാലത്തുതന്നെ അറബികള്‍ വഴി ഇസ്‌ലാം ഇവിടെയെത്തിയെന്നു അനുമാനിക്കാന്‍ ന്യായം കാണുന്നു. കേരളത്തിലെ അവസാനത്തെ പെരുമാള്‍ രാജാവ് തന്റെ രാജ്യം ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും വിഭജിച്ചുകൊടുത്ത ശേഷം അറേബ്യയിലേക്കു പോയി ഇസ്‌ലാം സ്വീകരിച്ചതായി ഒന്നിലധികം രേഖകള്‍ ഉണ്ട്. ഇത് പ്രവാചക കാലത്തോ പിന്നീടോ എന്നതിലാണ് വലിയ അഭിപ്രായ വ്യത്യാസം കാണുന്നത്. ഇതിനുപുറമെ പ്രവാചകര്‍ (സ) വിവിധ രാജ്യങ്ങളിലേക്ക് കത്തുകളയച്ച കൂട്ടത്തില്‍ ഇന്ത്യയിലേക്ക് കത്തയച്ചതായും രേഖപ്പെടുത്തിയിട്ടുണ്ട്. തുഹ്‌ഫത്തുല്‍ മുജാഹിദീന്റെ കര്‍ത്താവ് ശൈഖ് സൈനുദ്ദീന്‍ മഖ്‌ദൂം രണ്ടാമന്റെ അഭിപ്രായത്തില്‍ പെരുമാള്‍ വിദേശത്തേക്കു പോയത് പ്രവാചക വിയോഗാനന്തരം എ.ഡി. ഒമ്പതാം നൂറ്റാണ്ടിലാണ്. അറേബ്യയിലേക്ക് പോയ പെരുമാള്‍ അവിടെ വെച്ചു മരണപ്പെട്ടു. മലബാറിലേക്ക് മടങ്ങിപ്പോയി. ഇസ്‌ലാം പ്രചരിപ്പിക്കാന്‍ തന്റെ അറബികളായ സഹായികള്‍ക്കു നിര്‍ദ്ദേശം നല്‍കിയ ശേഷമാണ് അദ്ദേഹം വഫാത്തായത്. ഈ സഹായികള്‍ സ്വഹാബികളാവാം. പില്‍ക്കാലക്കാരാവാം. ഏതായാലും ഉത്തമ നൂറ്റാണ്ടുകാരോ അവരോടടുത്തവരോ എന്നതു തീര്‍ച്ചയാണ്.
മാലികുബ്‌നു ദീനാര്‍ എന്ന മഹാത്മാവും പന്ത്രണ്ട് അനുയായികളുമായിരുന്നു അന്നു കൊടുങ്ങല്ലൂരില്‍ വന്ന് കപ്പലിറങ്ങിയത്. കൊടുങ്ങല്ലൂരില്‍ തന്നെ അവര്‍ ആദ്യപള്ളി സ്ഥാപിച്ചു. ഇസ്‌ലാമിക സംസ്‌കാരത്തിന്റെ വ്യാപനത്തിനു സഹായകമായ ഒട്ടേറെ പള്ളികള്‍ തീരദേശങ്ങളില്‍ വേറെയും സ്ഥാപിക്കുകയുണ്ടായി. മാടായി, പന്തലായനി, കൊല്ലം, കാസര്‍ക്കോട്, ധര്‍മടം, ചിറക്കല്‍, ബക്കനൂര്‍ തുടങ്ങിയ പള്ളികള്‍ ഇതില്‍പ്പെടുന്നു.
സവിശേഷ സമൂഹം
ഇന്ത്യയിലെ ഇതര ദേശങ്ങളില്‍ സൈനിക മുന്നേറ്റത്തിലൂടെയാണ് മുസ്‌ലിംകള്‍ കടന്നുവന്നത്. 712 ലെ മുഹമ്മദുബ്‌നു ഖാസിമിന്റെ സിന്ധാക്രമണത്തിനു ശേഷം പതിനൊന്നാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ 17 തവണ ഇന്ത്യയെ ആക്രമിക്കുകയും പ്രധാന ക്ഷേത്രങ്ങള്‍ കൊള്ളയടിക്കുകയും ചെയ്‌ത മഹ്‌മൂദ് ഗസ്‌നവി തന്നെ ഉദാഹരണം. ഈര്‍ഷതയും സംശയവും ഉള്‍ച്ചേര്‍ന്നുകൊണ്ടാണ് ഉത്തരദേശങ്ങളില്‍ മുസ്‌ലിംകള്‍ ആദ്യകാലങ്ങളില്‍ വീക്ഷിക്കപ്പെട്ടത്. 12,13 നൂറ്റാണ്ടുകളില്‍ മധ്യേഷ്യ മംഗോളിയരുടെ ആക്രമണത്തിനു വിധേയമായപ്പോള്‍ ഇന്ത്യയില്‍ എത്തിയ സൂഫികളുടെ ആഗമനത്തിനുശേഷമാണ് അവിടങ്ങളില്‍ വ്യാപകമായ മതപ്രചാരണം സാധ്യമായത്. രാജാക്കന്മാര്‍ക്ക് മതപ്രബോധനം ലക്ഷ്യമായിരുന്നില്ലെന്നതും ശ്രദ്ധേയമാണ്.
ഇതില്‍ നിന്നു വ്യത്യസ്ഥമായി മലബാറില്‍ പൂര്‍ണ്ണ മനസ്സോടെയാണ് ഇസ്‌ലാം സ്വീകരിക്കപ്പെട്ടത്. സൈനുദ്ദീന്‍ മഖ്‌ദൂം രണ്ടാമന്‍ (റ) രേഖപ്പെടുത്തുന്നു: ``അല്ലാഹു ഭൂമിയില്‍ ജനവാസമുള്ള മിക്ക സ്ഥലങ്ങളിലും ഇസ്‌ലാം ദീന്‍ വ്യാപിപ്പിച്ചു. പൂര്‍ണ്ണ മനസ്സോടെ പരപ്രേരണയോ, ഭീതിയോ നിര്‍ബന്ധമോ കൂടാതെയാണ് `ഹിന്‍ദി' ലെ മലബാര്‍ ജനത ഇസ്‌ലാം മതം സ്വീകരിച്ചത്. അല്ലാഹുവിന്റെ അപാരമായ അനുഗ്രഹം കൊണ്ട് ഇസ്‌ലാം രൂഢമൂലമാവുകയും അതിന്റെ അംഗസംഖ്യ അത്ഭുതപൂര്‍വ്വമായി വര്‍ദ്ധിക്കുകയും ചെയ്‌തു'' (തുഹ്‌ഫതുല്‍ മുജാഹിദീന്‍).
ആദ്യഘട്ടങ്ങളില്‍ തീരദേശങ്ങളോടു ചേര്‍ന്നു വളര്‍ന്ന മുസ്‌ലിം സംസ്‌കാരം കുടിയേറ്റം, മിശ്രവിവാഹം, മതപരിവര്‍ത്തനം വഴിയായി ഉള്‍നാടുകളിലേക്ക് വ്യാപിച്ചു. വണിക്കുകളായിരുന്ന അന്നത്തെ മുസ്‌ലിംകള്‍ രാജ്യത്തിന് വന്‍ സാമ്പത്തികം നേടിക്കൊടുത്തതിനാല്‍ ഭരണകൂടം അവരോട് സ്‌നേഹവും ബഹുമാനവും പുലര്‍ത്തിയിരുന്നു. സാമൂതിരി രാജവംശത്തിന്റെ പിന്തുണ, അറക്കല്‍ സ്വരൂപിന്റെ വളര്‍ച്ച, ജാതിവ്യവസ്ഥയില്‍ ഞെരിഞ്ഞമര്‍ന്നിരുന്ന താഴ്‌ന്ന ജാതിക്കാരുടെ മനം മാറ്റം എന്നിവയും ഇസ്‌ലാമിന്റെ വ്യാപനത്തില്‍ ചെറുതല്ലാത്ത പങ്കുവഹിച്ചു. ഉറച്ച മതവിശ്വാസവും കര്‍മ്മങ്ങളും ഉള്‍ക്കൊള്ളുന്നതോടൊപ്പം പ്രാദേശികമായ സംസാകരത്തിന്റെ നന്മകള്‍ സ്വീകരിക്കാന്‍ ആദ്യം മുതലേ കേരള മുസ്‌ലിംകള്‍ക്ക് മടിയുണ്ടായില്ല. കച്ചവട ബന്ധത്തിലൂടെ വളര്‍ന്നുവന്ന് ഒടുവില്‍ ഭരണാധികാരികളുടെ ഏറ്റവും അടുത്ത സഹായികളും ഗുണകാംക്ഷികളുമായിത്തീര്‍ന്നവരായിരുന്നു എന്നതുകൊണ്ടുതന്നെ പ്രാദേശിക മതവിഭാഗങ്ങളോട് അവര്‍ക്കോ തിരിച്ചോ യാതൊരു തരത്തിലുള്ള സംഘട്ടന മനസ്സും നിലനിന്നിരുന്നതായി ആദ്യകാല ചരിത്രങ്ങളില്‍ നിന്ന് അറിയാന്‍ കഴിയുന്നില്ല.
സത്യസന്ധത അവരുടെ ജീവിതത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമായപ്പോള്‍ സ്വാഭാവികമായും അവരെ ഉള്‍ക്കൊള്ളാന്‍ അടിസ്ഥാന വിഭാഗങ്ങളും ഭരണകര്‍ത്താക്കളും സന്നദ്ധരായി. അറേബ്യന്‍ വേരുകള്‍ തങ്ങളുടെ വിശ്വാസവും ഭക്തിയും വര്‍ദ്ധിക്കാന്‍ കാരണമായപ്പോഴും മലയാളത്തനിമ കൈവിടാതെ സൂക്ഷിച്ചതുകൊണ്ട് ഇന്ത്യയിലെ ഇതര ഭൂവിഭാഗങ്ങളില്‍ നിന്ന് വ്യത്യസ്‌തമായി പ്രാദേശികതയോട് ഇവിടെ ഇസ്‌ലാം ഏറെ ചേര്‍ന്ന് കിടക്കുന്നു. ഉയര്‍ന്ന കുടുംബങ്ങള്‍ ഒന്നടങ്കം ഇസ്‌ലാം സ്വീകരിക്കുന്ന അനുഭവവുമുണ്ടായിട്ടുണ്ട്. വടക്കേ മലബാറില്‍ കോലത്തിരി രാജവംശത്തില്‍ നിന്ന് ഒരു മുസ്‌ലിം രാജവംശം തന്നെ പിറവിയെടുത്തുവെന്ന് ചില ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. തന്റെ കുടുംബത്തില്‍ നിന്ന് ചിലരെ മതപരിവര്‍ത്തനം ചെയ്യന്‍ സാമൂതിരി പ്രേരിപ്പിച്ചിരുന്നു. സാമൂതിരിയുടെ കൊട്ടാരത്തിലും സൈന്യത്തിലും ഉന്നതഉദ്യോഗം വഹിച്ച മുസ്‌ലിംകളുണ്ടായിട്ടുണ്ട്. കോഴിക്കോട് കോയമാര്‍, മരക്കാര്‍മാര്‍, തലശ്ശേരി കേയിമാര്‍ എന്നിവരൊക്കെ ആദ്യകാലം മുതല്‍ നിലനിന്ന സമന്വയ സംസ്‌കാരത്തിന്റെ സാക്ഷ്യങ്ങളാണ്.
ഉത്തരേന്ത്യയില്‍ അഫ്‌ഗാന്‍, തുര്‍ക്കി, പേര്‍ഷ്യ എന്നിവിടങ്ങളില്‍ നിന്നാണ് ഇസ്‌ലാമെത്തിയതെങ്കില്‍ കേരളത്തില്‍ അത് യമന്‍, ഹിജാസ് എന്നീ വിശുദ്ധ സ്ഥലങ്ങളുമായിട്ടു നേരിട്ടു ബന്ധപ്പെട്ടിരിക്കുന്നു. പല പ്രദേശങ്ങളില്‍ നിന്നും ഹിന്ദുക്കള്‍ കൂട്ടത്തോടെ സ്ഥലം മാറി മുസ്‌ലിംകളെ കുടിയിരുത്തിയ അനുഭവങ്ങളുണ്ട്. പള്ളികള്‍ സ്ഥാപിക്കാന്‍ ഹിന്ദു സഹോദരങ്ങള്‍ സഹായം ചെയ്‌തു. പല സ്ഥലങ്ങളിലും ക്ഷേത്രങ്ങള്‍ പള്ളികളായി പരിവര്‍ത്തിക്കപ്പെട്ടു. ഒരിക്കലും കീഴടക്കലിന്റെ സ്വരം എവിടെയും ഉയര്‍ന്നിട്ടില്ല. ആദ്യകാലത്തെ ഈ നല്ല മാതൃകയുടെ ഉത്തമ ദൃഷ്‌ടാന്തങ്ങളാണ് കൊടുങ്ങല്ലൂര്‍, ഏഴിമല, പഴയങ്ങാടി, കാപ്പാട്, എടക്കാട്, സീമത്തോട്, വളപട്ടണം, നാദാപുരം, തിക്കോടി, താനൂര്‍, തിരൂരങ്ങാടി, പൊന്നാനി, പറവണ്ണ, വെളിയങ്കോട്, വൈപ്പിന്‍, പള്ളിപ്പുറം, മാടായി, ചാലിയം, കൊല്ലം, പരപ്പനങ്ങാടി എന്നിവിടങ്ങളിലെ പളളികള്‍. എല്ലാം പ്രാദേശികമായ ശില്‍പകലാ മാതൃകകളിലാണ് പടുത്തുയര്‍ത്തപ്പെട്ടത്.
കേരള മുസ്‌ലിംകളുടെ വേഷത്തിലും ഭാഷയിലും വരെ ആധുനികത സ്വാധീനം ചെലുത്തുംവരെ നാടുമായുള്ള ആത്മബന്ധം അവര്‍ നിലനിര്‍ത്തിപ്പോന്നു. പഴയ മാപ്പിള വേഷം, അറബി മലയാള ഭാഷ, എന്നിവ ഇതാണു കാണിക്കുന്നത്. വിശുദ്ധ ഗ്രന്ഥത്തിന്റെ ഭാഷയായ അറബി ലിപിയില്‍ നാടിന്റെ ഭാഷയായ മലയാളം എഴുതാമെന്ന് അവര്‍ തീരുമാനിച്ചു. ഒരു പക്ഷേ, മലയാള ഭാഷയ്‌ക്ക് സ്വന്തമായി ഒരു ലിപി പിറക്കും മുമ്പ് അറബിമലയാളത്തില്‍ അനേകായിരം ഗ്രന്ഥങ്ങള്‍ വിരചിതമായിരുന്നു. മലയാള മണ്ണുമായുള്ള പൊക്കിള്‍ക്കൊടി ബന്ധം തന്നെയാണ് ഇങ്ങനെയൊരു സങ്കര ഭാഷയുടെ പിറവിക്ക് കാരണമായത്.
മുസ്‌ലിംകളുടെ ആചാരാനുഷ്‌ഠനാങ്ങളിലും കലകളിലുമെല്ലാം ഈ പ്രാദേശിക ടച്ച് കണ്ടെടുക്കാനാവും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിച്ചേര്‍ന്ന ഇസ്‌ലാമികാനുയായികള്‍ തങ്ങളുടെ ജീവിത സാഹചര്യങ്ങള്‍ക്കനുസരിച്ച് ഇസ്‌ലാമിനെ ആവിഷ്‌കരിക്കുകയായിരുന്നു. അങ്ങനെയാണ് പേര്‍ഷ്യന്‍ മുസ്‌ലിം സംസ്‌കാരവും സ്‌പെയ്‌ന്‍ മുസ്‌ലിം സംസ്‌കാരവും രൂപം കൊള്ളുന്നത്. ആവിഷ്‌കാരങ്ങളിലെ ഈ വൈവിധ്യം അടിസ്ഥാന വിശ്വാസങ്ങള്‍ക്കും വിധിവിലക്കുകള്‍ക്കും വിപരീതമാവാത്തിടത്തോളം ഇസ്‌ലാം അംഗീകരിക്കുന്നുണ്ട്. ആ തരത്തില്‍ ചിന്തിക്കുമ്പോള്‍ `മാപ്പിളകേരള മുസ്‌ലിം സംസ്‌കാരം' എന്നത് ലോക ചരിത്രത്തില്‍ തുല്യതയില്ലാത്തവിധം തനിമ നിലനിര്‍ത്തിയ ഒന്നാണ്. അതിന്റെ രൂപപ്പെടലിനെ കുറിച്ചുള്ള ചില സൂചനകളാണ് മുകളില്‍ വിവരിച്ചത്.
സ്വന്തമായി ഒരു സാംസ്‌കാരികാസ്‌തിത്വം രൂപപ്പെടുത്തിയ കേരള മുസ്‌ലിംകള്‍ ഒരിക്കലും ഹൈന്ദവ ക്രിസ്‌തുമത വിശ്വാസികളോട് കടുത്ത നിലപാടോ സ്‌പര്‍ദ്ദയോ വെച്ചു പുലര്‍ത്തിയിരുന്നില്ല. പതിനെട്ടാം നൂറ്റാണ്ടുവരെ കേരളത്തിന്റെ മതാന്തരീക്ഷം ഏറെക്കുറെ ശാന്തമായിരുന്നു. പറങ്കികളുടെ ആക്രമണ കാലത്ത് ഇതിനപവാദമായി ചില സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും. ഹൈദരലി മലബാര്‍ ആക്രമിച്ച കാലത്ത് ഉള്‍നാടുകളില്‍ കച്ചവടത്തിലും കൃഷിയിലും ഏര്‍പ്പെട്ടിരുന്ന മുസ്‌ലിംകള്‍ ജന്മിത്വത്തിന്റെ ക്രൂരതകള്‍ക്ക് വിധേയരായിരുന്നു. ടിപ്പുവിന്റെ പതനത്തോടെ മലബാറില്‍ ഇംഗ്ലീഷുകാര്‍ ജന്മിമാരെ വ്യാപകമായി കുടിയിരുത്തി. ഇവര്‍ മുസ്‌ലിം കുടിയാന്മാരെ ദ്രോഹിക്കാന്‍ തുടങ്ങി. ഇത് പില്‍ക്കാലത്ത് ഇരു സമുദായങ്ങളെയും പരസ്‌പരം അകറ്റാനും ശത്രുത വര്‍ദ്ധിപ്പിക്കാനും കാരണമായിട്ടുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യരണ്ട് പതിറ്റാണ്ടുകളിലും അരങ്ങേറിയ അശാന്തിക്കും സംഘട്ടനങ്ങള്‍ക്കും കലാപങ്ങള്‍ക്കും പ്രധാന കാരണങ്ങളില്‍ ഒന്ന് ഈ ജന്മികുടിയാന്‍ വിദ്വേഷമായിരുന്നു.
മുന്നേറ്റത്തിന്റെ വഴികള്‍
ക്രമപ്രവൃദ്ധമായ ഘടനയോ സംഘടനാശക്തിയോ നിലനില്‍ക്കാതെയാണ് നൂറ്റാണ്ടുകളുടെ പാരമ്പര്യം സംരക്ഷിച്ചുകൊണ്ട് ആദ്യകാല മുസ്‌ലിംകള്‍ ജീവിച്ചത്. ശരിയായ തുടര്‍ച്ച ഒരു കാലത്തും അവര്‍ക്ക് നഷ്‌ടപ്പെട്ടിരുന്നില്ല. ആദ്യഘട്ടത്തില്‍ സ്ഥാപിതമായ പള്ളികള്‍ തന്നെയാണ് ഈ സാംസ്‌കാരിക പാരമ്പര്യത്തിന്റെ സംരക്ഷണത്തില്‍ വലിയ പങ്ക് വഹിച്ചത്. എന്നാല്‍ ജാതിയുടെ പേരിലും മറ്റു സാമൂഹിക കാരണങ്ങളാലും ഇസ്‌ലാം സ്വീകരിച്ച ഒരു വിഭാഗവും അവര്‍ക്കിടയില്‍ നിലനിനിന്നിരുന്നു. അവര്‍ക്കിടയില്‍ അഹിതകരമായ വിശ്വാസങ്ങളും ആചാരങ്ങളും നിലനിന്നുവെന്നത് വസ്‌തുതതയാണ്. ഏതൊരു സമൂഹത്തിലും ഉണ്ടാകാവുന്ന തരത്തിലേ അതു കേരള മുസ്‌ലിംകള്‍ക്കിടയിലും വ്യാപകമായിട്ടുള്ളൂ. ഓരോ കാലഘട്ടത്തിലും ജീവിച്ച പരിഷ്‌കര്‍ത്താക്കളും മതപണ്ഡിതരും ആത്മീയ നായകരുമാണ് അവര്‍ക്കിടയില്‍ സംസ്‌കരണ പ്രക്രിയ നിര്‍വ്വഹിച്ചത്. ചുറ്റുപാടുമുള്ള ഹൈന്ദവ ആചാരങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്‌തമായ ഒരു അസ്‌തിത്വം നേടിയെടുക്കാന്‍ എക്കാലത്തും മുസ്‌ലിംകള്‍ക്കായിട്ടുണ്ട്. മുന്‍ഗാമികളാല്‍ ആരോപിക്കപ്പെടുന്ന രീതിയിലുള്ള ശിര്‍ക്കും കുഫ്‌റുമൊന്നും അവരില്‍ നിലനിന്നതിന് ചരിത്രരേഖകളില്ല.
തീരദേശങ്ങളില്‍ നിന്ന് ഉള്‍നാടുകളിലേക്കുള്ള ഇസ്‌ലാമിന്റെ വ്യാപനം സ്വാഭാവികമായും സങ്കരസംസ്‌കാരങ്ങളിലേക്ക് മുസ്‌ലിംകളെ എത്തിച്ചിരുന്നു. ഇത്തരം പ്രവണതകള്‍ പലഘട്ടത്തിലും തിരുത്തപ്പെട്ടുവെന്നതും നേരാണ്. ഇന്നും വിദൂരദേശങ്ങളിലും അതിര്‍ത്തി പ്രദേശങ്ങളിലും യഥാര്‍ത്ഥ മുസ്‌ലിം സംസ്‌കാരം ഉള്‍ക്കൊള്ളാത്ത എത്രയോ കുടുംബങ്ങളെ കാണാം. ആധുനികമായ സര്‍വ്വ നവോത്ഥാനവും ഒരു പ്രത്യേക വൃത്തത്തില്‍ ചുരുങ്ങിപ്പോകുന്നുവെന്നതിന്റെ ഒന്നാംതരം ദൃഷ്‌ടാന്തമാണ് മലയോര മേഖലയിലെ പല മുസ്‌ലിം ഗ്രാമങ്ങളും. ജുമുഅക്ക് വെള്ളിയാഴ്‌ച സൗകര്യപ്പെടില്ല; ഞായറാഴ്‌ച പരിഗണിക്കാമെന്നു ഖത്വീബിനോട് പറയുന്ന മഹല്ല് നിവാസികള്‍ ഇപ്പോഴും സര്‍വ്വ പ്രബുദ്ധതയും അവകാശപ്പെടുന്ന ആധുനിക കേരളത്തിലുണ്ടെന്നറിയുമ്പോള്‍ നമ്മുടെ പരിഷ്‌കരണ പ്രവര്‍ത്തനങ്ങളുടെ പൊള്ളത്തരങ്ങള്‍ ബോധ്യപ്പെടും.
സംഘടിതമായ ഒരു രീതിയും മുന്നേറ്റവും ഉണ്ടാകുന്നത് അറിഞ്ഞ ചരിത്രമനുസരിച്ച് പല നൂറ്റാണ്ടുകള്‍ കഴിഞ്ഞാണ്. ഇതിന്നപവാദമായി താനൂര്‍ പോലുള്ള ചില മതവിദ്യാകേന്ദ്രങ്ങള്‍ ഉദയം കൊള്ളുകയും സ്വദേശികളും വിദേശികളുമായ ഒട്ടേറെ വിദ്യാര്‍ത്ഥികള്‍ക്ക് വെളിച്ചമാവുകയും ചെയ്‌തുവെന്നത് നേരാണ്.
പതിനാറാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ലോകത്താകമാനമുള്ള പരിവര്‍ത്തനത്തിന്റെ അലയൊലികള്‍ ഇന്ത്യയില്‍ ആദ്യമെത്തിയത് കേരളത്തിലും അത് ആദ്യമായി ബാധിച്ചത് മുസ്‌ലിംകളെയുമായിരുന്നു. തുര്‍ക്കികള്‍ 1453-ല്‍ കോണ്‍സ്റ്റാന്റ്‌നേപ്പിള്‍ പിടിക്കുകയും സ്‌പെയിന്‍, പോര്‍ച്ചുഗല്‍, ഡച്ച് തുടങ്ങിയ യൂറോപ്യന്‍ ശക്തികള്‍ക്ക് കിഴക്കോട്ട് പുതിയ വഴി കണ്ടെത്തേണ്ടിവരികയും ചെയ്‌ത പശ്ചാത്തലത്തിലാണ് പടിഞ്ഞാറന്‍ ലോകത്ത് നാവിക യാത്രകള്‍ക്ക് തുടക്കം കുറിക്കുന്നത്. കിഴക്കുനിന്നുള്ള സുഗന്ധവ്യഞ്‌ജനങ്ങളും സമ്പത്തും നേടിയെടുക്കുക മാത്രമായിരുന്നില്ല യൂറോപ്യന്‍ ശക്തികളുടെ താല്‍പര്യം. അധിനിവേശത്തിന് ബഹുമുഖമായ തലങ്ങള്‍ ഉണ്ടെന്നു ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. ഗാമയുടെ വരവ് പാഠപുസ്‌തകങ്ങളിലൂടെ ഗംഭീരമായി ആഘോഷിക്കുമ്പോഴും നമ്മെ സാംസ്‌കാരികമായും സൈനികമായും രാഷ്‌ട്രീയമായും തുരത്തിയ ശക്തികളെക്കുറിച്ച് നാം അജ്ഞരാണ്.
ആധുനിക ലോകത്ത് ഇപ്പോഴും തുടരുന്ന അധിനിവേശത്തിന്റെ രസതന്ത്രം തന്നെയായിരുന്നു 1498-ല്‍ വാസ്‌കോഡഗാമയെ ഇന്ത്യയിലേക്കും 1492-ല്‍ കൊളമ്പസിനെ അമേരിക്കയിലേക്കും നയിച്ചത്. പതിനഞ്ചാം നൂറ്റാണ്ടോടെ യൂറോപ്പില്‍ ജനസംഖ്യാ വിസ്‌ഫോടനം സംഭവിച്ചതും ഭക്ഷ്യക്ഷാമം നേരിട്ടതും ഒരു പുതിയ ലോകത്തെക്കുറിച്ച് ചിന്തിക്കാന്‍ യൂറോപ്യരെ പ്രേരിപ്പിച്ചു. അറബികളുടെ വ്യാപാരകുത്തക തകര്‍ത്തുകൊണ്ടേ ഒരു അധിനിവേശം സാധ്യമാകൂ എന്ന് തിരിച്ചറിയാന്‍ അവര്‍ക്ക് പ്രയാസമുണ്ടായിരുന്നില്ല. എ.ഡി. 1075-നും 1270-നും ഇടയ്‌ക്കു നടന്ന നീണ്ട എട്ടു കുരിശുയുദ്ധങ്ങളിലൂടെ തങ്ങളേക്കാള്‍ സമ്പല്‍ സമൃദ്ധമായ ഒരു ലോകം വേറെയുണ്ടെന്ന അറിവും യൂറോപ്യര്‍ ആര്‍ജ്ജിച്ചിരുന്നു. കുരിശുയുദ്ധത്തില്‍ നിന്ന് ആവാഹിച്ചെടുത്ത മുസ്‌ലിം വിരോധം തന്നെയായിരുന്നു അധിനിവേശത്തിന്റെ പ്രധാന ചാലക ശക്തി. കുരിശുയുദ്ധത്തിന്റെ തകര്‍ച്ചയില്‍ നിന്ന് യൂറോപ്പിനെ കരകയറ്റുമെന്ന് വിശ്വസിക്കപ്പെട്ട പ്രസ്റ്റര്‍ ജോണ്‍ എന്ന മിഥ്യാ രാജാവിനെ അന്വേഷിച്ചുള്ള പര്യവേഷണം, കൊന്നും കൊടുത്തും ആയാലും കത്തോലിക്കാമതം പ്രചരിപ്പിക്കുകയെന്ന പസ്രാഡോ മതവിധി, അര്‍ഹതയുള്ളവര്‍ അതിജീവിക്കുമെന്ന ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം എന്നിവയൊക്കെ പാശ്ചാത്യ അധിനിവേശത്തിന്റെ നേര്‍പ്രചോദനങ്ങളായിരുന്നു.
കേരള തീരത്തെത്തിയ പോര്‍ച്ചിഗീസുകാര്‍ തുടക്കം മുതലേ മുസ്‌ലിം വിരോധം തുറന്നു പ്രഖ്യാപിച്ചു കൊണ്ടാണ് കരയിലെത്തിയത്. 1498-ല്‍ ഗാമ കോഴിക്കോട്ടെത്തുന്നത് തന്നെ ഖാജാ ഖാസിമിന്റെ കപ്പലില്‍ മക്കയിലേക്ക് വിശുദ്ധ ഹജ്ജ് കര്‍മ്മം നിര്‍വ്വഹിക്കാന്‍ പുറപ്പെട്ട സാധുക്കളായ തീര്‍ത്ഥാടകരെ കടലില്‍ കത്തിച്ചുകൊന്നാണ്. 1507-ല്‍ ക്യാപ്‌റ്റന്‍ അല്‍മേഡ യാതൊരു പ്രകോപനവുമില്ലാതെ പൊന്നാനി ആക്രമിക്കുകയുണ്ടായി. ആഴക്കടലില്‍ നങ്കൂരമിട്ട കപ്പലുകളിലേക്ക് ചെറുതോണികളില്‍ എത്തി സ്‌ത്രീകളെ പിടിച്ചുകൊണ്ടുപോയി പീഡിപ്പിച്ചുകൊല്ലുന്നത് അവര്‍ക്ക് വിനോദമായിരുന്നു.
`മക്കയിലെ നായ്‌ക്കളു'മായുള്ള ബന്ധം ഉപേക്ഷിച്ചില്ലെങ്കിലുള്ള ഭവിഷ്യത്ത് ബോധ്യപ്പെടുത്താനായി ഒരു മുസ്‌ലിം കപ്പല്‍ പിടിച്ച് അതിലുള്ളവരെ ജീവനോടെ അംഗവിച്ഛേദനം നടത്തി ഒരു ബോട്ടിലിട്ട് സാമൂതിരിക്ക് അയച്ചുകൊടുത്തു പോര്‍ച്ചുഗീസ് ക്യാപ്‌റ്റന്‍. നാനൂറ് ഹജ്ജാജിമാരുണ്ടായിരുന്ന കപ്പല്‍ പിടിച്ചെടുത്ത് അതിലെ ചരക്കുകള്‍ മാറ്റി അതിനകത്തുണ്ടായിരുന്നവരെ കെട്ടിയിട്ടാണ് കപ്പലിന് തീ കൊളുത്തിയത്. തൊട്ടടുത്ത ഒരു കപ്പലിലിരുന്ന ഗാമ ഇത് നോക്കി രസിക്കുകയാരിരുന്നു. സ്‌ത്രീകള്‍ പിഞ്ചുകുഞ്ഞുങ്ങളെ ഉയര്‍ത്തി കേണപേക്ഷിച്ചിട്ടും ഗാമയുടെ മനസ്സലിഞ്ഞില്ല. മാടായിക്കടുത്ത കടലിലാണ് ഈ സംഭവം. സംഭാഷണത്തിനു ചെന്ന സാമൂതിരിയുടെ ദൂതനായ ബ്രാഹ്മണനെ കാതരിഞ്ഞ് ഒരു പട്ടിയുടെ കാത് തുന്നിപ്പിടിപ്പിച്ച് കൈയും മൂക്കും ചെവിയും ഒരു മാലയാക്കി കഴുത്തിലിട്ടുകൊടുത്തു. അത് പാകം ചെയ്‌തു തിന്നാന്‍ ഒരു കുറിപ്പും മാലയില്‍ തൂക്കി. പള്ളികള്‍ തകര്‍ത്തു. കോഴിക്കോട് ഒരു പള്ളി പിടിച്ചെടുത്ത് ചര്‍ച്ചാക്കി മാറ്റി. നിരവധി മുസ്‌ലിം സ്‌ത്രീകളെ പിടിച്ചുകൊണ്ടുപോയി മതംമാറ്റി ക്രിസ്‌ത്യാനികളാക്കി ഗോവയിലെ പറങ്കികള്‍ക്ക് സമ്മാനിച്ചു. അകാരണമായി അറസ്റ്റ് ചെയ്യുക, കൊള്ളയടിക്കുക, പണ്ഡിതന്മാരുടെ പരിശുദ്ധി നശിപ്പിക്കുക, സ്വത്തുക്കള്‍ കത്തിക്കുക, യാത്രാ സംഘങ്ങളെ കൊള്ളയടിക്കുക, ജീവിതമാര്‍ഗ്ഗങ്ങളെ പാഴാക്കുക, വിശ്വാസികളെ അടിമകളാക്കുക, സ്‌ത്രീകളെ നശിപ്പിക്കുക, ജനങ്ങള്‍ക്ക് മാര്‍ഗ്ഗതടസ്സം സൃഷ്‌ടിക്കുക, അക്രമപരമായി ക്രിസ്‌തീയ ആരാധനാലയങ്ങള്‍ നിര്‍മ്മിക്കുക, ഹജ്ജിന് പോകുന്നവരെ പീഡിപ്പിക്കുക, ഹജ്ജ് യാത്ര നിരോധിക്കുക, ഹാജിമാരെയും മുസ്‌ലിംകളെയും കൊന്നൊടുക്കുക, പ്രവാചകനെ അപഹസിക്കുക, പ്രവാചകന്റെ പേര് പറയുന്നവരെ പ്രഹരിക്കുകയോ കൊല്ലുകയോ ചെയ്യുക, അറസ്റ്റിലാക്കിയവരെ ചുട്ടുകൊല്ലുക, ശൗച്യം ചെയ്യുന്ന മുസ്‌ലിംകളെ തെരഞ്ഞുപിടിച്ച് ചാട്ടവാറുകൊണ്ട് പ്രഹരിക്കുക, ഗ്രാമങ്ങളുടെയും പട്ടണങ്ങളുടെയും പ്രൗഢി നശിപ്പിക്കുക, ജനങ്ങളെ അടിമകളാക്കി വില്‍ക്കുക, കന്നുകാലികളെപ്പോലെ തൊളിച്ചുകൊണ്ടുപോയി ഇരുണ്ട മുറികളില്‍ കുത്തിനിറക്കുക, അസാധ്യമായ ജോലി ചെയ്യിക്കുക, കുരിശിനെ ആരാധിക്കാന്‍ നിര്‍ബന്ധിക്കുക എന്നീ ക്രൂരകൃത്യങ്ങള്‍ ചെയ്‌താണ് അധിനിവേശം മലയാളക്കരയില്‍ അരങ്ങേറിയത്.
ഈ തീക്ഷ്‌ണമായ അനുഭവത്തില്‍ നിന്നാണ് ശരിയായ രീതിയിലുള്ള നവോത്ഥാനത്തിന്റെ ഊര്‍ജ്ജം ഉറവയെടുക്കുന്നത്. കടുത്ത അനീതിക്കും അക്രമങ്ങള്‍ക്കും വിധേയമായ സമൂഹത്തിന്റെ ഹൃദയ വിചാരങ്ങള്‍ ഈമാനികാവേശമായി ഊതിക്കാച്ചിയെടുക്കാനും പ്രതികാര ദാഹത്തിന്റെ പുറംമോടിക്കപ്പുറം `ഇഖ്‌ലാസി'ന്റെ ആവരണം അണിയിക്കാനുമാണ് അന്നത്തെ നവോത്ഥാന സംരഭങ്ങള്‍ ഏറെ ഉപകാരപ്പെട്ടത് എന്ന് ചരിത്രത്തിന്റെ സുവര്‍ണ ലിപികളില്‍ നമുക്ക് വായിക്കാനാവും.
ആത്മീയതയുടെ പിന്‍ബലം
ഏതൊരു സമൂഹത്തിനും പ്രതിസന്ധികളെ അതിജീവിക്കാന്‍ കരുത്താകുന്ന ഒരു നവോത്ഥാന നായകനെ അല്ലാഹു നിയോഗിക്കുമെന്നത് അവന്റെ സുന്നത്താണ്. കേരളീയ മുസ്‌ലിം ചരിത്രത്തില്‍ അറിയപ്പെടുന്ന നവോത്ഥാന നായകരില്‍ പ്രമുഖന്‍ ശൈഖുല്‍ ഇസ്‌ലാം അബൂ യഹ്‌യാ സൈനുദ്ദീനുബ്‌നു അലിയ്യുബ്‌നു അഹ്‌മദ് അല്‍ മഅ്‌ബരിയാണ്. സൈനുദ്ദീന്‍ മഖ്‌ദൂം ഒന്നാമന്‍ എന്ന് ചരിത്രത്തില്‍ അറിയപ്പെടുന്ന ഈ മഹാമനുഷ്യന്റെ കുടുംബ പശ്ചാത്തലം പരിശോധിക്കുമ്പോള്‍ തന്നെ ഇക്കാര്യം നമുക്ക് ബോധ്യപ്പെടും. ഒന്നാം ഖലീഫ അബൂബക്‌ര്‍ സിദ്ദീഖ്(റ)വിന്റെ സന്താന പരമ്പരയിലാണ് മഹാനവര്‍കള്‍ ജനിക്കുന്നത്. ഈമാനിന്റെയും ഇല്‍മിന്റെയും പ്രഭവകേന്ദ്രമെന്ന് നബി(സ) പറഞ്ഞ യമനില്‍ നിന്നാണ് തന്റെ കുടുംബം ഇന്ത്യയിലേക്ക് വരുന്നത്. തമിഴ്‌നാട്ടിലെ മഅ്‌ബര്‍, കായല്‍പട്ടണം എന്നിവിടങ്ങളിലാണ് കുടുംബത്തിന്റെ ആദ്യകാല വേരുകള്‍. സൈനുദ്ദീന്‍ മഖ്‌ദൂം ഒന്നാമന്റെ പിതാമഹന്‍ ഒരു നിയോഗമെന്നപോലെ മഅ്‌ബറില്‍ നിന്ന് വന്ന് കൊച്ചിയില്‍ താമസമാക്കുകയായിരുന്നു. അദ്ദേഹത്തിന്റെ പുത്രന്‍ അലിയ്യുല്‍ മഅ്‌ബരിയാണ് മഖ്‌ദൂം കബീറിന്റെ പിതാവ്. അദ്ദേഹത്തിന്റെ പിതാമഹന്റെ സന്താനപരമ്പരയില്‍ പെട്ട ശൈഖ് മുഹമ്മദ് ഇയാസുദ്ദീന്‍ കര്‍ക്കറിയുടെ പിതൃപരമ്പര സിദ്ദീഖ് (റ) വരെ ലഭ്യമായിട്ടുണ്ട്. ഹിജ്‌റ 871 ശഅ്‌ബാന്‍ 12 നാണ് കൊച്ചിയില്‍ മഖ്‌ദൂം കബീറിന്റെ ജനനം, ഇസ്‌ലാമിക പ്രബോധനം എന്ന ലക്ഷ്യവുമായിട്ടാണ് കുടുംബം കേരളത്തിലെത്തുന്നത്. മുസ്‌ലിംകള്‍ക്കിടയില്‍ വളരെ സ്വീകാര്യതയുള്ള കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. ഒട്ടേറെയാളുകള്‍ ആ കുടുംബവുമായി ബന്ധപ്പെട്ട് ഇസ്‌ലാം സ്വീകരിച്ചിരുന്നു. ഇങ്ങനെയിരിക്കെ പൊന്നാനിയിലെ നേതാക്കള്‍ കൊച്ചിയിലെത്തി മഖ്‌ദൂം കുടുംബവുമായി ബന്ധപ്പെട്ടു. അവര്‍ വലിയ സൈനുദ്ദീന്‍ മഖ്‌ദൂമിന്റെ പിതൃവ്യനെ പൊന്നാനി ഖാളിയായി നിശ്ചയിച്ചു.
ചെറുപ്പത്തില്‍ തന്നെ യത്തീമായ മഖ്‌ദൂം കബീറിനെ ഇദ്ദേഹമാണ് പൊന്നാനിയില്‍ ഉപരിപഠനത്തിനു കൊണ്ടുവരുന്നത്. ഒരു ചരിത്രത്തിന്റെ തുടക്കമായിരുന്നു സത്യത്തില്‍ ഈ പൊന്നാനി യാത്ര. കേരളത്തില്‍ ഇന്ന് പരന്നുകിടക്കുന്ന ഇസ്‌ലാമിക വൈജ്ഞാനിക ചൈതന്യത്തിന് തുടക്കമായ ഒരു തീരുമാനം. വിശുദ്ധ ഖുര്‍ആന്‍ മനഃപാഠമാക്കുകയും സ്വര്‍ഫ്, നഹ്‌വ്, ഫിഖ്‌ഹ്, തസവ്വുഫ് എന്നീ വിഷയങ്ങളില്‍ പ്രാവീണ്യം നേടുകയും ചെയ്‌ത അദ്ദേഹം അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്താല്‍ ഉപരിപഠനത്തിന് നാടുവിടാന്‍ തീരുമാനിച്ചു. ആദ്യം ചാലിയത്ത് അബൂബക്‌ര്‍ ഫഖ്‌റുദ്ദീന്‍ ഇബ്‌നു റമളാന്‍ അശ്ശാലിയാത്തിയുടെ ദര്‍സില്‍ ഏഴ് വര്‍ഷം പഠനം നടത്തി. തുടര്‍ന്ന് നുബുവ്വത്തിന്റെ പ്രഭവ കേന്ദ്രത്തിലേക്ക് തന്നെയാത്ര. പൊന്നാനി മലബാറിലെ മക്കയാകുന്നത് തന്റെ ഈ മക്കായാത്രയുടെ കൂടി ഫലമായിട്ടാണ്. മക്കയില്‍ അഹ്‌മദ് ശിഹാബുദ്ദീനുബ്‌നു ഉസ്‌മാന്‍ അല്‍യമനിയില്‍ നിന്ന് ഉപരിപഠനം. പിന്നെയും അനന്തമായ ജ്ഞാനയാത്ര. അല്‍അസ്‌ഹര്‍ വരെയെത്തി ആ ജ്ഞാനതൃഷ്‌ണ. മലബാറില്‍ നിന്ന് ആദ്യം അസ്‌ഹറില്‍ പഠിക്കാന്‍ ഭാഗ്യമുണ്ടായ പണ്ഡിതനും അദ്ദേഹം തന്നെയായിരുന്നു. ഖാളി അബ്‌ദുര്‍റഹ്‌മാന്‍ അല്‍അദമിയില്‍ നിന്നും ഹദീസിന്റെ സനദ് വാങ്ങി. ഫിഖ്‌ഹിലും ഹദീസിലും അദ്ദേഹത്തിന് പ്രവാചകരില്‍ അവസാനിക്കുന്ന പരമ്പരയാണുള്ളത്. ഇമാം സുയൂഥി അടക്കമുള്ളവരില്‍ നിന്ന് വിദ്യനേടാന്‍ ഭാഗ്യമുണ്ടായി. ശൈഖുല്‍ ഇസ്‌ലാം ഇമാം സകരിയ്യല്‍ അന്‍സാരി(റ), ഇമാം ജര്‍ജറി(റ) തുടങ്ങിയവരില്‍ നിന്നും അദ്ദേഹം വിദ്യനുകര്‍ന്നു. ഇമാം ജലാലുദ്ദീന്‍ അല്‍ മഹല്ലി(റ)വിന്റെ പ്രമുഖ ശിഷ്യനാണ് സകരിയ്യല്‍ അന്‍സാരി. അദ്ദേഹത്തിന്റെ പ്രമുഖ ശിഷ്യനാണ് ശാഫി ഫിഖ്‌ഹിലെ അവസാന വാക്ക് എന്നറിയപ്പെടുന്ന ഇമാം ഇബ്‌നു ഹജര്‍ അല്‍ ഹൈതമി (റ).
ശരീഅത്തിന്റെ വിജ്ഞാനങ്ങളില്‍ അഗാധ പാണ്‌ഡിത്യം നേടിയ മഖ്‌ദൂം കബീര്‍ ത്വരീഖത്തിലും തന്റെ ഇടം കുറിച്ചിട്ടു. കേരളത്തില്‍ ഈ ഗണത്തില്‍ എടുത്തുപറയാവുന്നവരില്‍ ഒന്നാമനാണ് അദ്ദേഹം. വ്യക്തി ജീവിതത്തിലെ വിശുദ്ധിയാണ് അദ്ദേഹത്തിലേക്ക് ആളുകളെ ആകര്‍ഷിച്ചത്. തന്റെ സമരാഹ്വാനം ജനം ശിരസാവഹിച്ചതും ഈ വ്യക്തിമഹാത്മ്യം കൊണ്ടുതന്നെ. ശൈഖ് ഖുതുബുദ്ദീന്‍(റ) വാണ് അദ്ദേഹത്തിന്റെ ആത്മീയ ഗുരു. ഖാദിരി, ചിശ്‌തി ത്വരീഖത്തുകളുടെ ശൈഖായിരുന്നു ഖുതുബുദ്ദീന്‍(റ). ഒരു മുറബ്ബിയായ ശൈഖ് തന്റെ മുരീദിന് നല്‍കുന്ന `ഖിര്‍ഖ' അദ്ദേഹം നേടിയിരുന്നു. ഖുതുബുദ്ദീന്‍(റ) തന്റെ ഖലീഫയായും മഖ്‌ദൂമിനെ നിശ്ചയിച്ചു. ഇന്ത്യയിലുടനീളം ആത്മീയ വിളക്കു കത്തിച്ചുവെച്ച് ശൈഖ് ഫരീദുദ്ദീന്‍ എന്നിവരുടെ പുത്രന്‍ ശൈഖ് ഇസ്സുദ്ദീന്റെ പുത്രന്‍ ശൈഖ് ഫരീദുദ്ദീന്റെ പുത്രനാണ് ശൈഖ് ഖുതുബുദ്ദീന്‍(റ). ഇതിനുപുറമെ ശഥാരിയ്യാ, സുഹ്‌റവര്‍ദിയ്യ ത്വരീഖത്തുകളും അദ്ദേഹം സമ്പാദിച്ചിരുന്നുവെന്നു ചരിത്രത്തില്‍ കാണുന്നു.
ഉപരിപഠനം കഴിഞ്ഞ് പൊന്നാനിയില്‍ തിരിച്ചെത്തിയ മഖ്‌ദൂം കബീര്‍ അവിടെ ഒരു പള്ളി സ്ഥാപിക്കുകയും ദര്‍സ് ആരംഭിക്കുകയും ചെയ്‌തു. കേരള മുസ്‌ലിംകളുടെ മുഴുവന്‍ നേതൃത്വവും തുടര്‍ന്ന് അദ്ദേഹത്തില്‍ വന്നുചേര്‍ന്നു. അന്ന് പൊന്നാനി കോഴിക്കോട് സാമൂതിരിയുടെ ഭരണത്തിന് കീഴിലായിരുന്നു. സാമൂതിരി മഖ്‌ദൂമിലെ നേതൃപാടവം തിരിച്ചറിഞ്ഞ് തന്റെ സാഹിയിയും മുസ്‌ലിംകളുടെ പ്രതിനിധിയുമായി നിശ്ചയിച്ചു. സമുദായത്തിന് രാജാവുമായുള്ള സഹകരണം അനുഗുണമാണെങ്കില്‍ അതു തന്റെ കടമയും ബാധ്യതയുമായിട്ടാണ് അദ്ദേഹം മനസ്സിലാക്കിയത്. രാജാവിനു വേണ്ടി വിവിധ രാജാക്കന്മാരുമായി കത്തിടപാടു നടത്തിയത് മഖ്‌ദൂം തങ്ങളായിരുന്നു. പറങ്കികളുടെ ക്രൂരതകള്‍ മുസ്‌ലിം സമൂഹത്തിന്റെ നിലനില്‍പ്പിനു ഭീഷണിയായപ്പോള്‍ ഒരു മതപണ്ഡിതന്‍ എന്ന നിലയിലും ജനനായകന്‍ എന്ന നിലയിലുമുള്ള തന്റെ ഉത്തരവാദിത്തം നിര്‍വ്വഹിക്കാന്‍ സൈനുദ്ദീന്‍ മഖ്‌ദൂം ഒന്നാമന്‍ (റ) തയ്യാറായി.
ചലനാത്മകതയാണ് പാണ്ഡിത്യത്തിന്റെ ശരിയായ അടയാളം. അത് അദ്ദേഹത്തിന്റെ ജീവിതത്തില്‍ വേണ്ടുവോളമുണ്ടായിരുന്നു. ``തഹ്‌രീളു അഹ്‌ലില്‍ ഈമാന്‍ അലാ ജിഹാദ് അബദത്തിസ്സുല്‍ബാന്‍'' എന്ന കാവ്യകൃതിയിലൂടെ അദ്ദേഹം തന്റെ സമൂഹത്തെ സമര സജ്ജരാക്കി. ഈ കൃതിയുടെ കൈയെഴുത്തു പ്രതികള്‍ കേരളത്തിലെ പ്രധാന രാജാക്കന്മാര്‍ക്കും മുസ്‌ലിം പള്ളികള്‍ക്കും ഈജിപ്‌ത്, തുര്‍ക്കി, അറേബ്യന്‍ നാടുകള്‍ എന്നിവിടങ്ങളിലേക്കും അയച്ചുകൊടുത്തിരുന്നു. കോളനിവത്‌ക്കരണത്തിനെതിരെ ലോകചരിത്രത്തില്‍ തന്നെ ഒരു പക്ഷെ, ഒന്നാമത്തെ കൃതിയാവാം ഇത്. യാത്രാ സൗകര്യങ്ങള്‍ അത്യന്തം ദുഷ്‌ക്കരമായ ആ കാലഘട്ടത്തില്‍ ഒരു ആഗോള കാഴ്‌ചപ്പാടോടെ മുസ്‌ലിംകളുടെ പ്രശ്‌നങ്ങളെ സമീപിക്കാന്‍ കേരളത്തിന്റെ ഒരു മൂലയില്‍ ജീവിച്ച ഒരു പണ്ഡിതനായി എന്നു പറയുമ്പോഴാണ് മഖ്‌ദൂമിന്റെ ചരിത്ര പ്രസക്തി നമുക്ക് ബോധ്യപ്പെടുക. മഖ്‌ദൂമിന്റെ ആഹ്വാനം മുസ്‌ലിം ഉമ്മത്ത് അക്ഷരം പ്രതി അനുസരിച്ചു. വിവാഹവേദിയില്‍ നിന്ന് പടയങ്കിയണിഞ്ഞ് പറങ്കികളോട് ഏറ്റുമുട്ടാന്‍പോയ കുഞ്ഞാലിമരക്കാര്‍ മഖ്‌ദൂമിന്റെ ശിഷ്യനായിരുന്നു. പറങ്കികള്‍ തട്ടിക്കൊണ്ടുപോവുകയായിരുന്ന ഒരു കന്യകയെ നടുക്കടലില്‍ നിന്ന് രക്ഷപ്പെടുത്തി നിരവധി പറങ്കികളെ വധിച്ചു. ഒടുവിലദ്ദേഹം വീരമൃത്യുവരിച്ചു. തന്റെ മൃതദേഹം പറങ്കിപ്പട അംഗഛേദം ചെയ്‌തു കടലിലെറിഞ്ഞു. പിന്നീടങ്ങോട്ട് ഒടുങ്ങാത്ത പറങ്കി മുസ്‌ലിം പോരാട്ടം തന്നെയായിരുന്നു. മുസ്‌ലിംകളുടെ ജീവിതത്തിനും വിശ്വാസത്തിനും ഭീഷണിയായ പറങ്കികള്‍ക്കെതിരെ ഒരു നൂറ്റാണ്ടു നീണ്ട കടല്‍ യുദ്ധം നയിച്ച കുഞ്ഞാലിമരക്കാര്‍മാരുടെ യഥാര്‍ത്ഥ പ്രചോദനവും മഖ്‌ദൂം കബീര്‍ തന്നെയായിരുന്നു. സാമൂതിരിയുമായി മരക്കാര്‍മാരെ ബന്ധിപ്പിക്കുന്നത് അദ്ദേഹമാണ്. കുഞ്ഞാലി മരക്കാര്‍ മഖ്‌ദൂമിനെ ആത്മീയ നേതാവായിട്ടാണ് കണ്ടത്.
ആദ്യാത്മിക വിജ്ഞാനത്തില്‍ സാധാരണക്കാരായ കേരള മുസ്‌ലിംകള്‍ക്ക് ദിശ നിര്‍ണ്ണയിക്കാന്‍ മഖ്‌ദൂം കബീര്‍ `അദ്‌കിയ' എന്ന പദ്യകൃതി രചിച്ചു. പില്‍ക്കാലത്ത് തസവുഫിന്റെ ഉയര്‍ന്ന വിതാനത്തിലെത്തിയ പലര്‍ക്കും ഈ കാവ്യം വഴികാട്ടിയിട്ടുണ്ട്.
കേവലമായ ഒരു അധിനിവേശ വിരുദ്ധ പോരാട്ടമല്ല; ശക്തമായ ആത്മീയ അടിത്തറയില്‍ അധിഷ്‌ഠിതമായിട്ടായിരുന്നു അദ്ദേഹം നയിച്ച ധര്‍മ്മ സമരം. അതുകൊണ്ടുതന്നെ മലബാറിന്റെ സാംസ്‌കാരിക തനിമയില്‍ വിള്ളല്‍ വീഴ്‌ത്താന്‍ പറങ്കി കടല്‍ ചെകുത്താന്‍മാര്‍ക്കായില്ല. ഇതിന്റെ മറുവശത്ത് ഗോവന്‍ തീരങ്ങള്‍ നാം കാണുന്നു. അവിടെ നിലനിന്നിരുന്ന സംസ്‌ക്കാരവും ഭാഷയും പോലും അധിനിവേശത്തിന്റെ കിരാതവാഴ്‌ചയ്‌ക്കു കീഴില്‍ ഞെരിഞ്ഞമര്‍ന്നു. മലബാറാവട്ടെ പോര്‍ച്ചുഗീസ് വിരുദ്ധ പോരാട്ടങ്ങള്‍ അറബിയിലും അറബി മലയാളത്തിലുമായി തുല്യതയില്ലാത്ത ഒട്ടേറെ പദ്യഗദ്യ കൃതികളുടെ രചനയ്‌ക്ക് വഴിവെച്ചു. അധിനിവേശം അതിന്റെ രൂപവും ഭാവവും മാറി പ്രത്യക്ഷപ്പെടുന്ന വര്‍ത്തമാനകാലത്തുപോലും നമ്മുടെ ദിശ നിര്‍ണ്ണയിക്കാന്‍ കരുത്തുള്ളവയാണ് `തഹ്‌രീള്' മുതലങ്ങോട്ടുള്ള അധിനിവേശവിരുദ്ധ സാഹിത്യങ്ങള്‍.
ശൈഖ് സൈനുദ്ദീന്‍ മഖ്‌ദൂം രണ്ടാമനാണ് പോര്‍ച്ചുഗീസ് വിരുദ്ധ പോരാട്ടങ്ങള്‍ക്ക് ആശയബലം നല്‍കിയ മറ്റൊരു പരിഷ്‌ക്കര്‍ത്താവ്.
ഒന്നാം മഖ്‌ദൂമിന്റെ മൂന്നാമത്തെ പുത്രനായ ശൈഖ് മുഹമ്മദുല്‍ ഗസ്സാലിയുടെ പുത്രനാണ് മഖ്‌ദൂം രണ്ടാമന്‍. അദ്ദേഹം പൊന്നാനിയിലെ പഠനത്തിനുശേഷം മക്കയിലേക്കുപോയി. തിരിച്ചുവരുമ്പോള്‍ പോര്‍ച്ചുഗീസ് അതിക്രമങ്ങള്‍ അതിന്റെ പാരമ്യതയിലെത്തിയ സന്ദര്‍ഭമായിരുന്നു. പണ്‌ഡിത ധര്‍മ്മം നിര്‍വ്വഹിക്കാന്‍ നിശ്ചയിച്ച മഖ്‌ദൂം സമൂഹത്തെ പറങ്കിവിരുദ്ധ പോരാട്ടത്തിലേക്ക് പ്രചോദിപ്പിക്കാനായി രചിച്ച കൃതിയാണ് `തുഹ്‌ഫതുല്‍ മുജാഹിദീന്‍'. അടിസ്ഥാനപരമായി `തഹ്‌രീളു'പോലെത്തന്നെ അക്രമത്തിനും നീതിനിഷേധത്തിനുമെതിരെയുള്ള പ്രതിരോധാത്മക സമരത്തിന് ആശയക്കരുത്തു പകരുന്നതാണ് `തുഹ്‌ഫതുല്‍ മുജാഹിദീനും'. കേരളത്തില്‍ അറിയപ്പെട്ട ഒന്നാമത്തെ ആധികാരിക ചരിത്രകൃതികൂടിയാണ് `തുഹ്‌ഫ'. ഒരു സമൂഹത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന് ചരിത്രത്തിന്റെ പിന്തുണയും പിന്‍ബലവും അനിവാര്യമാണെന്നു ശൈഖ് മഖ്‌ദൂം തിരിച്ചറിഞ്ഞിരിക്കണം.
നിലവിലുള്ള ഭരണ വ്യവസ്ഥകളോടും സംവിധാനങ്ങളോടും പൂര്‍ണമായും ചേര്‍ന്നുനിന്നുകൊണ്ടാണ് `തുഹ്‌ഫ' രചിക്കപ്പെട്ടത്. കൃതി സമര്‍പ്പിക്കുന്നതു തന്നെ ഇന്ത്യയിലെ അക്കാലത്തെ പ്രമുഖ ഭരണാധികാരിയായിരുന്ന ബീജാപൂര്‍ സുല്‍ത്താനാണ്. സുല്‍ത്താന്റെ സഹായം മലബാര്‍ മുസ്‌ലിംകള്‍ക്കുണ്ടാവണമെന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.
കോഴിക്കോട്ടെ പ്രമുഖ പണ്ഡിതനും സൂഫീവര്യനുമായിരുന്ന ഖാളി മുഹമ്മദ് ബ്‌നു അബ്‌ദില്‍ അസീസ് (റ) വാണ് മുസ്‌ലിം മുന്നേറ്റത്തിന് കരുത്തുപകര്‍ന്ന മറ്റൊരു മഹാന്‍. അഞ്ഞൂറോളം കൃതികള്‍ പദ്യവും ഗദ്യവുമായി അദ്ദേഹം രചിച്ചിട്ടുണ്ട്.
കേരള മുസ്‌ലിംകളെ ആത്മീയ നിര്‍വൃതിയില്‍ കുടിയിരുത്തിയ `മുഹ്‌യിദ്ദീന്‍ മാല' എന്ന മഹാകാവ്യം ഖാളി മുഹമ്മദിന്റെ സൃഷ്‌ടിയാണ്. എ.സി. 1571-ല്‍ സാമൂതിരിയുടെ നായര്‍പടയും മുസ്‌ലിം പോരാളികളും ചേര്‍ന്ന് ചാലിയത്തെ പോര്‍ച്ചുഗീസ് കോട്ട പിടിച്ച സംഭവത്തെ അടിസ്ഥാനമാക്കിയാണീ കാവ്യം രചിക്കുന്നത്. സമരക്കളത്തില്‍ വാളെടുത്തു പോരാടിയ മഹാനാണ് ഖാളി മുഹമ്മദ്(റ).
കേരള മുസ്‌ലിം നവോത്ഥാനത്തിന്റെ മറ്റൊരു ചാലക ശക്തിയായി വര്‍ത്തിച്ചത് കോഴിക്കോട് കേന്ദ്രീകരിച്ച് മതപ്രബോധനം നിര്‍വ്വഹിച്ച ജിഫ്രി തങ്ങന്മാരായിരുന്നു. ഖാദിരി ത്വരീഖത്തിന്റെ ശൈഖായിരുന്നു പ്രവാചകരുടെ സന്താനപരമ്പരയില്‍പ്പെട്ട ജിഫ്രി(റ). യമനിലെ ഹളര്‍മൗത്താണ് ജിഫ്രി തങ്ങന്മാരുടെയും നാട്. മഖ്‌ദൂം കുടുംബവുമായി ജിഫ്രി കുടുംബത്തിന് വൈവാഹിബന്ധവും ഉണ്ടായിരുന്നു. ജിഫ്രി കുടുംബത്തിന്റെ നവോത്ഥാന യജ്ഞങ്ങളെ പിന്തുടര്‍ന്ന് സമൂഹത്തെ സമുദ്ധരിക്കുന്നതില്‍ നേതൃത്വം നല്‍കിയ മഹാനാണ് യമനില്‍ ബാഅലവി കുടുംബത്തില്‍ നിന്നും ആദ്യം കോഴിക്കോടും പിന്നീട് മമ്പുറത്തുമെത്തിയ സയ്യിദ് അലവി തങ്ങള്‍ (റ). മലബാറില്‍ പോര്‍ച്ചിഗീസുകാരുടെ യുഗം അവസാനിക്കുകയും ബ്രിട്ടീഷുകാര്‍ വ്യാപകമായി മര്‍ദ്ദനം നടത്തുകയും ചെയ്യുന്ന ഘട്ടത്തിലാണ് തങ്ങളുടെ ആഗമനം. മമ്പുറത്തു മാത്രമല്ല ഏറനാട്, വെള്ളുവനാട് താലൂക്കുകളില്‍ പരന്നുകിടക്കുന്നതായിരുന്നു മമ്പുറം തങ്ങളുടെ പരിഷ്‌ക്കരണ യത്‌നങ്ങള്‍. വിവിധ സ്ഥലങ്ങളില്‍ പള്ളികള്‍ സ്ഥാപിച്ചും ജനങ്ങളെ തെറ്റായ വിശ്വാസങ്ങളില്‍ നിന്നും ആചാരങ്ങളില്‍ നിന്നും പിന്തിരിപ്പിച്ചും മമ്പുറം തങ്ങള്‍ തന്റെ കാലത്തെ ഏറ്റവും സ്വാധീനമുള്ള നേതൃത്വമായി വളര്‍ന്നിരുന്നു. ആത്മീയമായ ശുദ്ധീകരണത്തിലൂടെ ധാരാളം ശിഷ്യഗണങ്ങളെ അദ്ദേഹം സമ്പാദിച്ചു. ഖുതുബുസ്സമാന്‍ എന്ന അപരനാമത്തിലാണ് അദ്ദേഹം അറിയപ്പെട്ടത്.
ബ്രിട്ടീഷ്‌തേര്‍വാഴ്‌ചക്ക് എതിരെ മുസ്‌ലിംകളെ സമര സജ്ജരാക്കിക്കൊണ്ട് മമ്പുറം തങ്ങള്‍ എഴുതി മഹല്ലുകള്‍ തോറും വിതരണം ചെയ്യപ്പെട്ട കൃതിയായരുന്നു `സൈഫുല്‍ബത്താര്‍ അലാമന്‍ യുവാലില്‍ കുഫ്‌ഫാര്‍'. അധിനിവേശത്തിനെതിരെ മുസ്‌ലിം സമൂഹം എടുക്കേണ്ട ശരിയായ നിലപാട് വ്യക്തമാക്കുകയാണീ കൃതി.
ശരിയായ ഹിന്ദു മുസ്‌ലിം ഐക്യത്തിന്റെ വക്താവായിരുന്നു മമ്പുറം തങ്ങള്‍. തികച്ചും പക്വതയാര്‍ന്ന തീരുമാനങ്ങളെ തങ്ങള്‍ കൈകൊണ്ടിട്ടുള്ളൂ. ഇന്ത്യയില്‍ ബ്രിട്ടീഷുകാര്‍ സ്വീകരിച്ച `ഭിന്നിപ്പിച്ചു ഭരിക്കല്‍' തന്ത്രം ഏറ്റവും കൂടുതല്‍ നഷ്‌ടം വരുത്തിയ നാടുകളിലൊന്നാണ് മലബാര്‍. ജന്മിമാരെ മുസ്‌ലിം കുടിയാന്മാര്‍ക്കെതിരെ തിരിച്ചുവിടുകയും നീണ്ടകാലത്തെ സംഘട്ടനങ്ങള്‍ക്ക് വഴിവെക്കുകയും ചെയ്‌ത കുതന്ത്രം തിരിച്ചറിയണമെന്ന് തങ്ങള്‍ ഇന്ത്യക്കാരോട് ആഹ്വാനം ചെയ്‌തു. മുട്ടിയാറ സംഘട്ടനത്തില്‍ ഒട്ടേറെ മുസ്‌ലിം പ്രമുഖര്‍ കൊല്ലപ്പെടുകയുണ്ടായി. ഇതിന്റെ കാരണക്കാര്‍ യഥാര്‍ത്ഥത്തില്‍ ബ്രിട്ടീഷുകാരായിരുന്നു. അതിനാല്‍ അവരോട് സന്ധിയില്ലാ സമരം നടത്തല്‍ അനിവാര്യമാണെന്ന സന്ദേശമാണ് `സൈഫുല്‍ ബത്താര്‍' നല്‍കിയത്.
ഗാന്ധിജി നിസ്സഹകരണം എന്ന ആശയം മുന്നോട്ടുവെക്കുന്നതിനും എത്രയോ മുമ്പ് `സൈഫുല്‍ ബത്താറി'ലൂടെ ബ്രിട്ടീഷുകാരോട് നിസ്സഹകരിക്കേണ്ടതിന്റെ ആവശ്യകത തങ്ങള്‍ നല്‍കി.
മമ്പുറം തങ്ങളുടെ പുത്രന്‍ സയ്യിദ് ഫസല്‍ പൂക്കോയ തങ്ങള്‍ എഴുതി പ്രസിദ്ധീകരിച്ച `ഉദ്ദത്ത്' എന്ന കൃതിയും പരിഷ്‌കരണ സംരഭങ്ങള്‍ക്ക് ആഹ്വാനം നല്‍കിയ കൃതിയാണ്. ബ്രിട്ടീഷ് സര്‍ക്കാര്‍ ഈ കൃതി നിരോധിക്കുകയും അതിന്റെ പേരില്‍ തന്നെ അദ്ദേഹത്തിന് സ്വദേശം വിടേണ്ടി വരികയും വന്നു.
മമ്പുറം തങ്ങളുടെ സമകാലികനും ആത്മീയ ശിഷ്യനുമായ വെളിയങ്കോട് ഉമര്‍ഖാസി(റ) വാണ് മറ്റൊരു നവോത്ഥാന നായകന്‍. നികുതി നിഷേധമടക്കമുള്ള ധീരമായ സമരമുറകളിലൂടെ ബ്രിട്ടീഷ് ഭരണത്തിന്റെ ക്രൂരതകളോട് പ്രതികാരം ചോദിച്ച ധീരനായ ദേശാഭിമാനിയായിരുന്നു ഉമര്‍ ഖാസി (റ).
`മുഹിമ്മാത്തുല്‍ മുഅ്‌മിനീ' ന്റെ കര്‍ത്താവ് താനൂര്‍ ഖിലാഫത്ത് കമ്മിറ്റി സെക്രട്ടറിയായിരുന്ന ആമിനുമ്മാന്റകത്ത് പരീക്കുട്ടി മുസ്‌ലിയാര്‍ അവര്‍കള്‍ ഈ ഗണത്തില്‍ അവസാനം വരുന്നയാളാണ്.
മഖ്‌ദൂം ഒന്നാമന്‍ മുതല്‍ അധിനിവേശത്തിനും പാരതന്ത്ര്യത്തിനുമെതിരെ പോരാടിയ ഖിലാഫത്തു സമര നേതാക്കള്‍ വരെയുള്ള സാദാത്തുക്കളും പണ്ഡിതരും തന്നെയാണ് കഴിഞ്ഞ കാലത്തിന്റെ ഗതി നിര്‍ണ്ണയിച്ചതും സവിശേഷമായ ഒരു സമൂഹമായി വളരാന്‍ നമ്മെ പ്രാപ്‌തരാക്കിയതും. അധിനിവേശം കടന്നു ചെന്നിടത്തൊക്കെ അവരുടെ ഭാഷയും സംസ്‌കാരവും സമൂഹത്തെ അടിമുടി മാറ്റിയപ്പോഴും മലയാളി മുസ്‌ലിം മനസ്സില്‍ പാരമ്പര്യത്തിന്റെ കണ്ണികള്‍ വിടാതെ പിന്തുടരാനുള്ള കരുത്ത് പകര്‍ന്നത് ഇവര്‍ ഉണ്ടാക്കിയെടുത്ത അവബോധമാണ്. ആത്മീയമായ ഒരു ഉറച്ച അടിത്തറയില്‍ സമുദായത്തെ ഒന്നടങ്കം കോര്‍ക്കാനായത് അസ്‌തിത്വം സംരക്ഷിക്കുന്നതില്‍ വലിയ നേട്ടമായി. കര്‍മശാസ്‌ത്ര രംഗത്ത് ശാഫീ മദ്‌ഹബില്‍ സമുദായത്തെ ഒന്നിപ്പിക്കാനായതും മുസ്‌ലിം ഐക്യത്തിലെ ഒരു നാഴികക്കല്ലായി. വിവിധ മദ്‌ഹബു വീക്ഷണം മുതല്‍ ശിആ ആഭിമുഖ്യം വരെയുള്ള നേതാക്കള്‍ ഇവിടെ കഴിഞ്ഞുപോയിട്ടുണ്ട്. എന്നാല്‍ മഖ്‌ദൂമുമാര്‍ പൊന്നാനിയിലൂടെ വളര്‍ത്തിയെടുത്ത മഹത്തായ കര്‍മശാസ്‌ത്ര പാരമ്പര്യം തുല്യതയില്ലാത്തതാണ്. സൈനുദ്ദീന്‍ മഖ്‌ദൂം രണ്ടാമന്‍(റ) രചിച്ച `ഫത്‌ഹുല്‍ മുഈന്‍' എന്ന കര്‍മശാസ്‌ത്ര കൃതിഭൂവന പ്രശസ്‌തമാണ്. അല്‍ അസ്‌ഹറില്‍ വരെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ മാത്രം സമഗ്രമാണത്. ലോകപ്രശസ്‌ത പണ്ഡിതരാണ് അതിന് വ്യാഖ്യാനമെഴുതിയിട്ടുള്ളത്. മദ്‌ഹബു നിഷേധമെന്ന പ്രതിലോമ നവോത്ഥാനം ഉടലെടുക്കുന്നതുവരെ കേരള മുസ്‌ലിംകളുടെ കര്‍മജീവിതത്തിന്റെ അവസാന വാക്കായിരുന്നു ഈ കൃതി. കര്‍മശാസ്‌ത്രത്തെ വരണ്ടുണങ്ങിയ വിഷയമായി ചിത്രീകരിക്കുന്നവര്‍ക്ക് കര്‍മമണ്‌ഡലത്തില്‍ അതുണ്ടാക്കിയ ഏകതയുടെ വില മനസ്സിലാവില്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു വ്യത്യസ്‌തമായി നിത്യജീവിതത്തില്‍ മതത്തിന്റെ ഇടപെടല്‍ കേരളീയ സമൂഹത്തില്‍ കണിശമായി ഇപ്പോഴും തുടരുന്നതും ചിന്താപരമായ വളര്‍ച്ചയെ ബാധിച്ചിട്ടുണ്ടെങ്കിലും കര്‍മശാസ്‌ത്ര സംബന്ധമായ ചര്‍ച്ചകളും സംവാദങ്ങളും സജീവത നിലനിര്‍ത്തുന്നതും ചെറിയ കാര്യമല്ല. ഫിഖ്‌ഹ് മതത്തിന്റെ അവസാന വാക്കല്ല എന്നു വാദിക്കാം. പക്ഷേ, കഴിഞ്ഞ കാലത്ത് ഇസ്‌ലാമിക ലോകത്ത് ഏറ്റവും വലിയ ഗവേഷണങ്ങളും ചര്‍ച്ചകളും ഗ്രന്ഥരചനയും നടന്നത് ഈ രംഗത്താണ്. ആധുനിക നവോത്ഥാന വാദികളാണ് കര്‍മശാസ്‌ത്രത്തിന്റെ ആധികാരികതയെ ആദ്യം ചോദ്യം ചെയ്‌തത്. പിന്നെ വ്യാജ ത്വരീഖത്തുകളും. വിവിധ ത്വരീഖത്തുകളുടെ ശൈഖുമാരായിരുന്ന നടേ പരാമര്‍ശിച്ച മഹത്തുക്കളൊക്കെ ജനങ്ങളെ കര്‍മശാസ്‌ത്രസംബന്ധമായ ഒരു പശ്ചാത്തലത്തിലാണ് വളര്‍ത്തിയത്. കര്‍മശാസ്‌ത്ര ഗ്രന്ഥരചനയ്‌ക്ക് അവര്‍ വലിയ പ്രാധാന്യം നല്‍കുകയും ചെയ്‌തു.
ആധുനികതയുടെ ജീര്‍ണതകള്‍
കേരള മുസ്‌ലിം ചരിത്രത്തെ രണ്ടായി കാണണം. ഒന്ന് അധിനിവേശ വിരുദ്ധ പോരാട്ട കാലത്തേത്. മറ്റൊന്ന് ആധുനികത അതിന്റെ സര്‍വ്വ ജീര്‍ണതകളോടെയും അവരെ ആവേശിച്ച കാലത്തേത്.
നീണ്ട കാലത്തെ പോരാട്ട പാരമ്പര്യത്തില്‍ നിന്ന് മുസ്‌ലിംകള്‍ക്ക് സ്വന്തമായ ഒരു ഭാഷ, വേഷം, സംസ്‌കാരം, ജീവിതരീതി എന്നിവ രൂപപ്പെടുത്തിയെടുക്കാനായിരുന്നു. വിശ്വാസത്തിലെ ആര്‍ജ്ജവമാണ് അവരുടെ ഏറ്റവും വലിയ സവിശേഷതയായി വര്‍ത്തിച്ചത്. ഏതെല്ലാം തരത്തിലുള്ള ഇടപെടലുകള്‍ ഉണ്ടായിട്ടും തങ്ങളുടെ അസ്‌തിത്വം വലിയ പരിക്കുകള്‍ കൂടാതെ സംരക്ഷിക്കാന്‍ പോരാട്ട കാലത്ത് മുസ്‌ലിം സമുദായത്തിനായിരുന്നു. അവര്‍ക്ക് ദിശാബോധം നല്‍കിയ നേതൃത്വം പക്വവും ആത്മീയ ചൈതന്യങ്ങളാല്‍ പ്രചോദിതവുമായിരുന്നുവെന്നതാണ് ഈ നേട്ടത്തിനു കാരണം. ബ്രിട്ടീഷ് കാലഘട്ടത്തില്‍ പ്രത്യേകിച്ച് മമ്പുറം തങ്ങന്മാരുടെ കാലത്തിനുശേഷം മലബാറില്‍ സമ്പന്നരായ മുസ്‌ലിം ജന്മിമാരെയും ഉദ്യോഗസ്ഥന്മാരെയും ഇംഗ്ലീഷ് സര്‍ക്കാര്‍ വളര്‍ത്തിയെടുത്തിരുന്നു. മുള്ളുകൊണ്ട് മുള്ളെടുക്കുക എന്ന തന്ത്രമായിരുന്നു അവര്‍ പ്രയോഗിച്ചത്. മലബാര്‍ കലാപങ്ങളുടെ വിവിധ ഘട്ടങ്ങളില്‍ ഹിന്ദു ജന്മിമാര്‍ക്കൊപ്പം മുസ്‌ലിം പ്രഭുക്കള്‍ക്കുനേരെയും പലയിടങ്ങളിലും ആക്രമണമുണ്ടായി എന്ന് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മുസ്‌ലിംകളില്‍ ഒരു വിഭാഗത്തെ സാമ്രാജ്യത്വ ശക്തികള്‍ തങ്ങളുടെ ചട്ടുകങ്ങളാക്കി ഉപയോഗിച്ചുവെന്നതു പരക്കെ അംഗീകരിക്കപ്പെട്ട വസ്‌തുതയാണ്. പുരോഗമനവാദികള്‍ പലപ്പോഴും ഉയര്‍ത്തിക്കാട്ടാറുള്ള മക്തിതങ്ങള്‍ ബ്രിട്ടീഷ് അനുകൂല നിലപാടെടുത്ത പണ്ഡിതനായിരുന്നു.
നിരപരാധികള്‍ ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നതിനെതിരെ പണ്ഡിതന്മാര്‍ രംഗത്തു വന്നിട്ടുണ്ടെന്നത് മറ്റൊരു വസ്‌തുതയാണ്. പലപ്പോഴും സമരങ്ങള്‍ വഴിമാറിയപ്പോള്‍ സര്‍ക്കാറിനെ അനുകൂലിക്കുന്ന നിലപാടും ഉണ്ടായിട്ടുണ്ട്. ദേശീയ പ്രസ്ഥാനങ്ങളില്‍ നിന്നുപോലും ഇത്തരം നീക്കമുണ്ടായിട്ടുണ്ട്. ബ്രീട്ടീഷ് മേല്‍ക്കോയ്‌മയില്‍ സര്‍ക്കാര്‍ സ്ഥാപിക്കാന്‍ കോണ്‍ഗ്രസ്‌പോലും തയ്യാറായ സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ടല്ലോ.
1921 ലെ മലബാര്‍ കലാപത്തിനുശേഷം മലബാറില്‍ നിന്നു തിരുവിതാംകൂറിലേക്കു പലായനം ചെയ്‌ത ചില മതപണ്ഡിതന്മാര്‍ സമ്പന്നരായ ചില മുസ്‌ലിം കുടുംബങ്ങളുടെ തണലിലാണ് അഭയം തേടിയത്. തികച്ചും ഭൗതിക താല്‍പര്യങ്ങളാണ് കൊടുങ്ങല്ലൂര്‍ പ്രസ്ഥാനമെന്ന `ഐക്യ സംഘ'ത്തിന്റെ രൂപീകരണത്തിന് പ്രചോദനമായത്. സമ്പന്നരായ മുസ്‌ലിം കുടുംബങ്ങള്‍ക്കിടയില്‍ നിലനിന്നിരുന്ന അനൈക്യവും തര്‍ക്കങ്ങളും പറഞ്ഞു തീര്‍ക്കുകയായിരുന്നു ഇതിന്റെ ലക്ഷ്യം. തര്‍ക്കങ്ങള്‍ മിക്കവാറും സാമ്പത്തികമായിരുന്നുവെന്നത് പ്രത്യേകം ശ്രദ്ധേയമാണ്. ഇതേ പ്രവാസകാലത്താണ് വഹാബി ആശയങ്ങളുമായി ഇവര്‍ ബന്ധം സ്ഥാപിക്കുന്നത്.
മുസ്‌ലിം സമുദായത്തിലെ അന്ധവിശ്വാസങ്ങളും അനാചാരങ്ങളുമാണ് സമരവീര്യത്തിനു കരുത്തുപകരുന്നതെന്നു ഇവര്‍ പ്രചരിപ്പിക്കുന്നത് ഇതിനെ തുടര്‍ന്നാണ്. മുസ്‌ലിം സമൂഹത്തില്‍ നിലനില്‍ക്കുന്ന ആത്മീയ ചൈതന്യങ്ങളുടെ ഉറവിടങ്ങള്‍ അധിനിവേശ ശക്തികള്‍ എക്കാലവും ഭയപ്പെട്ടിരുന്നതാണ്. `മന്‍കൂസ് മൗലീദ്' ഓതിയും `മുഹ്‌യിദ്ദീന്‍ റാതീബ്' ചൊല്ലിയുമാണ് ജന്മിമാര്‍ക്കും ഭരണകൂടത്തിനുമെതിരായ എല്ലാ സമരങ്ങള്‍ക്കും മുസ്‌ലിംകള്‍ പുറപ്പെട്ടിരുന്നത്. മമ്പുറം തങ്ങള്‍ ഒരു അദൃശ്യ ശക്തിയായി മുസ്‌ലിം മനസ്സുകളില്‍ പ്രകമ്പനം സൃഷ്‌ടിച്ചിരുന്നു.
മലബാര്‍ കലാപത്തില്‍ ചില ഗുരുതരമായ വീഴ്‌ചകള്‍ ഉണ്ടായിട്ടുണ്ടെന്നതു വാസ്‌തവമാണ്. എന്നാല്‍ കലാപത്തിന്റെ ശരിയായ പ്രചോദനങ്ങള്‍ ഒരിക്കലും നിരാകരിക്കപ്പെടാവുന്ന മതവ്യാഖ്യാനങ്ങള്‍ കണ്ടെത്താനാവില്ല. അതിനുമുമ്പ് നടന്ന സര്‍വകലാപങ്ങള്‍ക്കും നേതൃത്വം നല്‍കിയത് മതപണ്ഡിതരും ആത്മീയ നേതാക്കളുമായിരുന്നു.
മുസ്‌ലിംകളുടെ ആത്മീയ ശക്തി തകര്‍ക്കുകയെന്നത് ബ്രിട്ടീഷുകാരുടെ എക്കാലത്തെയും വലിയ ലക്ഷ്യമായിരുന്നു. അന്ധവിശ്വാസവും അനാചാരവും അവര്‍ മുസ്‌ലിംകളുടെ പേരില്‍ ആരോപിച്ചതാണെന്ന് സായിപ്പ് എഴുതിയ ചരിത്രങ്ങളിലൊക്കെ കാണാനാവും.
ആധുനികതയോടുള്ള ആര്‍ത്തിയില്‍ കൊടുങ്ങല്ലൂര്‍ പ്രസ്ഥാനക്കാര്‍ രൂപപ്പെടുത്തിയെടുത്ത ആശയങ്ങളില്‍ ഏറ്റവും പ്രധാനം ഇവയായിരുന്നു.
മുസ്‌ലിംകളില്‍ ആധുനിക വിദ്യാഭ്യാസം വളര്‍ത്തുക വഴി അവരില്‍ വ്യാപകമായ ജീര്‍ണതകള്‍ ഇല്ലായ്‌മ ചെയ്യുക. വഹാബീ ആശയങ്ങള്‍ ഇതിനവര്‍ക്ക് പ്രചോദനമായി എന്നുമാത്രം. തങ്ങള്‍ വന്നവഴിയും തങ്ങളുടെ ചിന്തയെ രൂപപ്പെടുത്തിയ ജ്ഞാനപരിസരവും പശ്ചാത്തലവും തള്ളിപ്പറഞ്ഞുകൊണ്ടാണ് അവര്‍ ആശയവ്യതിരിക്തത വരുത്തിയത്. ഇരുപതാം നൂറ്റാണ്ടിന്റെ മുമ്പുള്ള സകല നവോത്ഥാന പാരമ്പര്യങ്ങളും അക്കൂട്ടര്‍ തമസ്‌ക്കരിക്കുകയായിരുന്നു.
ശരിയായ ഇസ്‌ലാമിക പാരമ്പര്യത്തിനു പ്രചോദനമായ നവോത്ഥാന നായകരെ തള്ളിപ്പറഞ്ഞുകൊണ്ടാണ് ആധുനികതയുടെ വക്താക്കള്‍ ജനങ്ങള്‍ക്കിടയില്‍ പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ആശയാടിത്തറ രൂപപ്പെടുത്തുന്ന തിരക്കില്‍ മുറിഞ്ഞുപോയ വേരുകളെകുറിച്ച് ഇവര്‍ക്ക് വ്യാകുലതയും വേവലാതിയുമുണ്ടായിരുന്നില്ല. സൈനുദ്ദീന്‍ മഖ്‌ദൂം(റ), മമ്പുറം തങ്ങള്‍(റ), ഉമര്‍ഖാളി(റ) തുടങ്ങിയവരെ മാത്രമല്ല; മുസ്‌ലിം സമൂഹത്തിനിടയില്‍ ആഗോളതലത്തില്‍ സ്വീകാര്യരായ പരിഷ്‌കര്‍ത്താക്കളെപോലും പുതിയ നവോത്ഥാനത്തിന്റെ അവകാശികള്‍ നിഷ്‌കരുണം ആക്രമിക്കുകയുണ്ടായി.
ശൈഖ് അബ്‌ദുല്‍ഖാദിര്‍ ജീലാനി(റ)വിനെ ശങ്കരാചാര്യരോട് ഉപമിക്കുകയും മുഹ്‌യദ്ദീന്‍മാലയോടുള്ള വിരോധം കാരണം ശൈഖ് അവര്‍കളെ പൊതുവേദിയില്‍ പരിഹസിക്കുകയും ചെയ്യുന്ന അപകടം അക്കാലത്തുണ്ടായിരുന്നു. വഹാബി പ്രഭാഷകനായിരുന്ന കൂട്ടായി അബ്‌ദുല്ല ഹാജിയുടെ പ്രസംഗത്തിലെ ഇത്തരമൊരു അനുഭവം പ്രമുഖ ജമാഅത്ത് പണ്ഡിതന്‍ കെ.എന്‍. അബ്‌ദുല്ല മൗലവി ഓര്‍മിക്കുന്നുണ്ട്(പ്രബോധനം 2006 ജനു. 28).
തങ്ങള്‍ മുസ്‌ലിംകള്‍ക്കുമേല്‍ ആരോപിച്ച യാഥാസ്‌ത്‌കികത്വത്തോടും അനാചാരങ്ങളോടുമുള്ള വിദ്വേഷം കാരണം മഹത്തായ മതപാരമ്പര്യങ്ങളെ അപ്പാടെ നിഷേധിക്കുന്നതിലേക്ക് ആദ്യഘട്ടത്തില്‍ പുരോഗമന തീവ്രത വികാസം പ്രാപിച്ചിരുന്നു. രണ്ടാംതലമുറ ഇതൊക്കെ ശരിയായ മതമായിത്തന്നെ തെറ്റിദ്ധരിക്കുകകൂടി ചെയ്‌തതോടെ ആധുനികതയുടെ ജീര്‍ണത നവോത്ഥാന പ്രസ്ഥാനങ്ങളില്‍ പൂര്‍ണാധിപത്യം നേടുകയായിരുന്നു. സമ്പന്നതയോട് ഒട്ടിനിന്ന ഇവരുടെ പരിഷ്‌കരണത്തിന്റെ ആദ്യകാല പ്രവര്‍ത്തനങ്ങളില്‍ പ്രധാനപ്പെട്ടത് പലിശയെ ന്യായീകരിച്ചുകൊണ്ടുള്ളതായിരുന്നു. `ഹീലത്തുരിബാ' എന്നപേരില്‍ പ്രമാദമായ ഒരു വിഷയം പുരോഗമന പ്രസ്ഥാനക്കാരുടെ ആദ്യതലമുറയില്‍ ഉണ്ടായിരുന്നു. കെ.എം. മൗലവി അക്കാലത്ത് ബാങ്ക് പലിശയെ ന്യായീകരിച്ചുകൊണ്ട് `രിസാലതുന്‍ഫില്‍ബങ്ക്' എന്ന ഒരു കൃതി തന്നെ രചിച്ചു.
ഒരേസമയം വഹാബിസമെന്ന യാഥാസ്‌തികത്വത്തെ സ്വീകരിക്കുകയും ആധുനികതയെ പ്രയോഗവത്‌കരിക്കുകയുമാണ് അക്കാലത്ത് കേരളത്തിലെ പരിഷ്‌കരണ വാദികള്‍ ചെയ്‌തത്.
ആധുനിക നവോത്ഥാനം മനുഷ്യകേന്ദ്രീകൃതമായ ചിന്തയും ശാസ്‌ത്രവും ജീവിത വീക്ഷണവുമാണ് മുന്നോട്ടുവെക്കുന്നത്. പാശ്ചാത്യന്റെ കണ്ണില്‍ കേന്ദ്ര ബിന്ദുവായിട്ടുള്ളത് എന്നും മനുഷ്യന്‍ മാത്രമാണ്. `മനുഷ്യന്‍' പ്രധാനമാകുമ്പോള്‍ സ്വാഭാവികമായും മനുഷ്യന്റെ യുക്തിയാണ് സര്‍വ്വകാര്യങ്ങളുടെയും മാപിനിയായി വര്‍ത്തിക്കുക. ഗ്രീക്ക് തത്ത്വശാസ്‌ത്രത്തില്‍ നിന്ന് ഉത്ഭൂതമായ ആധുനിക യൂറോപ്യന്‍ മുന്നേറ്റം മനുഷ്യയുക്തിയെ ദൈവമായി പ്രതിഷ്‌ഠിക്കുകയായിരുന്നു. ആധുനികതയുടെ അളവുകോല്‍ വെച്ച് മതത്തെയും മതാചാരങ്ങളെയും സമീപിച്ച കേരളത്തിലെ ഉല്‍പതിഷ്‌ണുകള്‍ അറിഞ്ഞോ അറിയാതെയോ യുക്തിയുടെ കെണിയില്‍ അകപ്പെട്ടുപോവുകയും മതത്തിന്റെ സൗന്ദര്യാത്മകമായ മുഴുവന്‍ വശങ്ങളും നിരാകരിക്കുകയും ചെയ്‌തു. ചെരിപ്പിനൊപ്പിച്ച് കാല്‍ മുറിച്ചപ്പോള്‍ മതം വരണ്ടുണങ്ങിയ ഏതാനും അക്ഷരക്കൂട്ടമായി മാറുകയാണുണ്ടായത്.
ആത്മീയതയുടെ വിതാനത്തിലേക്ക് മനുഷ്യനെ കൈപ്പിടിച്ചുയര്‍ത്തുന്ന സര്‍വ്വവും അനാചാരവും അന്ധവിശ്വാസവുമാകുന്നത് അങ്ങനെയാണ്. വിശുദ്ധ ഖുര്‍ആനിലും തിരുഹദീസുകളിലും മനുഷ്യയുക്തിക്കു നിരക്കാത്ത ആശയങ്ങള്‍ മുഴുവന്‍ ദുര്‍വ്യാഖ്യാനിക്കുന്ന സ്ഥിതിവിശേഷം വളര്‍ന്നുവന്നതും അങ്ങനെയാണ്. ഉല്‍പതിഷ്‌ണുപണ്ഡിതരില്‍ ഈ യുക്തിയുടെ സ്വാധീനം ഏറിയും കുറഞ്ഞും കാണാം. യുക്തിയുടെ സീമകള്‍ വിശാലമാക്കിയവരില്‍ പലരും പുരോഗമനത്തിന്റെ പേരില്‍ ഉല്‍പതിഷ്‌ണുക്കൂട്ടത്തില്‍ നിന്നുപോലും നിഷ്‌ക്കാസിതരായിട്ടുണ്ട്. സി.എന്‍. അഹ്‌മദ് മൗലവി ഇവരില്‍ ഒന്നാമനാണ്. ചേകനൂര്‍ മൗലവി പുരോഗമന യുക്തിവാദം മൂത്ത് മതത്തിന്റെ തന്നെ വേലിക്കെട്ടുകള്‍ ഭേദിക്കുമാറ് അപകടകരമായ അഭിപ്രായ പ്രകടനങ്ങള്‍ നടത്തിയയാളാണ്. ആധുനിക പരിഷ്‌കരണവാദികള്‍ക്ക് ഇത്തരക്കാര്‍ പോലും പലപ്പോഴും പൂജ്യരാവുന്നത് തങ്ങളുടെ ഉള്ളിന്റെയുള്ളില്‍ സൂക്ഷിച്ചുവെച്ചിട്ടുള്ള മതയുക്തിവാദത്തിന്റെ സ്വാധീനം കൊണ്ടാണ്.
ശരിയായ യുക്തി ഒരിക്കലും ഇസ്‌ലാമിക നിയമങ്ങള്‍ക്കും ആശയങ്ങള്‍ക്കും വിരുദ്ധമാകില്ലെന്നത് സത്യമാണ്. എന്നാല്‍ മനുഷ്യ കേന്ദ്രീകൃതമായ വ്യവസ്ഥയില്‍ നിന്ന് ഇസ്‌ലാമിനെ വ്യാഖ്യാനിക്കുന്നവര്‍ക്കൊക്കെ ബാധിച്ചിട്ടുള്ള മഹാരോഗമാണ് അമിതമായ ആത്മവിശ്വാസവും അതില്‍ നിന്നുണ്ടാകുന്ന അഹംഭാവവും. അതിന്റെ അനന്തര ഫലമായിരുന്നു അവര്‍ തങ്ങളുടെ ബുദ്ധിയെ വിധികര്‍ത്താക്കളാക്കി നിശ്ചയിച്ചുവെന്നത്. ഖവാരിജ്, മുഅ്‌തസില ചിന്താഗതി യുക്തിവാദത്തില്‍ നിന്നു പിറവികൊണ്ടതാണ്. ഈ ഗണത്തില്‍ ജീവിച്ചിരിക്കുന്ന ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് എ.അബ്‌ദുസ്സലാം സുല്ലമി. വഹാബി പ്രസ്ഥാനത്തിന് ആശയാടിത്തറ പണിയുന്നതില്‍ അദ്വിതീയമായ സ്ഥാനം വഹിച്ച ഹദീസ് ഗവേഷകനായിട്ടാണ് ഇദ്ദേഹം അറിയപ്പെടുന്നത്. അദ്ദേഹം ഏറ്റവും പുതിയ ഗവേഷണമനുസരിച്ച് ഇമാം ബുഖാരി പോലും ഉദ്ധരിച്ച സ്വഹീഹായ ഹദീസുകളില്‍ യുക്തിക്കുയോജിക്കാത്തവയെ കുറിച്ച് പുനരാലോചന ആവശ്യപ്പെടുന്നുണ്ട്. ഹദീസ് നിഷേധത്തിന്റെ അപകടം പിടിച്ച ഒരു ഇനമാണിത്.
ഖിയാമത്തിന്റെ അടയാളങ്ങളായി എണ്ണിയിട്ടുള്ള ദജ്ജാല്‍, യഅ്‌ജൂജ്-മഅ്‌ജൂജ് പടിഞ്ഞാറുനിന്നുള്ള സൂര്യോദയം എന്നിവയും സിഹ്‌റ്, മന്ത്രം, ഇസ്‌റാഅ്, മിഅ്‌റാജ്, തവസ്സുല്‍, ഇസ്‌തിഗാസ, മുഅ്‌ജിസത്ത്, കറാമത്ത്, ഖുതുബ പരിഭാഷ, സ്‌ത്രീ ജുമുഅ, ഖബ്‌ര്‍ സിയാറത്ത് തുടങ്ങി വഹാബികള്‍ കഴിഞ്ഞ കാലത്ത് വിവാദമാക്കിയ വിഷയങ്ങളുടെയൊക്കെ പിന്നില്‍ വികലമായ ഒരു യുക്തി ബോധത്തിന്റെയും അതിനെ തുടര്‍ന്നുള്ള വഴിതെറ്റിയ ഗവേഷണത്തിന്റെയും സ്വാധീനം കാണാനാവും.
ആധുനിക കാഴ്‌ചപ്പാടില്‍ മനുഷ്യന്‍ പരിണാമ സിദ്ധാന്തപ്രകാരം അതിജീവിച്ച അവസാന മൃഗമാണ്. വിശേഷ ബുദ്ധികൊണ്ട് പ്രകൃതിയെ അവന്‍ കീഴടക്കിയിട്ടുണ്ട്. ഇനിയൊരു ദൈവത്തിനു പ്രസക്തിയില്ലെന്നു അവന്‍ വിശ്വസിക്കുന്നത് അതിനാലാണ്. പുരോഗമനം തലക്കുപിടിച്ച ആധുനിക പരിഷ്‌കര്‍ത്താക്കള്‍ ഇതിനെ പുനര്‍വായന ചെയ്യുമ്പോള്‍ തങ്ങള്‍ക്ക് അനുസരിക്കാനും ബഹുമാനിക്കാനും വല്ല ശക്തിയുമുണ്ടെങ്കില്‍ അത് പരമാവധി സ്രഷ്‌ടാവായ അല്ലാഹു മാത്രമാണ്. അതില്‍ താഴെയുള്ളവരൊക്കെ കേവലം സാധാരണ സൃഷ്‌ടികള്‍. അതു പ്രവാചകന്മാരാവാം, മലക്കുകളാവാം, ഔലിയാക്കളാവാം, ശുഹദാക്കളാവാം. പ്രവാചകര്‍ മുഹമ്മദ്(സ) അല്ലാഹുവിന്റെ സന്ദേശം കൈമാറാന്‍ വന്ന ഒരു `ശിപ്പായി' എന്ന രീതിയിലാണ് വിശദീകരണം. വെറും സാധാരണ മനുഷ്യന്‍, തെറ്റു ചെയ്യുന്ന പാപി. ഇതൊക്കെ ഒന്നാം തലമുറ വഹാബികളുടെ കണ്ടെത്തലാണ്. സ്വഹാബത്തിനെയും ഇവര്‍ വിലകുറച്ച് കാണുകയുണ്ടായി. ഔലിയാഇനെ ആക്ഷേപിച്ചത് മുമ്പ് പറഞ്ഞല്ലോ.
വിശുദ്ധ ഖുര്‍ആന്‍ ഒരു ജീവിത പദ്ധതി, ഭരണഘടന എന്നതിനപ്പുറം അതിനെ ആദരിക്കേണ്ടതില്ലെന്നു ഉതല്‍പതിഷ്‌ണുക്കള്‍ പ്രവര്‍ത്തനത്തിലൂടെ പ്രചരിപ്പിക്കാന്‍ ശ്രമിച്ചു. അമുസ്‌ലിമിനും ഖുര്‍ആന്‍ കൊടുക്കാം. അവനും `ഹിദായത്ത്' സ്വയം കണ്ടെടുക്കട്ടെ എന്ന കേവല യുക്തിയാണു പ്രചോദനം. അങ്ങനെയാണ് ഹിന്ദുസഹോദരന് ഖുര്‍ആന്‍ സമ്മാനിക്കുന്നത് `പുണ്യ അമലാ'യത്. പ്രമാണങ്ങളുടെ വ്യാഖ്യാനങ്ങള്‍ മുഴുവന്‍ ആധുനിക യുക്തിബോധത്തിന്റെ മാത്രയില്‍ ഒതുങ്ങണമെന്നു ചിലര്‍ വാശിപിടിച്ചതും ഇതുകൊണ്ടുതന്നെ. ഖുര്‍ആന്‍ തീവ്രവാദവും ഭീകരതയും വളര്‍ത്തുന്നുവോ എന്നാണ് ചിലര്‍ക്ക് സംശയം. ഇസ്‌ലാം ഏറെ തെറ്റുദ്ധരിക്കപ്പെടുമ്പോള്‍ സംരക്ഷിക്കേണ്ട ചുമതല പണ്ഡിതന്മാര്‍ക്കുണ്ടല്ലോ. ഏതാണുപരിഹാരം? ഖുര്‍ആന് ഒരു ലളിത സാരം ഇറക്കുക തന്നെ. വലിയ തീവ്രതയും ഭീകരതയും ആരോപിക്കുന്ന സൂറത്തുകള്‍ ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ആവശ്യമില്ലല്ലോ. അതുതല്‍ക്കാലം വേണ്ട. ഈ രീതിയിലാണ് ഖുര്‍ആന്‍ വ്യാഖ്യാനങ്ങള്‍ പോലും പുറത്തിറങ്ങുന്നത്. വിശുദ്ധ ഖുര്‍ആന്‍ സര്‍വ്വകാല പ്രസക്തമാണെന്നും അതിലെ ഒരായത്തും ഒരു കാലത്തും കാലഹരണപ്പെടുകയില്ലെന്നും എഴുതുകയും പ്രസംഗിക്കുകയും ചെയ്യുന്നവര്‍ക്കു തന്നെ തങ്ങളുടെ യുക്തിബോധം വെച്ച് ഖുര്‍ആന്റെ ജിഹാദീ വീക്ഷണത്തോട് യോജിക്കാന്‍ കഴിയാത്ത സ്ഥിതി. അല്ലാഹുവിനും ചിലപാകപ്പിഴവുകളോ എന്ന തരത്തിലാണ് ചില ഗവേഷണങ്ങളും കണ്ടുപിടുത്തങ്ങളും. കര്‍മ്മശാസ്‌ത്ര സംബന്ധമായ ജിഹാദിന്റെ നിബന്ധനകള്‍ മനനം ചെയ്‌തു മനസ്സിലാക്കിയാല്‍ ഈ ഒളിച്ചുകളിയുടെ യാതൊരു ആവശ്യവും വരില്ല. അതിന് ഇവരുടെ അഹംബോധം സമ്മതിക്കില്ലെങ്കില്‍ എന്തുചെയ്യും? മനുഷ്യയുക്തി ദൈവമാക്കപ്പെടുമ്പോള്‍ സംഭവിക്കുന്ന വലിയ അപകടമാണിത്.
ഖുര്‍ആന്‍ ക്ലാസെടുക്കുന്നവര്‍ ആരായാലും കുഴപ്പമില്ല. അതു വ്യാഖ്യാനിക്കാന്‍ ഇസ്‌ലാമും വിശുദ്ധിയും ആവശ്യമില്ല. മാര്‍ക്കറ്റുണ്ടെങ്കില്‍ എളയാവൂര്‍ തന്നെ ഖുര്‍ആന്‍ വ്യാഖ്യാനിക്കണം. അതിനു പദ്യാവിഷ്‌ക്കാരവുമാവാം. കവിതകള്‍ മാത്രം വായിക്കുന്നവര്‍ക്ക് ഖുര്‍ആന്‍ തിരിയാതിരിക്കാന്‍ പാടില്ലല്ലോ. ആര്‍ത്തവക്കാരി പ്രൊഫസര്‍ ക്ലാസിക്കല്‍ അറബി ലിറ്ററേച്ചറിന്റെ പിരിയഡ് എന്തുചെയ്യും? ഖുര്‍ആന്‍ പഠിപ്പിക്കാന്‍ ശുദ്ധിയുള്ളവരെ കാത്തുനില്‍ക്കാനൊക്കുമോ? പോഷന്‍ തീര്‍ത്തില്ലെങ്കില്‍ കുട്ടികള്‍ പരീക്ഷയ്‌ക്കു തോല്‍ക്കില്ലേ? ഇങ്ങനെ വളരുന്നു യുക്തിയുടെ മതം.
എല്ലാ ചിന്താഗതിക്കാരുടെയും ഖുര്‍ആന്‍ വ്യാഖ്യാനങ്ങളും അറബിമൂലം വായിക്കാനറിയാത്തവര്‍ക്ക് വെറും പച്ചമലയാളത്തില്‍ തന്നെ മലയാളീകരിച്ചെഴുതിയ പുതിയ ഖുര്‍ആനും പരിഭാഷയും വരെ ഇറങ്ങിയ സ്ഥിതിക്ക് ഇനി ഗവേഷണങ്ങള്‍ക്ക് എന്തിന് വേറെ ഗൈഡ് എന്നാണ് ചിലരുടെ ചിന്ത. 60000 ഹദീസിന്റെ സിഡിയും വിരല്‍ത്തുമ്പിലുണ്ടല്ലോ. ഈ അവബോധത്തിന്റെ അനന്തരഫലമായിട്ടാണ് കേരളത്തിന്റെ മുക്കുമൂലകളില്‍ പഞ്ഞമില്ലാതെ മുജ്‌തഹിദു മുത്‌ലഖുകള്‍ പിറവികൊണ്ടത്. ഇജ്‌തിഹാദ് കൃഷി ഇത്ര വ്യാപകമാണെന്നു പുറം ലോകമറിയാന്‍ മുജാഹിദുകളുടെ പടലപ്പിണക്കം വരെ കാത്തുനില്‍ക്കേണ്ടിവന്നുവെന്നതാണ് മുസ്‌ലിം കേരളം അടുത്തകാലത്തു നേരിട്ട ഏറ്റവും വലിയ തിരിച്ചറിവു നഷ്‌ടങ്ങളിലൊന്ന്.
ഭക്തിനിര്‍ഭരമായ സദസ്സുകളും കൂട്ടായ ദിക്‌ര്‍ ദുആകളും നിരാകരിക്കപ്പെടുന്നത് അനാചാരങ്ങളുടെ പേരില്‍ തന്നെയായിരുന്നു. സത്യത്തില്‍ ആധുനികതയുടെ വിഷബീജം തന്നെയാണ് ഇക്കാര്യത്തിലും നവോത്ഥാനവാദികളെ ബാധിച്ചത്.
നിസ്‌കാരശേഷമുള്ള കൂട്ടപ്രാര്‍ത്ഥന തുടങ്ങി, മരിച്ചവീട്ടിലെ ഖുര്‍ആന്‍ പാരായണം, മയ്യിത്തിറക്കുമ്പോള്‍ ദുആ, കൊണ്ടുപോകുമ്പോഴുള്ള ദിക്‌റ്, ഖബ്‌റിങ്ങള്‍ ദുആ, തല്‍ഖീന്‍, ഖത്തം ഓത്ത് എല്ലാം അനാചാരത്തിന്റെ പേരില്‍ വിമര്‍ശിക്കപ്പെട്ടു. ഫലമെന്തുണ്ടായി? മനുഷ്യനു പടച്ചവന്‍ കല്‍പ്പിച്ച ഒരു പവിത്രതയുമില്ലെന്ന ആധുനികവാദത്തിന്റെ - മനുഷ്യന്‍ വിശേഷ ബുദ്ധിയുള്ള മൃഗമാണെന്ന ശാസ്‌ത്രവീക്ഷണത്തിന്റെ- ഏറ്റവും നല്ല വക്താക്കളാകാന്‍ പരിഷ്‌കരണവാദികള്‍ക്കു കഴിഞ്ഞു. പച്ചയായ ചെടിപോലും മയ്യിത്തിനുവേണ്ടി ഇസ്‌തിഗ്‌ഫാര്‍ ചെയ്യുമെന്നും മയ്യിത്തിനുവേണ്ടി ചെയ്യുന്ന സല്‍ക്കര്‍മ്മങ്ങളുടെ പ്രതിഫലം ഖബറിലേക്കെത്തുമെന്നുമുള്ള ഹദീസുകള്‍ മനസ്സിരുത്തി പുനര്‍വായന നടത്താന്‍ പരിഷ്‌കരണവാദം തടസ്സമായി. `മനഷ്യന് അവന്‍ ചെയ്‌തത് മാത്രമേ ലഭിക്കൂ' എന്ന് ആയത്തിന് വികലമായ വ്യാഖ്യാനം നല്‍കുന്നതിലും അതിന് അടിക്കുറിപ്പെഴുതുന്നതിലും ഒതുങ്ങിപ്പോയി ഗവേഷണങ്ങള്‍. ഒരു സത്യവിസ്വാസിക്ക് മറ്റൊരു സത്യവിശ്വാസിയില്‍ നിന്ന് ലഭിക്കാവുന്ന നന്മകളൊന്നുമില്ലെന്ന സ്ഥിതിയിലായി കാര്യങ്ങള്‍. സ്വാര്‍ത്ഥതയില്‍ അധിഷ്‌ഠിതമായ ആധുനിക പാശ്ചാത്യന്‍ നാഗരികത ആവാഹിച്ചതിന്റെ ഫലമായിട്ടായിരുന്നു ഈ തരത്തിലുള്ള വാദങ്ങളൊക്കെ. ഖുര്‍ആനും സുന്നത്തും തന്നെയാണ് എല്ലാറ്റിനും തെളിവായി തെരുവുകളില്‍ എഴുന്നള്ളിക്കപ്പെട്ടത് എന്നതാണ് ഇതിലെ വലിയ തമാശ. ദിക്‌റ്-ദുആകള്‍ക്ക് മുടക്കം വരുത്തുന്ന പൈശാചിക പ്രേരണയാണ് പരിഷ്‌കരണമായി ഒരു വിഭാഗമാളുകളെങ്കിലും തെറ്റിദ്ധരിച്ചത്. കൂട്ടായ ദുആ തീരെ പാടില്ല, ഖബ്‌ര്‍ ഉള്ള സ്ഥലത്തുകൂടെ പോകാനേ പാടില്ല എന്ന ധാരണപോലും ചിന്തിക്കാതെ ഇവരുടെ വാദങ്ങളില്‍ മയങ്ങിപ്പോയവരില്‍ നിന്നുണ്ടായിട്ടുണ്ട്.
ആധുനികതയുടെ ഉപോല്‍പന്നമാണ് ഫെമിനിസം. ഇസ്‌ലാമികാവകാശങ്ങളെ സ്‌ത്രീപക്ഷമെന്നോ പുരുഷ പക്ഷമെന്നോ വായിക്കപ്പെടാന്‍ പാടില്ല. എന്നാല്‍ ഇസ്‌ലാമിന്റെ ചരിത്രം പുരുഷമേധാവിത്വത്തിന്റേതാണെന്നും സ്‌ത്രീക്ക് അര്‍ഹമായ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും നേടിയെടുക്കാനായത് തങ്ങളുടെ നവോത്ഥാനാനന്തരമാണെന്നതും ആധുനിക പരിഷ്‌കരണവാദികളുടെ സ്ഥിരം വാദമാണ്. സ്‌ത്രീകള്‍ എഴുത്തു പഠിച്ചത്, പര്‍ദ്ദ ധരിച്ചത്, ജോലിക്കുപോയിത്തുടങ്ങിയത്, പള്ളികളുടെ അകം കണ്ടത് എല്ലാം പരിഷ്‌കരണത്തിന്റെ ഫലം. സത്യത്തില്‍ ഇവരുടെ ഇംഗിതത്തിനു വഴങ്ങി ഏതാനും സ്‌ത്രീരത്‌നങ്ങള്‍ പൊതുരംഗത്തിറങ്ങിയിട്ടുണ്ടെങ്കിലും മുസ്‌ലിം സ്‌ത്രീകള്‍ ഇപ്പോഴും അടപ്പും ഉറപ്പുമുള്ള വീടിന്റെ അകത്തളം തന്നെയാണ് അനുയോജ്യമെന്ന് വിശ്വസിക്കുന്നവരാണ്. ഇവരുടെ നവോത്ഥാനത്തിന്റെ ഫലം പാശ്ചാത്യന്‍ നാഗരികത വിഭാവനം ചെയ്യുന്ന ഫ്രീസെക്‌സ് സംസ്‌കാരം മുസ്‌ലിം സമുദായത്തിലും വ്യാപിപ്പിക്കാനായി എന്നതാണ്. ആരാധനക്ക് പെണ്ണിന് വീടാണ് ഉത്തമമെന്നത് പ്രവാചക അധ്യാപനമാണ്. ഇത് അവകാശത്തര്‍ക്കത്തിന്റെയോ ക്ഷേത്രപ്രവേശന വിളംബര മോഡല്‍ സമരത്തിന്റെയോ പ്രശ്‌നമല്ല. എന്നാല്‍ പരിഷ്‌കരണവാദികള്‍ ഇക്കാര്യത്തില്‍ ആധുനികതയോട് നൂറുശതമാനം കൂറുപുലര്‍ത്തുന്ന നിലപാടാണ് സ്വീകരിച്ചത്. സ്‌ത്രീകളുടെ ആരാധനാ സ്വാതന്ത്ര്യത്തിന് വേണ്ടി ഇവര്‍ സ്‌ത്രീകളെ രംഗത്തിറക്കുകവരെയുണ്ടായി. പെണ്ണിന്റെ വേഷത്തെക്കുറിച്ചും സാമൂഹ്യ ഇടപാടിനെക്കുറിച്ചും ഇവര്‍ക്ക് ദഹിക്കാത്ത ആശയങ്ങള്‍ തുറന്നെഴുതിയ ജനാബ് അബുല്‍ അഅ്‌ലാ മൗദൂദിയുടെ `പര്‍ദ്ദ' എന്ന കൃതി മലയാളത്തില്‍ തര്‍ജമ ചെയ്‌തു പുറത്തിറക്കാനുള്ള സത്യസന്ധതയും ആര്‍ജവവും പോലും വഹാബിസം തലക്കുപിടിച്ച ജമാഅത്ത് നവോത്ഥാനവാദികള്‍ക്കുണ്ടായില്ല. മാത്രമല്ല സ്‌ത്രീകള്‍ അധികാരത്തിലും ഭരണത്തിലും വരുന്നതിന് ബല്‍കീസ് രാജ്ഞിയുടെയും ആയിശബീവിയുടേയും മര്‍യം ബീവിയുടേയും റസിയ സുല്‍ത്താനയുടെയും ചരിത്രം ചികഞ്ഞ് തെളിവ് തേടുകയാണിപ്പോള്‍. ഫെമിനിസം ഛര്‍ദ്ദിക്കുന്നത് പോലും മൃഷ്‌ടാന്നമെന്നു കരുതി ഇസ്‌ലാമിനെ അത്തരത്തിലേക്ക് പാകപ്പെടുത്താനാണു വെമ്പല്‍.
സ്‌ത്രീകള്‍ക്ക് പൊതുവേദിയില്‍ പ്രത്യക്ഷപ്പെടാന്‍ ന്യായീകരണമായി അവളുടെ ഔറത്ത് പുനര്‍വ്യാഖ്യാനത്തിനുപോലും വിധേയമാക്കുകയുണ്ടായി. `ഇല്ലാമാ ളഹറമിന്‍ഹാ' എന്ന ആയത്തിന്റെ ഭാഗം ദുര്‍വ്യാഖ്യാനിച്ചാണ് അന്യനു സ്വന്തം മേനി ആസ്വാദനത്തിനു നല്‍കാന്‍ പെണ്‍ഗവേഷകര്‍ തെളിവുണ്ടാക്കുന്നത്. സ്‌ത്രീകള്‍ രംഗത്തുവന്നില്ലെങ്കില്‍ പൊതുരംഗം ശൂന്യമായിക്കിടക്കുമെന്ന തരത്തിലാണ് പ്രചാരണം.
ജുമുഅഃ നിസ്‌കാരത്തിനും ഖുതുബക്കും എന്തുകൊണ്ട് പെണ്ണിന് നേതൃത്വം നല്‍കിക്കൂടാ എന്ന ചര്‍ച്ച കേരളത്തിലെ നവോത്ഥാന പത്രങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. പഞ്ചായത്തിലേക്കും പാര്‍ലമെന്റിലേക്കും പര്‍ദ്ദ അസൗകര്യമാണെന്നും ജീന്‍സും ടീഷര്‍ട്ടുമാണ് എന്തുകൊണ്ടും അനുയോജ്യമെന്നും അടുത്തുതന്നെ ഗവേഷണ ഫലങ്ങള്‍ പുറത്തുവരുമെന്ന് ന്യായമായും നമുക്ക് പ്രതീക്ഷിക്കാം. നവോത്ഥാനത്തിന്റെ പ്രവേഗം പലപ്പോഴും നമ്മുടെ കണക്കുകളെ തെറ്റിച്ച അനുഭവമുണ്ടല്ലോ.
ആധുനികത ഏറ്റവുമാദ്യം പരിഷ്‌ക്കരണവാദികളെക്കൊണ്ട് ചെയ്യിച്ചത് പാരമ്പര്യത്തിന്റെ ചിഹ്നങ്ങളെ തകര്‍ത്തെറിയുകയെന്നതാണ്. മമ്പുറം അടക്കമുള്ള സ്ഥലനാമങ്ങള്‍ തലമുറകളായി മുസ്‌ലിം മനസ്സുകളില്‍ പച്ചപിടിച്ചുനില്‍ക്കുന്നത് അവിടങ്ങളില്‍ അന്ത്യവിശ്രമം കൊള്ളുന്ന മഹാത്മാക്കളുടെ മഹത്വം കൊണ്ടും അവരുടെ മഖ്‌ബറകള്‍ കൊണ്ടുമാണ്. ഒരു ചരിത്രസാക്ഷ്യമെന്ന രീതിയില്‍ പോലും മഖ്‌ബറകള്‍ സംരക്ഷിക്കപ്പെടരുതെന്ന വഹാബി യാഥാസ്‌തികത്വം കേരളത്തില്‍ പ്രയോഗവത്‌ക്കരിക്കാനായിട്ടില്ലെങ്കിലും ഇവയെക്കുറിച്ച് ഒരു വിഭാഗത്തിന്റെ മനസ്സിലെങ്കിലും `വിഗ്രഹസമാനമായ വസ്‌തുക്കള്‍' എന്ന ധാരണ പരത്താനായിട്ടുണ്ട്. പാരമ്പര്യത്തിന്റെ അവസാനത്തെ കണ്ണിയും മുറിച്ചുകളയുകയാണ് ഇതിലൂടെ നവോത്ഥാന വാദികള്‍ ചെയ്‌തത്. ഒരു സമൂഹത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിനുവേണ്ട ഊര്‍ജ്ജം ചോര്‍ന്നുപോയത് അങ്ങനെയാണ്. മാലയും മൗലിദും സ്വലാത്തും അപ്രത്യക്ഷമായ സ്ഥാനത്ത് കുടിയിരുത്തപ്പെട്ടത് കാബറെ നൃത്തവും കണ്ണീര്‍ സീരിയലുകളും പാശ്ചാത്യന്‍ സംഗീതവുമായിരുന്നുവെന്നത് യാദൃശ്ചികമല്ല.
വിശുദ്ധ നാടുകളില്‍ വഹാബിസം നടപ്പാക്കിയ ശുദ്ധീകരണത്തില്‍ തേഞ്ഞുമാഞ്ഞില്ലാതായ ചരിത്ര സ്‌മാരകങ്ങളും മഖ്‌ബറകളും എത്രയാണ്. ഇക്കാര്യത്തില്‍ നവയാഥാസ്ഥികരില്‍ ചിലര്‍ക്കുതന്നെ അടുത്തകാലത്ത് വീണ്ടുവിചാരമുണ്ടായി എന്ന് ഓര്‍ക്കുക. സജ്ജനങ്ങളുടെ ആസാറുകള്‍ (തിരുശേഷിപ്പുകള്‍) വഴിയല്ലാതെ കഴിഞ്ഞ കാലത്ത് മതത്തിന്റെ ഒരു നവോത്ഥാന സംരഭവും ലക്ഷ്യം കണ്ടിട്ടില്ലെന്നത് ചരിത്രത്തിലെ അനിഷേധ്യ വസ്‌തുതയാണ്. ഇസ്‌റായേല്യരിലെ `താബൂത്ത്' ഇതാണല്ലോ നമുക്ക് നല്‍കുന്ന പാഠം. മഹാത്മാക്കളുടെ മഖാമുകള്‍, അവരുടെ നാമങ്ങള്‍, അവരുടെ അപധാനങ്ങള്‍ എല്ലാം വാഴ്‌ത്തപ്പെടേണ്ടതാണെന്നു മുസ്‌ലിം ലോകം ഏകോപിച്ചത് ഇത്തരം ചരിത്ര പാരമ്പര്യത്തില്‍ നിന്നാണ്.
അറബി മലയാളത്തിന്റെ ചരിത്ര പ്രസക്തി
അറേബ്യന്‍ വേരുകള്‍ മറന്നുപോകാതെ മലയാളത്തിന് ഒരു അറബി ലിപി രൂപപ്പെടുത്തുകയും അതില്‍ സര്‍വതരത്തിലുള്ള ഇസ്‌ലാമിക ആവിഷ്‌കാരങ്ങളും നടത്തുകയും ചെയ്‌തതാണ് മാപ്പിള മുസ്‌ലിംകള്‍ പരിപാലിച്ച സാംസ്‌കാരികാസ്‌തിത്വത്തില്‍ ഏറ്റവും പ്രധാനമായത്. അതേകാലത്തുതന്നെ അറബി ഭാഷയിലും പദ്യങ്ങളും ഗദ്യങ്ങളുമായി അനേകം കൃതികള്‍ രചിക്കപ്പെടുകയുണ്ടായി.
അറബി-മലയാള ഭാഷയാണ് നമ്മുടെ പുരോഗതിക്കുമുഴുവന്‍ വിഘ്‌നം സൃഷ്‌ടിച്ചത് എന്നാണ് ഇപ്പോള്‍ നവപരിഷ്‌കര്‍ത്താക്കള്‍ വാദിക്കുന്നത്. എന്നാല്‍ ഇവര്‍ പരിഷകണം ആരംഭിച്ച് ഒരു നൂറ്റാണ്ട് തികയാറായിട്ടും തങ്ങളുടെ തലങ്ങളില്‍ പോലും ഖുര്‍ആന്റെ ഭാഷയായ അറബിയെ വേണ്ട രീതിയില്‍ വ്യാപിപ്പിക്കാന്‍ ഇവര്‍ക്കായിട്ടില്ല. പഞ്ചവത്സര അഫ്‌ളലുല്‍ ഉലമ കോഴ്‌സില്‍ ഒതുങ്ങുന്നു പലപ്പോഴും അറബി പഠനം. പള്ളിദര്‍സുകള്‍ അറബി ഭാഷ പഠനത്തിന് പ്രാധാന്യം നല്‍കിയില്ലെന്നാണ് ഒരാരോപണം. എന്നാല്‍ മലയാളം മാധ്യമമായ മൗലിക ഗ്രന്ഥങ്ങള്‍ അറബിമൂലത്തില്‍ നിന്നു തന്നെ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുകയായിരുന്നു പണ്ഡിതന്മാര്‍. ഇപ്പോള്‍ ചിത്രം മാറി. യാഥാസ്‌തികര്‍ എന്നു മുദ്ര കുത്തപ്പെട്ടവര്‍ തന്നെ അറബിഭാഷ പഠനത്തിന് മറ്റുള്ളവരെക്കാള്‍ മികച്ച സംവിധാനമേര്‍പ്പെടുത്തി. സന്ദര്‍ഭോചിതം ഇത്തരം നീക്കങ്ങള്‍ എല്ലാ കാലത്തും നടന്നിട്ടുണ്ട്. ഇതൊക്കെ തങ്ങളുടെ സ്വാധീനം കൊണ്ടുണ്ടായതാണെന്നു വാദിക്കുന്ന അല്‍പത്തമാണ് മനസ്സിലാകാത്തത്. ഇവരുടെ നവോത്ഥാനം കൊണ്ട് സംഭവിച്ചതോ? അറബിയിലായിരുന്ന ഖുതുബ മലയാളവത്‌ക്കരിച്ചതിനാല്‍ ജനങ്ങള്‍ക്ക് അറബി ഭാഷയില്‍ ഉണ്ടായിരുന്ന താല്‍പര്യവും അറുത്തുമാറ്റപ്പെട്ടു.
കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ മാപ്പിള സ്‌ത്രീകളില്‍ 30% സാക്ഷരതയുണ്ടായിരുന്നുവെന്ന് ഇപ്പോള്‍ ചില പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. മുസ്‌ലിം സമൂഹത്തെ സ്വന്തമായി പ്രതിനിധാനം ചെയ്യുന്ന ഒരു ഭാഷയെന്ന നിലയില്‍ അവരിലേക്ക് പുറത്തുനിന്നുള്ള സ്വാധീനങ്ങള്‍ ഏറെയൊന്നും കേറിവന്നിരുന്നില്ല. എന്നാല്‍ സാക്ഷരതക്ക് പുതിയ മാനം കൈവന്നതോടെ സ്വന്തമായുണ്ടായിരുന്നതൊക്കെ മുസ്‌ലിം സമൂഹത്തിന് നഷ്‌ടപ്പെട്ടുപോയി. അറബി മലയാളത്തില്‍ രചിക്കപ്പെട്ട ആത്മീയ വിജ്ഞാനീയങ്ങളും ചിന്തയും വീക്ഷണങ്ങളുമൊക്കെ ഇതിനോടൊപ്പം ഇല്ലാതാവുകയും ചെയ്‌തു.
പ്രമുഖ ചരിത്രകാരനായ കെ.കെ. മുഹമ്മദ് അബ്‌ദുല്‍ കരീം സാഹിബിന്റെ നീരീക്ഷണം ശ്രദ്ധേയമാണ്.
``കേരള നദ്‌വത്തും കേരള ജംഇയ്യത്തുല്‍ ഉലമയും കേരള ജമാഅത്തെ ഇസ്‌ലാമിയും അറബി മലയാള പഠനത്തെ നിരുത്സാഹപ്പെടുത്തുകയാണുണ്ടായത്. കൂടുതല്‍ ഭാഷാ പഠനത്തിന് ഊന്നല്‍ നല്‍കാനാണ് ആ മാര്‍ഗം സ്വീകരിച്ചത് എന്നു പറയുന്നു. എന്നാല്‍ കേരള മുസ്‌ലിംകളുടെ ചിരപുരാതനമായൊരു സാഹിത്യസമ്പത്തിനെ വിഗണകോടിയിലേക്കു തളളി നശിപ്പിക്കാന്‍ ആ നയം വഴി തെളിയിച്ചുവെന്ന വസ്‌തുത മറന്നുകൂടാ. നമ്മുടെ പണ്‌ഡിത സംഘടനകള്‍ അവരുടെ മദ്‌റസാ പാഠപുസ്‌തകങ്ങളില്‍ ചിലതെങ്കിലും അറബി മലയാളം ലിപിയില്‍ തന്നെ പ്രസിദ്ധീകരിക്കേണ്ടതാണ്. അക്കാര്യത്തില്‍ സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ അഭിനന്ദനമര്‍ഹിക്കുന്നു'' (ഫാറൂഖ് കോളജ് ഗോള്‍ഡന്‍ ജൂബിലി സുവനീര്‍).
ചുരുക്കത്തില്‍ കേരള മുസ്‌ലിംകളുടെ ചരിത്രവും പാരമ്പര്യവും നശിപ്പിക്കുന്ന നവോത്ഥാനമാണ് പുരോഗമന പ്രസ്ഥാനങ്ങള്‍ ഇവിടെ നടപ്പില്‍ വരുത്തിയിട്ടുള്ളത്. തികച്ചും ആധുനികവും അനിസ്‌ലാമികവുമായ ആശയാടിത്തറകളുടെ മുകളിലാണ് ഇവരുടെ ഗവേഷണങ്ങള്‍ അത്രയും നടന്നത്. ഇതു തിരിച്ചറിഞ്ഞ് പാരമ്പര്യത്തിന്റെ പിന്തുണയും ആത്മീയതയുടെ പിന്‍ബലവുമുള്ള ഒരു നവമുന്നേറ്റത്തിന് കാലം കാതോര്‍ത്തിരിക്കുന്നു. ഇതിലേക്കുള്ള ഏതാനും സൂചനകളാണ് ഇവിടെ നല്‍കാന്‍ ശ്രമിച്ചത്.

No comments:
Post a Comment