സൈനുദ്ദീന്‍ മന്ദലാംകുന്ന്
ആധുനിക കാലത്ത് മനുഷ്യന്റെ അന്തസ്സുയര്‍ത്തിയ സാമൂഹിക സമത്വത്തിന്റെ ആശയങ്ങളും മൂല്യങ്ങളുമെല്ലാമായി നാം എണ്ണുന്ന പ്രവണതകള്‍ ആവിര്‍ഭവിക്കുന്നതിനു വളരെ മുമ്പുതന്നെ ഇസ്‌ലാം പ്രചാരം നേടിയ സമൂഹങ്ങളിലുടനീളം മനുഷ്യരുടെ സാമൂഹിക ബന്ധങ്ങളെയും പദവിയെയും പുരോഗമനോന്മുഖമായി പുനര്‍നിര്‍ണയിക്കുന്നതില്‍ അത് വലിയ സ്വാധീനമുളവാക്കിയിട്ടുണ്ടെന്ന കാര്യം സുവ്യക്തമാണ്. അതുവരെയും നിലനിന്നിരുന്ന പ്രതിലോമകരമായ സാമൂഹിക ബന്ധങ്ങളെ ഉലക്കുകയും മനുഷ്യന്റെ അന്തസ്സും മാന്യതയും ഉയര്‍ത്തി അഭിമാനകരമായ അസ്ഥിത്വം ജനപഥങ്ങള്‍ക്ക് പകര്‍ന്നു നല്‍കുകയും ചെയ്‌ത്
പുരോഗമനോന്മുഖമായ സാമൂഹിക ബന്ധങ്ങള്‍ നിര്‍ണയിച്ച മതവും സംസ്‌കാരവും ജീവിത മൂല്യവുമൊക്കെയായാണ് ഇസ്‌ലാം ചരിത്രത്തില്‍ പ്രതിനിധീകരിക്കപ്പെട്ടത്.
ലോകത്തിലെ വിവിധ ജനതതികളിലേക്കുള്ള ഇസ്‌ലാമിക വ്യാപനത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ ഈ വസ്‌തുത വ്യക്തമാകും. കേരള സമൂഹ രൂപീകരണത്തിലും ഇസ്‌ലാമിക സംസ്‌കാരത്തിന്റെയും ജീവിത മൂല്യങ്ങളുടെയും സ്വാധീനം വളരെ സുപ്രധാനമായിരുന്നുവെന്ന് കാണാന്‍ കഴിയും.
ഒരു പൊതു സമൂഹമെന്ന അര്‍ത്ഥത്തില്‍ സ്ഥാനപ്പെടുത്താന്‍ കഴിയാത്തവിധം ജാതിപറ്റങ്ങളായി പ്രാന്തങ്ങളില്‍ അധിവസിച്ചിരുന്നവരായിരുന്നു കേരളത്തിലെ അടിസ്ഥാന ജനവര്‍ഗങ്ങള്‍. മൃഗങ്ങള്‍ക്ക് പ്രവേശനമുള്ള സ്ഥലങ്ങളില്‍ പോലും പ്രവേശനം അനുവദിക്കപ്പെടാത്തവരായി ഒരു പ ക്ഷെ മേലാള വര്‍ഗത്തിന്റെ ദൃഷ്ടിയില്‍ പോലും വരാന്‍ യോഗ്യതയില്ലാത്തവരായി അവമതിക്കപ്പെട്ട് നിന്ദ്യതയുടെ എല്ലാ പീഡകളും അനുഭവിച്ച് ചാളകളില്‍ അവര്‍ മറഞ്ഞിരിക്കുമ്പോഴാണ് ഇസ്‌ലാമിന്റെ വെളിച്ചവുമായി വന്ന മഹാസാത്വികരായ അറബികള്‍ അവരെ മനുഷ്യപദവിയിലേക്കും പ്രകാശത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും വിളിച്ചത്. ഭൂമിക്ക് മേലുള്ള പരമാധികാരമോ ഭൂമിക്കോ വിഭവങ്ങള്‍ക്കോ നികുതിയിനത്തില്‍ വരുമാനമോ ഇല്ലാത്ത നാട്ടുരാജാക്കന്മാരും കുറുനില മന്നന്മാരും അധികാരം വാണ കേരളത്തില്‍ യഥാര്‍ത്ഥത്തില്‍ അറിവും അധികാരവുമുണ്ടായിരുന്ന ജനവര്‍ഗം വളരെ പരിമിത അംഗ സംഖ്യ മാത്രമുണ്ടായിരുന്ന ബ്രാഹ്മണരായിരുന്നു. ചാതുര്‍വര്‍ണ്യത്തോട് ചില സാദൃശ്യങ്ങള്‍ പുലര്‍ത്തുന്ന എന്നാല്‍ ചാതുര്‍വര്‍ണ്യത്തേക്കാള്‍ നൃശംസമായ സാമൂഹികാസമത്വത്തിന്റെ ദുരാചാരങ്ങളാല്‍ ഭ്രാന്താലായമായ കേരളത്തില്‍ എല്ലാ ജാതികള്‍ക്കും പരസ്‌പരവും ബ്രാഹ്മണരോടും തീണ്ടാപ്പാടകലം പാലിക്കല്‍ നിര്‍ബന്ധമായിരുന്നു. ഒരു അധികാര വ്യവസ്ഥക്കുകീഴില്‍ പൗരന്മാരോ പ്രജകളോ ഒക്കെയായി തുല്യാവകാശങ്ങളോ അതല്ല വിവേചന പൂര്‍ണ്ണമായ പരിമിതാവകാശങ്ങളോ, സവിശേഷാവകാശങ്ങളോ ഉള്ള ജനങ്ങള്‍ എന്ന അര്‍ത്ഥത്തില്‍ സമൂഹം എന്ന് നിര്‍വ്വചിക്കാവുന്ന പൊതുവായതൊന്നും ഈ ജാതിപറ്റങ്ങള്‍ക്കിടയില്‍ നിലവിലുണ്ടായിരുന്നില്ല. ഓരോ ജാതിസമൂഹവും അഭിമുഖീകരിച്ചുകൊണ്ടിരുന്ന പീഡകളും സന്താപങ്ങളും സൗകര്യങ്ങളും അധികാരങ്ങളും എല്ലാം ഒരിക്കലും മറികടക്കാനാവാത്ത വിധിയായി അവര്‍ അനുഭവിച്ചു കൊണ്ടിരുന്നു. ബ്രാഹ്മണരൊഴികെയുള്ള ജാതിപറ്റങ്ങള്‍ അടിമത്വത്തെ ആന്തരവത്‌കരിച്ച് സാമൂഹികമായ യാതൊരു അഭ്യുന്നതിയും സാധ്യമാകാതെ തികഞ്ഞ മരവിപ്പോടെ ജീവിതത്തെ അനുഷ്‌ഠാനപരമായി ആചരിക്കുന്നവരായിരുന്നു. ഇങ്ങനെ അപരിഷ്‌കൃതരായ ജാതിപറ്റങ്ങളായി പരിമിതമായ വിഭവങ്ങള്‍ മാത്രം അനുഭവിച്ച് കാടുകളിലും പ്രാന്തങ്ങളിലുമെല്ലാമായി വസിച്ചിരുന്നവരെ ഒരു സമൂഹമെന്ന അര്‍ത്ഥത്തില്‍ ശ്രേണീ സ്വഭാവമില്ലാതെ ഏകീകരിക്കാനും മനുഷ്യര്‍ എന്ന നിലക്കുള്ള അവരുടെ ശ്രേഷ്‌ഠതയെ അനുഭവിപ്പിക്കാനും ഇസ്‌ലാമിലൂടെയാണ് സാധിച്ചത്. കേരള ചരിത്രത്തില്‍ ഇസ്‌ലാമിക വ്യാപനം വിവിധ ജാതിസമൂഹങ്ങളിലേക്ക് ത്വരിതപ്പെടുന്നതിന്നനുസൃതമായി ഇതിന് വികാസം സംഭവിക്കുന്നതായി കാണാവുന്നതാണ്. ഇസ്‌ലാം സ്വീകരിച്ചവര്‍ക്ക് സ്വാതന്ത്ര്യവും മനുഷ്യപദവിയും ലഭിച്ചുവെന്ന് മാത്രമല്ല, തീണ്ടാപ്പാടകലമില്ലാതെ ഓരോ കീഴ്‌ജാതി വ്യക്തിക്കും ഇടപഴകാനും വിനിമയങ്ങളും സമ്പര്‍ക്കങ്ങളും നിലനിര്‍ത്തുവാനും തങ്ങളുടെ ജാതിക്കു പുറത്തും മുസ്‌ലിംകളുമായി ബന്ധപ്പെട്ട് പൊതുഇടങ്ങളുണ്ടാക്കു വാനും സാധിച്ചു. ഈ വസ്‌തുത പരിഗണിക്കുമ്പോള്‍ ജാതിപറ്റങ്ങ ള്‍ അവരുടെ തനതായ സ്വത്വം നിലനിര്‍ത്തി ജീവിക്കുന്നവരായാല്‍ പോലും അവര്‍ക്ക് മുസ്‌ലിംകളുമായി സമ്പര്‍ക്കപ്പെടാവുന്ന പൊതുഇടങ്ങള്‍ അനുവദിക്കപ്പെട്ടിരുന്നുവെന്നതും അങ്ങനെ അവര്‍ മനുഷ്യപദവി സ്വയം തിരിച്ചറിഞ്ഞവരായി മാറിയിരുന്നു എന്നതും പരിഗണിക്കുമ്പോള്‍ പൊതുസമൂഹം എ ന്നതിന്റെ ഏറ്റവും മൂര്‍ത്തമായ പ്രാഗ്‌രൂപം ഇസ്‌ലാമും മുസ്‌ലിംകളുമായുള്ള വിനിമയങ്ങള്‍ വഴിയാണ് കേരളത്തില്‍ രൂപപ്പെട്ടതെന്ന് കാണാം. മനുഷ്യരെ ഒന്നാകെ ഒറ്റ വംശീയചരടില്‍ കോര്‍ത്ത ആദം സന്തതികളായി പരിഗണിക്കുന്ന ഈ സമീപനം പണ്ഡിതന്മാര്‍ വഴിയാണ് പുതുവിശ്വാസികളിലേക്കും വംശീയ സങ്കലനത്തിലൂടെ ആവിര്‍ഭവിച്ച മുസ്‌ലിംകളിലേക്കും പടര്‍ന്നത്. വിശ്വാസികള്‍ എന്ന നിലക്ക് മുസ്‌ലിംകള്‍ പരസ്‌പരം സാഹോദര്യ ബന്ധം നിലനിര്‍ത്തുമ്പോള്‍ തന്നെ അല്ലാഹു പടച്ച സവിശേഷതകളേറെയുള്ള ശ്രേഷ്‌ഠ വിഭാഗം എന്ന നിലക്ക് മനുഷ്യരോട് പൊതുവായി ആദരവ് പുലര്‍ത്താന്‍ മുസ്‌ലിംകള്‍ പരിശീലിക്കപ്പെട്ടത് അവരുടെ വിശ്വാസത്തിന്റെ അനിവാര്യതയാലാണ്.
സാമ്പത്തികോദ്‌ഗ്രഥനത്തിലെ പങ്ക്
കേരളത്തിന്റെ കാര്‍ഷിക വിഭവങ്ങള്‍ക്ക് ആഗോള വിപണിയില്‍ വാണിജ്യ സാധ്യത വര്‍ദ്ധിപ്പിക്കുന്നതില്‍ അറബികളായ മുസ്‌ലിംകളുടെയും തദ്ദേശീയ മുസ്‌ലിംകളുടെയും പങ്ക് നിസ്‌തുലമാണ്. ആദ്യകാലത്ത് കാലവര്‍ഷത്തിന്റെയും സൂര്യവെളിച്ചത്തിന്റെയും അനുകൂലാവസ്ഥയില്‍ പ്രത്യേകമായ പരിചരണങ്ങളൊന്നുമില്ലാതെ നിബിഡ വനങ്ങളില്‍ വളര്‍ന്നിരുന്ന വാണിജ്യ വിഭവങ്ങള്‍ ഉള്‍നാടന്‍ കേന്ദ്രങ്ങളില്‍ ചെന്ന് ആവാസ സംവിധാനങ്ങള്‍ സ്ഥാപിച്ച് ശേഖരിക്കാനായിരുന്നു വിദേശികളായ വ്യാപാരികള്‍ ശ്രമിച്ചിരുന്നത്. ഭൂമിക്ക് മേലും അതില്‍ വിളയുന്ന കാര്‍ഷിക വിഭവങ്ങള്‍ക്കുമേലും ഉടമത്വം, നാട്ടു രാജാക്കന്മാര്‍ക്കില്ലാത്തതിനാല്‍ തുറമുഖ ചുങ്കം പോലുള്ള വളരെ കുറഞ്ഞ വരുമാനം മാത്രമേ ഭരണകൂടങ്ങള്‍ക്ക് കച്ചവടം വഴി ലഭിച്ചിരുന്നുള്ളൂ. പില്‍ക്കാലത്ത് തുറമുഖ വാണിജ്യ കേന്ദ്രങ്ങളിലേക്ക് ഉള്‍നാടുകളിലെ വിഭവങ്ങള്‍ ശേഖരിച്ച് എത്തിക്കാന്‍ ഇടയാളന്മാരായി തദ്ദേശീയരായ മുസ്‌ലിംകളും ചെട്ടികളും രംഗത്തു വന്നതോടെയാണ് സമുദ്ര വ്യാപാരം കൂടുതല്‍ ഊര്‍ജ്ജസ്വലമായതും അതുവഴി തുറമുഖ കേന്ദ്രങ്ങളുള്ള നാട്ടുരാജ്യ അധികാര കേന്ദ്രങ്ങള്‍ക്ക് കച്ചവടം വഴിയായുള്ള വരുമാനം വര്‍ദ്ധിച്ചതും. കോഴിക്കോട് സാമൂതിരി രാജവംശവും കൊച്ചി കേന്ദ്രമായി ഭരിച്ചിരുന്ന പെരുമ്പടപ്പ് രാജ സ്വരൂപവും കണ്ണൂരിലെ കോലത്തിരിയുമെല്ലാം അറബികള്‍ മുഖേന രൂപപ്പെട്ടു വന്ന ഈ വാണിജ്യ സമൃദ്ധിയുടെ ഗുണഭോക്താക്കളായിരുന്നു. തീര്‍ച്ചയായും കേരളത്തിലെ പരമ്പരാഗത അധികാര സംവിധാനങ്ങളെ സാമ്പത്തികോദ്‌ഗ്രഥനത്തിലൂടെ പുഷ്‌കലക്കിയത് അറബികളും തദ്ദേശീയരുമായ മുസ്‌ലിംകള്‍ വഴിയായി നടന്ന വാണിജ്യ വിനിമയങ്ങളായിരുന്നുവെന്ന് കാണാന്‍ കഴിയും. അതുകൊണ്ട് തന്നെയാണ് ചില ചരിത്രകാരന്മാര്‍ ഇന്ത്യയിലെ മറ്റ് പ്രദേശങ്ങളില്‍ നിലനിന്ന ചാതുര്‍വര്‍ണ്യ ഘടനയിലെ വൈശ്യ വിഭാഗത്തിന്റെ ദൗത്യമാണ് കേരളത്തില്‍ മുസ്‌ലിംകള്‍ നിര്‍വ്വഹിച്ചത് എന്ന് പറഞ്ഞു വെച്ചത്. ഈ വിശേഷണത്തിന്റെ അടിയടരുകളില്‍ പോലും ജാതിമേധാവിത്ത മനസ്സുണ്ട് എന്ന വസ്‌തുത നിഷേധിക്കാനാവില്ല. ഏതാണ്ട് ഒമ്പതാം നൂറ്റാണ്ടില്‍ കൂലംമല(പന്തലായനി കൊല്ലം) കേന്ദ്രീകരിച്ചും പതിമൂന്നാം നൂറ്റാണ്ടോടെ മറ്റ് തുറമുഖങ്ങള്‍ വഴിയായും അറബികളും തദ്ദേശീയരുമായ മുസ്‌ലിംകള്‍ മുഖേന കേരള തീരങ്ങളില്‍ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ സജീവമായിരുന്നുവെന്നതിന് അറബികളുടെ സഞ്ചാര രേഖകള്‍ സാക്ഷ്യം നില്‍ക്കുന്നുണ്ട്.
കോളണി ശക്തികളുടെ ആഗമനവും പ്രതിരോധ രാഷ്‌ട്രീയവും
ഒരേ സമയം പരമ്പരാഗത ഭരണകൂടങ്ങള്‍ക്കും ജനങ്ങള്‍ക്കും സമൃദ്ധിയും ഐശ്വര്യവും പ്രദാനം ചെയ്‌ത ഈ വാണിജ്യ വിനിമയങ്ങള്‍ക്ക് മേല്‍ സമ്പൂര്‍ണ ആധിപത്യം ലക്ഷ്യം വെച്ചാണ് ആദ്യത്തെ യൂറോപ്യന്‍ കോളണി ശക്തികളായ പോര്‍ച്ചുഗീസുകാര്‍ കേരള തീരത്ത് അസ്വസ്ഥതകളുളവാക്കി രംഗപ്രവേശം ചെയ്‌തത്. തികച്ചും വിവേക ശൂന്യമായ അതിക്രമ നടപടികളിലൂടെ ഇവിടെ നിലനിന്നിരുന്ന പരമ്പരാഗത അധികാര സംവിധാനങ്ങളെ അട്ടിമറിച്ച് വ്യാപാര കുത്തകയും രാഷ്ട്രീയ അധികാരം തന്നെയും തട്ടിയെടുക്കാനാണ് അവര്‍ പ്രയത്‌നിച്ചത്. നാവിക യുദ്ധത്തില്‍ അതീവ വൈദഗ്‌ദ്യമുണ്ടായിരുന്ന പോര്‍ച്ചുഗീസുകാരെ നേരിടാന്‍ സാമൂതിരി പരിശീലിപ്പിച്ച നായര്‍പടക്കൊരിക്കലും സാധിക്കുമായിരുന്നില്ല. അതുകൊണ്ട് തന്നെയാണ് അറബി വ്യാപാരികളായ മുസ്‌ലിം വര്‍ത്തക പ്രമുഖരും തദ്ദേശീയരായ മുസ് ലിം വ്യാപാരികളുമുള്‍പ്പെട്ട വലിയൊരു നിര നാവിക യുദ്ധങ്ങളിലൂടെ പോര്‍ച്ചുഗീസ് അതിക്രമകാരികളെ ചെറുക്കാനും തുരത്താനും രംഗത്തു വന്നത്. സാമൂതിരി രാജാവിന്റെ അധികാരവും പ്രാമുഖ്യവും തകര്‍ക്കാന്‍ മറ്റ് നാട്ടുരാജാക്കന്മാര്‍ പോര്‍ച്ചുഗീസുകാരോട് ചേര്‍ന്ന് നാവിക സഖ്യം രൂപീകരിച്ച സന്ദര്‍ഭത്തില്‍ രംഗത്ത് വന്ന് മുസ്‌ലിം നാവിക പ്രതിരോധ ശക്തിയെ പോര്‍ച്ചുഗീസുകാര്‍ക്കെതിരില്‍ ഏകീകരിച്ച് സാമൂതിരിയുടെ അധികാരം സുരക്ഷിതമാക്കി നിലനിര്‍ത്താന്‍ പ്രഥമമായി പരിശ്രമിച്ചത് തീര്‍ച്ചയായും മതപണ്ഡിതന്മാരായിരുന്നു. മുസ്‌ലിം ജനസാമാന്യത്തിനിടയില്‍ സര്‍വ്വ നിലക്കും സ്വാധീനമുണ്ടായിരുന്ന ഈ ഉലമാക്കളുടെ ആഹ്വാനം മതാത്മകമായ വിശുദ്ധിയോടെ സ്വാംശീകരിച്ചവരായിരുന്നു അക്കാലത്തെ മാപ്പിള മുസ്‌ലിംകള്‍. വന്യമായ ഒരു സാമ്രാജ്യ ശക്തിയോട് അടരാടാന്‍ ഒരു നാട്ടുരാജാവിന് കരുത്തു പകര്‍ന്ന ഈ ഉലമാക്കള്‍ തന്നെയാണ് ഇന്ത്യയുടെ അധിനിവേശ വിരുദ്ധ പ്രതിരോധ മുന്നേറ്റങ്ങ ള്‍ക്ക് ആദ്യമായി സൈദ്ധാന്തിക പശ്ചാത്തലമൊരുക്കിയതും. പൊന്നാനിയിലെ സൈനുദ്ദീന്‍ മഖ്‌ദൂം ഒന്നാമന്‍, കോഴിക്കോട് ഖാളിയായിരുന്ന ശൈഖ് അബ്ദുല്‍അസീസ്, ശൈഖ് അബുല്‍ വഫാ ശംസുദ്ദീന്‍ മുഹമ്മദ്(ശൈഖ് മാമുക്കോയ), സൈനുദ്ദീന്‍ മഖ്‌ദൂം രണ്ടാമന്‍, ഖാളി മുഹമ്മദ്, ശൈഖ് അബ്ദുല്‍ അസീസ് മഖ്‌ദൂം തുടങ്ങിയ പണ്ഡിതന്മാരാണ് ഇന്ത്യയുടെ തന്നെ അധിനിവേശവിരുദ്ധ പ്രതിരോധ രാഷ്ട്രീയത്തിന് ശരിയായി ദിശ നല്‍കിയവര്‍. ചുരുക്കത്തില്‍ കേരളീയ സമൂഹത്തിന്റെ രാഷ്ട്രീയവും സാംസ്‌കാരികവും സാമ്പത്തികവുമായ ഉദ്‌ഗ്രഥനത്തിന്റെ പ്രാഗ്‌രൂപങ്ങള്‍ ഇസ്‌ലാമിക സംസ്‌കാരത്തിലും മുസ്‌ലിംകളുമായി ബന്ധമുള്ള സാമൂഹിക വിനിമയങ്ങളിലുമാണ് വേരുകളാഴ്‌ത്തിയിട്ടുള്ളത്.
സാമൂഹിക നവോത്ഥാനത്തിന്റെ ചരിത്ര പാഠങ്ങള്‍
ആധുനിക പൂര്‍വ്വഘട്ടത്തില്‍ കേരളത്തില്‍ നിലവിലുണ്ടായിരുന്ന സാമൂഹിക ദുരാചാരങ്ങള്‍ എത്രമാത്രം നീചവും നൃശംസവുമായിരുന്നുവെന്നതിന് ചരിത്രം സാക്ഷിയാണ്. ശരീരം മറക്കുന്ന വസ്‌ത്രം ധരിക്കാന്‍ പോലും അവകാശമില്ലാത്തവരായിരുന്നു ഇവിടത്തെ ഭൂരിപക്ഷം മനുഷ്യരും. മേലാള വര്‍ഗത്തിന്റെ അതൃപ്‌തിക്ക് പാത്രമായാല്‍ നിര്‍ദയം അടിച്ചുകൊല്ലപ്പെടേണ്ട പാഴ് ജന്മങ്ങളായി നൂറ്റാണ്ടുകളായി അധ:സ്ഥിതത്വം അനുഭവിച്ചു കൊണ്ടിരുന്ന ഈ ജനതക്ക് മനുഷ്യപദവി നല്‍കി എന്നത് മാത്രമല്ല വസ്‌ത്രം ധരിക്കാനും സാമൂഹിക സമ്പര്‍ക്കങ്ങള്‍ക്കും സ്വാത ന്ത്ര്യം നല്‍കാനും സുരക്ഷിതത്വം നല്‍കാനും കുറഞ്ഞ കാലത്തേക്കെങ്കിലും മുസ്‌ലിം ഭരണാധികാരി തന്നെ ഭരിക്കേണ്ടി വന്നുവെന്നത് കേരള ചരിത്രത്തിന്റെ അനുഭവപാഠമാണ്. ടിപ്പു സുല്‍ത്താന്റെ കുറഞ്ഞ കാലത്തെ നീതി നിഷ്‌ഠമായ ഭരണം എല്ലാ സാമൂഹിക അസമത്വങ്ങളെയും നിര്‍മ്മാര്‍ജ്ജനം ചെയ്‌ത് കേരളത്തില്‍ നിലവിലിലുണ്ടായിരുന്ന പരമ്പരാഗത അധികാര ബന്ധങ്ങളെയും സാമൂഹിക ബന്ധങ്ങളെയും പുനര്‍നിര്‍ണയിച്ചുവെന്ന വസ്‌തുത എല്ലാ തമസ്‌കരണങ്ങള്‍ക്കുമപ്പുറം തെളിഞ്ഞു നില്‍ക്കുന്നുണ്ട്. ബ്രഹ്മസ്വമായി പാഴായി കിടന്നിരുന്ന ഭൂമിക്ക് മേല്‍ അതില്‍ പണിയെടുക്കുന്ന കര്‍ഷകന് അവകാശവും അധികാരവും നല്‍കി അധസ്ഥിത സ്‌ത്രീകള്‍ക്ക് മാറുമറക്കാന്‍ അവകാശം നല്‍കി റോഡും ഗതാഗത മാര്‍ഗങ്ങളും തുറന്ന്‌് പൗരാവകാശത്തിന് പുതിയ തുറസ്സുകള്‍ നല്‍കിയ ടിപ്പുസുല്‍ത്താന്റെ ഭരണകാലം കേരളത്തിന്റെ സംസ്‌കാരത്തിലും സാമൂഹിക ജീവിതത്തിലും വലിയ വിപ്ലവമാണ് സൃഷ്ടിച്ചത്. അതുകൊണ്ട് തന്നെയാണ് ഇന്നും ഫ്യൂഡലിസത്തിന്റെ പിന്‍മുറക്കാര്‍ക്ക് ടിപ്പുവിന്റെ ഭരണപരിഷ്‌കാരങ്ങള്‍ മതഭ്രാന്തും മറ്റുമായി അവമതിക്കേണ്ടി വരുന്നത.് ഫ്യൂഡല്‍ മാടമ്പിമാരുടെ പ്രതിലോമ സംവിധാനങ്ങളെ പൂര്‍വ്വാധികം പ്രാബല്യത്തോടെ പുന:സ്ഥാപിച്ചു നല്‍കിയ ബ്രിട്ടീഷ് കോളണി ഭരണകാലത്തും കേരളത്തിന്റെ വിമോചനപരമായ സാമൂഹിക നിര്‍വ്വഹണങ്ങള്‍ക്ക് നേതൃത്വം നല്‍കിയവര്‍ പണ്ഡിതന്മാരും അവരെ പരിപൂര്‍ണമായി അനുധാവനം ചെയ്‌ത മാപ്പിള സമൂഹവുമായിരുന്നു. ഒരു പക്ഷെ സാമൂഹികമായ അസമത്വങ്ങള്‍ പൂര്‍വ്വാധികം പ്രബലമായ ഇത്തരമൊരു ഘട്ടത്തില്‍ തന്നെയാണ് അധസ്ഥിത ജനവിഭാഗങ്ങള്‍ തങ്ങളുടെ വിമോചന സാക്ഷാത്‌കാരത്തിന്റെ വഴിയായി ഇസ്‌ലാമിനെ കൂടുതല്‍ തിരിച്ചറിയുന്നതും ഇസ്‌ലാം സ്വീകരിക്കുന്നതും. മാപ്പിള പ്രക്ഷോഭങ്ങള്‍ പ്രബലപ്പെട്ട കാലഘട്ടത്തില്‍ മമ്പുറം തങ്ങന്മാര്‍ വഴിയും മറ്റ് ഉലമാക്കള്‍ വഴിയായും അധസ്ഥിത ജാതികളില്‍ നിന്നുള്ള നിരവധി പേര്‍ ഇസ്‌ലാം സ്വീകരിച്ച് ജീവിതത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം തിരിച്ചറിഞ്ഞ് എല്ലാ സൃഷ്ടികളോടുമുള്ള അടിമത്വത്തില്‍ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചവരായി മാറി എന്നത് ചരിത്ര പാഠമാണ്. സാമൂഹികമായി അനുഭവിച്ചു കൊണ്ടിരുന്ന അസമത്വങ്ങള്‍ക്കും നിന്ദ്യതക്കും പരിഹാരമായി അധസ്ഥിത ജാതികള്‍ ഇസ് ലാമിലേക്ക് പ്രവേശിച്ചു കൊണ്ടിരുന്നത് കോളണിഭരണകൂടത്തിന്റെയും തദ്ദേശീയ ഫ്യൂഡല്‍ മാടമ്പിമാരുടെയും അപ്രീതീക്ക് പാത്രമായി മാപ്പിള മുസ്‌ലിം സമൂഹം കൊടിയ പീഡനങ്ങള്‍ അനുഭവിച്ചു കൊണ്ടിരുന്ന കാലത്താണെന്നത് സവിശേഷം ഓര്‍മ്മിക്കപ്പെടേണ്ടതാണ്. ചെറിയൊരു ഇടവേളക്ക് ശേഷം മാപ്പിള പ്രക്ഷോഭങ്ങള്‍ വീണ്ടും സജീവമായി തുടങ്ങിയ ഒരു കാലഘട്ടത്തില്‍ മലബാറിലെ ചെറുമ ജനസംഖ്യയില്‍ പത്ത് വര്‍ഷത്തിനിടയിലുണ്ടായമാറ്റങ്ങള്‍ സൂചിപ്പിക്കുന്ന സെന്‍സസ് അത്ഭുതമുളവാക്കുന്നതാണ്. 1870 നും 80 നുമിടയിലുണ്ടായ ചെറുമ ജനസംഖ്യയിലെ കുറവ് ഏതാണ്ട് നാല്‍പത് ശതമാനമായിരുന്നു. മിഷണറി ലക്ഷ്യങ്ങളോടെ കോളണി അധികാരികളുടെ ആശീര്‍വാദത്തോടെ നടന്ന സെന്‍സസിലാണ് ഞെട്ടിക്കുന്ന ഈ വിവരം പുറത്തു വന്നത്. ക്രിസ്‌ത്യന്‍ മിഷണറി പ്രവര്‍ത്തനങ്ങള്‍ വ്യവസ്ഥാപിതമായി ആരംഭിച്ച കാലഘട്ടത്തില്‍ മിഷണറി പ്രവര്‍ത്തനങ്ങളുടെ ശൈലിയിലുള്ള യാതൊരു പ്രവര്‍ത്തനവും നടത്താതെ തന്നെ അസ്ഥിത്വത്തിന്റെയും അതിജീവനത്തിന്റെയും പ്രശ്‌നം അഭിമുഖീകരിച്ചുകൊണ്ടിരുന്ന മാപ്പിള മുസ്‌ലിം സമൂഹത്തിലേക്കാണ് ചെറുമ ജനസംഖ്യയിലെ നാല്‍പത് ശതമാനത്തോളം ഇസ്‌ലാം സ്വീകരിച്ച് പ്രവേശിച്ചതെന്നത് സവിശേഷം ശ്രദ്ധേയമാണ്. വിശ്വാസം എന്നത് സംസ്‌കാരത്തെയും രാഷ്ട്രീയത്തെയും നിര്‍ണയിക്കുന്ന ചാലക ശക്തി കൂടിയാണ്. അധസ്ഥിത വിഭാഗങ്ങളെ സംബന്ധിച്ച് തങ്ങള്‍ നൂറ്റാണ്ടുകളായി അനുഭവിച്ചു കൊണ്ടിരുന്ന സാമൂഹിക വിവേചനങ്ങളില്‍ നിന്നും സ്വാതന്ത്ര്യത്തിലേക്കും മനുഷ്യപദവിയിലേക്കുമുള്ള വളര്‍ച്ചയാണ് ഇസ്‌ലാം സ്വീകരിക്കുന്നതിലൂടെ സംഭവിച്ചത്. ചുരുക്കത്തില്‍ സ്വാതന്ത്ര്യ ബോധവും പ്രതികരണ ശേഷിയുമുള്ള പ്രബുദ്ധമായ ഒരു സമൂഹമെന്ന നിലക്കുള്ള കേരളീയ സമൂഹത്തിന്റെ എക്കാലത്തെയും അസ്‌തിത്വവും സാമൂഹിക വിമോചന നിര്‍വ്വഹണങ്ങളും ഇസ്‌ലാമിനോടും മുസ്‌ലിംകളോടും അവരെ നയിച്ച ഉലമാക്കളോടും കടപ്പെട്ടിരിക്കുന്നുവെന്ന് ഈ വസ്‌തുതകളില്‍ നിന്നെല്ലാം സുവ്യക്തമാണ്.
No comments:
Post a Comment