Friday 24 April 2015

ശാസ്ത്രസാഹിത്യം മാപ്പിള മലയാളത്തില്‍


ഡോ. പി.എ. അബൂബക്കര്‍


 ശാസ്ത്രത്തെക്കുറിച്ച് കേരളത്തിലെ മുസ്‌ലിം മതസംഘടനകളും പ്രസിദ്ധീകരണങ്ങളും ചര്‍ച്ചചെയ്യാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ഇത്തരം ചര്‍ച്ചകളാവട്ടെ പലപ്പോഴും ശാസത്രരംഗത്ത് പുതിയ ഏതു കണ്ടുപിടുത്തം നടക്കുമ്പോഴും അത് ഖുര്‍ആനില്‍ പണ്ടേ പറഞ്ഞിട്ടുണ്ടെന്ന അവകാശവാദം നടത്തുന്ന വിധത്തില്‍ തരംതാഴാറുമുണ്ട്. ഇത് മുസ്‌ലിം സംഘടനകളുടെയും പ്രസിദ്ധീകരണങ്ങളുടെയും കാര്യം മാത്രമല്ല. വേദിക് മാത്തമാറ്റിക്‌സും വേദിക് നാനോടെക്‌നോളജിയുമൊക്കെ അരങ്ങു തകര്‍ക്കുന്ന കാലമാണല്ലോ ഇത്.
ശാസ്ത്രസാഹിത്യം മാപ്പിള മലയാളത്തില്‍ എന്ന ഈ ശീര്‍ഷകത്തെക്കുറിച്ച് അല്‍പം വിശദീകരിക്കേണ്ടതുണ്ട്. ശാസ്ത്രസാഹിത്യമെന്നത് ശാസ്ത്രത്തെ സംബന്ധിച്ചുള്ള സാഹിത്യമാണ്. മലയാളശബ്ദം ദേശത്തെ സൂചിപ്പിക്കാനും ഭാഷയെ സൂചിപ്പിക്കാനും ഉപയോഗിക്കാറുണ്ട്. മാപ്പിളയെന്നത് മലയാളത്തില്‍ പല അര്‍ഥങ്ങളുള്ള പദമാണെങ്കിലും ഇവിടെ അതുകൊണ്ടുദ്ദേശിക്കുന്നത് കേരളത്തിലധിവസിക്കുന്നതും മലയാളം മാതൃഭാഷയായിട്ടുള്ളതുമായ മുസ്‌ലിം സമുദായത്തെയാണ്. അതുകൊണ്ടുതന്നെ മാപ്പിളമലയാളമെന്നത് മലയാള നാട്ടിലെ മാപ്പിള സംസ്‌കാരത്തെ സാമാന്യമായും മാപ്പിള കൈകാര്യം ചെയ്തിരുന്ന ഭാഷാ/സാഹിത്യ രൂപങ്ങളെ വിശേഷിച്ചും പ്രതിനിധാനം ചെയ്യുന്നു. ഈ സാഹിത്യ രൂപമാകട്ടെ മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും ചരിത്രത്തിലെ ഒരു ഭാഗമാണ്. എങ്കിലും, കേരളത്തിലെ മുസ്‌ലിംകള്‍ ഇതുവരെ ഈ സാഹിത്യരൂപത്തെ അവഗണിക്കുകയായിരുന്നു. സംസ്‌കാരബോധത്തിന്റെ അഭാവമായിരുന്നു കാരണം. മലയാള വരമൊഴിയുടെ ചരിത്രത്തിലെ ഒന്നാമത്തെ ഘട്ടം വട്ടെഴുത്ത്-കോലെഴുത്തുകള്‍ക്ക് പ്രാമുഖ്യമുണ്ടായിരുന്ന കാലമായിരുന്നു. അറബി ലിപിമാല ഉപയോഗിച്ച് മുസ്‌ലിംകളും സുറിയാനി ലിപിമാല ഉപയോഗിച്ച് ക്രിസ്ത്യാനികളും മലയാള ഭാഷയില്‍ സാഹിത്യ വ്യവഹാരം നടത്തിയിരുന്ന കാലഘട്ടമാണ് പിന്നീടുള്ളത്. ഏറ്റവും ഒടുവിലത്തേത് തുളു-മലയാളം ലിപിമാലയുടെ പരിഷ്‌കൃതരൂപം ഉപയോഗിച്ചുകൊണ്ടുള്ള ആധുനിക ഘട്ടമാണ്. സഹ്യാദ്രിയുടെ പടിഞ്ഞാറുഭാഗത്ത് തുളുവും സംസ്‌കൃതവും മണിപ്രവാളവും എഴുതാനായി ഉപയോഗിച്ചിരുന്ന, ഈ ഗ്രന്ഥാക്ഷര വകഭേദം പിന്നീട് മലയാളത്തിനും ഉപയോഗിക്കുകയായിരുന്നു. ഇപ്പറഞ്ഞ കാലഘട്ടങ്ങളില്‍ ഒന്ന് അവസാനിച്ചതിനുശേഷം അടുത്തത് തുടങ്ങുകയായിരുന്നില്ല. 
അധ്യാത്മ രാമായണത്തിന്റെയും മുഹ്‌യിദ്ദീന്‍ മാലയുടെയും കര്‍ത്താക്കള്‍ സമകാലികരായിരുന്നുവല്ലോ. മാപ്പിള ഭാഷ, മാപ്പിള മലയാളം തുടങ്ങിയ പ്രയോഗങ്ങളെ ഇന്ന് പലരും നിരാകരിച്ചുകൊണ്ട് 'അറബി-മലയാളം' എന്ന പേരാണ് ഈ സാഹിത്യശാഖയെ സൂചിപ്പിക്കാനായി ഉപയോഗിക്കാറുള്ളതെങ്കിലും ഇവിടെ മനഃപൂര്‍വം മാപ്പിളമലയാളമെന്ന സംജ്ഞ സ്വീകരിച്ചിരിക്കുന്നു.1 പല കാരണങ്ങളാണ് അതിനുപിന്നിലുള്ളത്. ഒന്നാമതായി, 'അറബി-മലയാളം' എന്ന സംജ്ഞ താരതമ്യേന പുതിയതാണ്. അറബി-മലയാളം എന്ന് ഇന്ന് വിളിക്കുന്ന ക്ലാസിക്കല്‍ കൃതികളില്‍ അറബി-മലയാളം എന്ന ഭാഷയെക്കുറിച്ച് അത്ര കൂടുതലായൊന്നും പറയുന്നില്ല. മലയാളമെന്നോ മലൈബാരിയ്യത്ത്(മലയാള ഭാഷയുടെ അറബി പേര്) എന്നോ ആണ് പ്രയോഗിച്ചിട്ടുള്ളത്. ചിലപ്പോഴൊക്കെ അറബി ഹുറൂഫുകള്‍ കൊണ്ട് മലൈബാരിയ്യത്തില്‍(അറബി അക്ഷരങ്ങള്‍ കൊണ്ട് മലയാളത്തില്‍) എന്ന തരത്തിലുള്ള പ്രയോഗങ്ങള്‍ കാണാം. ചരിത്രബോധത്തിന്റെ അഭാവം കൊണ്ട് തുളു-മലയാളം ലിപിമാല, മലയാള ഭാഷയുടെ ഒറിജിനല്‍ അക്ഷരമാലയാണെന്ന് തെറ്റായി ധരിച്ചവരാവാം 'അറബി-മലയാള'മെന്ന പ്രയോഗം ആദ്യമായി നടത്തിയത്. അയഥാര്‍ഥമായ ഒരുതരം സങ്കരത്വം പ്രസ്തുത പദം ദ്യോതിപ്പിക്കുന്നുണ്ട്. മണിപ്രവാളം, മലയാളവും സംസ്‌കൃതവും കൂടിച്ചേര്‍ന്ന സങ്കരഭാഷയാണെന്നതുപോലെ അറബിയും മലയാളവും കൂടിച്ചേര്‍ന്ന സങ്കരഭാഷയല്ല 'അറബി-മലയാളം'. അറബി ലിപിമാല ഉപയോഗിച്ചെഴുതുന്ന ശുദ്ധ മലയാളമാണത്. ഇന്നത്തെ മാനകമലയാളത്തില്‍ ഉള്ളത്രയോ അതിനെക്കാള്‍ കുറവോ വൈദേശിക പദങ്ങള്‍ മാത്രമേ 'അറബി-മലയാളത്തിലുള്ളൂ. അറബി-മലയാളം സങ്കരഭാഷയാണെങ്കില്‍ ആധുനിക മലയാളവും സങ്കരഭാഷയാണ്. മണിപ്രവാളത്തില്‍ സംസ്‌കൃതവിഭക്തികള്‍ ഉപയോഗിക്കുന്നതുപോലെ അറബി-മലയാളത്തില്‍ അറബി വിഭക്തികള്‍ പൊതുവെ ഉപയോഗിക്കാറില്ല. ശാസ്ത്രസാഹിത്യവുമായി ബന്ധപ്പെട്ട് ഇനി വിവരിക്കുന്ന അടിക്കണക്ക് ബൈത്ത് പോലുള്ള അപൂര്‍വം ചില പദ്യങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ ശുദ്ധമായ മലയാളവിഭക്തികള്‍ തന്നെയാണ് 'അറബി-മലയാളത്തില്‍ ഉപയോഗിച്ചിട്ടുള്ളത്. ഇപ്പറഞ്ഞ കാരണങ്ങളാല്‍ ഈ ലേഖനത്തില്‍ ഇനിയുള്ള ചര്‍ച്ചകളില്‍ 'അറബി-മലയാള'മെന്ന പ്രയോഗം ഒഴിവാക്കിയിരിക്കുന്നു.
ശാസ്ത്രവുമായി ബന്ധപ്പെട്ട രചനകളാല്‍ സമ്പന്നമായിരുന്നു മാപ്പിളസാഹിത്യഭാഷ. വൈദ്യശാസ്ത്രവും ജ്യോതിശാസ്ത്രവുമൊക്കെ അവയിലുള്‍പ്പെടുന്നു. കുഞ്ഞിമായിന്‍കുട്ടി വൈദ്യരുടെ അഷ്ടാംഗഹൃദയം പരിഭാഷ അവയില്‍ പ്രാധാന്യമര്‍ഹിക്കുന്നു.1 ജ്യോതിശാസ്ത്രവും ഗോളശാസ്ത്രവും കൈകാര്യം ചെയ്യാതെ മുസ്‌ലിംകളുടെ ദിനേനയുള്ള പ്രാര്‍ഥനകള്‍ നിര്‍വഹിക്കാനാവില്ലല്ലോ. ലോകത്തിലെ മറ്റുഭാഗങ്ങളിലെ മുസ്‌ലിംകളെപ്പോലെ പക്വവും ശാസ്ത്രീയവുമായ കാഴ്ചപ്പാടാണ് മാപ്പിളമാരും ഇക്കാര്യത്തില്‍ പുലര്‍ത്തിയത്. മുസ്‌ലിംകളുടെ മതപരമായ ആഘോഷങ്ങള്‍ ചാന്ദ്രവര്‍ഷത്തിന്റെ അടിസ്ഥാനത്തില്‍ നിര്‍വഹിക്കുകയെന്നത് ഇസ്‌ലാമിന്റെ സാര്‍വലൗകികസാഹോദര്യത്തിന് അനുഗുണമായ നിലപാടായിരുന്നു. മതം, സാമ്രാജ്യത്വമായി മാറാതിരിക്കാന്‍ പ്രസ്തുത നിലപാട് അത്യാവശ്യമായിരുന്നു. ഒരു ദേശീയ ജനവിഭാഗത്തിന്റെ താല്‍പര്യങ്ങള്‍ മറ്റുള്ളവയുടെ മേല്‍ അടിച്ചേല്‍പിക്കുമ്പോഴാണ് മതം സാമ്രാജ്യത്വമായി മാറുന്നത്. ഇസ്‌ലാം അതിന്റെ മതപരമായ ആഘോഷങ്ങളും അനുഷ്ഠാനങ്ങളും നിര്‍വഹിക്കാന്‍ സൗരവര്‍ഷ കലണ്ടര്‍ ഉപയോഗിച്ചിരുന്നുവെങ്കില്‍ ഏതെങ്കിലുമൊരു ദേശീയത മറ്റുള്ള ദേശീയതകളുടെ മേല്‍ അടിച്ചേല്‍പിക്കുന്ന ഒരുതരം സാമ്രാജ്യത്വമായി അത് മാറിയേനെ. ലോകത്തെല്ലായിടത്തും കൊയ്ത്തുത്സവങ്ങളും വസന്തോത്സവങ്ങളും ആഘോഷിക്കുന്നത് സൗരവര്‍ഷത്തിന്റെ അടിസ്ഥാനത്തിലാണല്ലോ.
 മഴക്കാലവും വേനല്‍ക്കാലവും വസന്തവും ശരത്തുമെല്ലാം മാറിമാറിവരുന്നത് സൂര്യന്റെ ചലനങ്ങളുടെ അടിസ്ഥാനത്തിലാണെന്നതാണ് കാരണം. അവയെ അടിസ്ഥാനമാക്കിയുള്ള ആഘോഷങ്ങള്‍ അതാതു പ്രദേശത്ത് പരിമിതമായിരിക്കും. ഒരു പ്രത്യേക കാലഘട്ടത്തില്‍ ഒരിടത്ത് സുഖകരമായ വസന്തമാകുമ്പോള്‍ മറ്റൊരിടത്ത് ദുസ്സഹമായ ഋതുവായിരിക്കും. ഒരു പ്രദേശത്തുണ്ടായ മതം അവിടത്തെ കാലാവസ്ഥയുടെ അടിസ്ഥാനത്തില്‍ സ്വീകരിച്ച ആഘോഷങ്ങള്‍ മറ്റൊരു സ്ഥലത്ത് പ്രസ്തുതമതത്തിന് അനുയായികളുണ്ടാകുമ്പോള്‍ അവിടെയും അതേ ദിവസം ആഘോഷിക്കുകയാണെങ്കില്‍ വേറെയിടങ്ങളില്‍ ഗ്രീഷ്മവും ഹേമന്തവുമൊക്കെയായിരിക്കുമല്ലോ. യൂറോപ്പില്‍ എല്ലായ്‌പ്പോഴും ക്രിസ്തുമസ്സും പുതുവത്സരവും ആഘോഷിക്കുന്നത് മഞ്ഞുമൂടിക്കിടക്കുന്ന പഞ്ഞകാലത്താണെന്നത് ഇതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ്. ഇസ്‌ലാമിലെ മതപരമായ ആഘോഷങ്ങള്‍ സൂര്യവര്‍ഷത്തിന്റെ അടിസ്ഥാനത്തിലായിരുന്നുവെങ്കില്‍ അവയിലും ഈ പ്രശ്‌നം നിലനിന്നേനെ. എന്നാല്‍, അവ ചാന്ദ്രവര്‍ഷത്തിന്റെ അടിസ്ഥാനത്തിലായതുകൊണ്ടുതന്നെ ഇതില്‍ നിന്നു മുക്തമാണ്. ലോകത്തിന്റെ ഏതു മൂലയില്‍ വസിക്കുന്ന വ്യക്തിയായാലും ഇസ്‌ലാമിലെ എല്ലാ ആഘോഷങ്ങളും അനുഷ്ഠാനങ്ങളും മാറി മാറി എല്ലാ കാലഘട്ടങ്ങളിലും ആചരിക്കാന്‍ നിര്‍ബന്ധിതനാണ് അല്ലെങ്കില്‍ നിര്‍ബന്ധിതയാണ്. മുപ്പതു വര്‍ഷം തുടര്‍ച്ചയായി ഇസ്‌ലാമിക ജീവിതം നയിക്കുന്ന വ്യക്തി ഈ മാറ്റങ്ങളുടെ ഒരു വൃത്തം പൂര്‍ത്തിയാക്കിയിരിക്കും. ഇതാണ് ചാന്ദ്രവര്‍ഷത്തിന്റെ ആവശ്യകത. ഇതല്ലാത്ത പല കാര്യങ്ങളിലും സൂര്യവര്‍ഷത്തെയാണ് മുസ്‌ലിംകള്‍ ആശ്രയിക്കുന്നത്. അഞ്ചുനേരത്തെ നമസ്‌കാരക്കണക്കുകള്‍ സൂര്യന്റെ ചലനങ്ങളെ ആധാരമാക്കിയുള്ളതാണ്. ഇക്കാര്യത്തിന് ലോകത്തിലെ എല്ലാ മുസ്‌ലിംകളും സൂര്യവര്‍ഷമാസങ്ങളെയാണ് ആശ്രയിക്കുന്നത്. ഇന്നത്തെ ക്രിസ്ത്യാനികള്‍ ഗ്രിഗോറിയന്‍ കലണ്ടറിനെന്നതുപോലെ മുസ്‌ലിംകളില്‍ ഇന്ന് ലോകത്ത് നിലനില്‍ക്കുന്ന സൗരവര്‍ഷ കലണ്ടറുകളിലേതെങ്കിലുമൊന്നിന് കൂടുതല്‍ പ്രാധാന്യം നല്‍കാത്തതിനാല്‍ അതാതിടത്തെ ദേശീയതക്കനുസരിച്ചുള്ള നിലപാടാണവര്‍ സ്വീകരിച്ചത്. ഇസ്‌ലാമിന്റെ സാര്‍വലൗകികതക്കിടയിലും വിവിധ ദേശീയ സംസ്‌കാരങ്ങള്‍ മുസ്‌ലിംകള്‍ കൈവെടിയാതിരിക്കാന്‍ ഇത് കാരണമായി. ഉത്തരേന്ത്യക്കാരന്‍ സാവന്‍, ഭാദോം തുടങ്ങിയവയുടെ അടിസ്ഥാനത്തിലും തമിഴന്‍ ആവണിയുടെയും പുരുട്ടാശിയുടെയും മറ്റും അടിസ്ഥാനത്തിലും മാപ്പിള ചിങ്ങം, കന്നി തുടങ്ങിയവയുടെ അടിസ്ഥാനത്തിലും നമസ്‌കാരക്കണക്കുകളുണ്ടാക്കി. അത്തരത്തിലുള്ള അടിക്കണക്ക് ബൈത്ത് മാപ്പിളസാഹിത്യത്തിന്റെ ഭാഗമാണ്.2 പാശ്ചാത്യ അധിനിവേശത്തെ തുടര്‍ന്ന് ക്രിസ്തുവര്‍ഷ കലണ്ടര്‍ വ്യാപകമായ അടുത്ത കാലത്ത് മാത്രമാണ് ഇതിന് മാറ്റം വന്നത്. ഇന്ന് ക്രിസ്തുവര്‍ഷമാസങ്ങളെ അടിസ്ഥാനമാക്കിയുള്ള നമസ്‌കാരസമയക്രമം കലണ്ടറുകളുടെ കൂടെ ലഭ്യമാണല്ലോ.
മാപ്പിള ഭാഷയിലെ ശാസ്ത്രസാഹിത്യം വിശാലമായ ഒരു വിഷയമാണ്. മാപ്പിളമാരുടെ ജൈവികവും സാംസ്‌കാരികവുമായ പാരമ്പര്യവുമായി കെട്ടുപിണഞ്ഞാണ് അതിന്റെ ഇഴകള്‍ കിടക്കുന്നത്. ഇസ്‌ലാമികവും ഭാരതീയവും കേരളീയവുമായ ഘടകങ്ങള്‍ അവയില്‍ പ്രാധാന്യമര്‍ഹിക്കുന്നു.
മാപ്പിള മലയാളത്തിലെ ശാസ്ത്രസാഹിത്യത്തിന്റെ ചരിത്രതലം മലയാള നാട്ടില്‍ അഥവാ മലയാള ഭാഷയില്‍ മാപ്പിളമാര്‍ അവരുടെ സവിശേഷമായ ലിപി-മലയോടു കൂടിയ സാഹിത്യ രൂപം കൈകാര്യ ചെയ്തിരുന്ന കാലത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. ശാസ്ത്രത്തെ ശുദ്ധശാസ്ത്രം, പ്രയുക്ത ശാസ്ത്രം എന്നിങ്ങനെ രണ്ടായി തിരിക്കാം. ശുദ്ധ ശാസ്ത്രം പ്രാചീന ഭാരതത്തില്‍ ദര്‍ശനങ്ങളെന്ന ശീര്‍ഷകത്തില്‍ തത്ത്വചിന്തയുടെ കൂടെയാണ് വിവരിക്കപ്പെട്ടിട്ടുള്ളത്. സാംഖ്യദര്‍ശനവും വൈശേഷിക ദര്‍ശനവുമാണ് ഉദാഹരണങ്ങള്‍. പ്രമേയത്തിനാണ്3 പ്രാധാന്യം കൊടുക്കുന്നതെന്നതിനാല്‍ ഇവയുടെ ഉള്ളടക്കത്തില്‍ ശാസ്ത്രത്തിനാണ് പ്രാധാന്യം കൂടുതലുള്ളത്. വൈദ്യശാസ്ത്രവും തച്ചുശാസ്ത്രവുമൊക്കെ മനുഷ്യര്‍ ആദ്യം തന്നെ കൈകാര്യം ചെയ്തു തുടങ്ങിയ പ്രയുക്ത ശാസ്ത്ര ശാഖകളാണ്. ജ്യോതിശാസ്ത്രത്തിനാവട്ടെ ശുദ്ധശാസ്ത്രത്തിന്റെ സ്വഭാവമാണ് കൂടുതലുള്ളത്. മാപ്പിളമലയാളത്തില്‍ തച്ചുശാസ്ത്രസംബന്ധമായ രചനകള്‍ താരതമ്യേന കുറവാണ്. പ്രസ്തുത ശാസ്ത്രശാഖ പരമ്പരാഗതമായി കൈകാര്യം ചെയ്തുവന്ന ജനവിഭാഗങ്ങളുമായി മുസ്‌ലിംകള്‍ക്ക് നല്ല തരത്തിലുള്ള സഹവര്‍ത്തിത്തമാണ് ഉണ്ടായിരുന്നതെന്നതിനാല്‍ തന്നെ സ്വന്തമായി അത് കൈകാര്യം ചെയ്യേണ്ടിവന്ന അവസരങ്ങള്‍ കുറവാണ്. ഇതര ശാസ്ത്രശാഖകളുമായി താരതമ്യംചെയ്യുമ്പോള്‍ കുറവാണെന്നു മാത്രമേ പറയാനൊക്കൂ; തീരെ ഇല്ലെന്നു പറയാനാവില്ല.
ഭൗതികശാസ്ത്രത്തിന്റെ അടിസ്ഥാനമായ ഭൂതസങ്കല്‍പത്തില്‍ തന്നെ മാപ്പിളമലയാളത്തിന്റെ തനിമ തുടങ്ങുന്നു. ഇക്കാര്യത്തില്‍ ഗ്രീക്ക്, ഇന്ത്യന്‍ തത്ത്വചിന്തകള്‍ തമ്മിലുള്ള വ്യത്യാസം ആകാശഭൂതത്തിന്റെ സാന്നിധ്യത്തിലാണല്ലോ. എമ്പെഡോക്കള്‍സ് ആണ് ഗ്രീക്ക് ചതുര്‍ഭൂതസിദ്ധാന്തം രൂപപ്പെടുത്തിയത്. ഭൂതങ്ങളുടെ ഇല്ലായ്മയെയാണ് ഈഥര്‍ പ്രതിനിധാനം ചെയ്തത്. എന്നാല്‍, ലോകായതം അഥവാ ചാര്‍വാകസരണി ഒഴികെയുള്ള ഇന്ത്യന്‍ തത്ത്വചിന്താപദ്ധതികളിലാവട്ടെ, ഈഥറിനെ അഥവാ ആകാശഭൂതത്തെ കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പഞ്ചഭൂതസങ്കല്‍പമാണ് നിലവിലുള്ളത്. മാപ്പിള ശാസ്ത്രസാഹിത്യത്തില്‍ ഈ രണ്ടു സമീപനരീതികള്‍ക്കും വേരോട്ടമുണ്ട്. ചില ഗ്രന്ഥങ്ങള്‍ യവനസമീപന രീതിയോട് കൂടുതല്‍ ആഭിമുഖ്യം പുലര്‍ത്തുന്നതുകാണാം.

 പല ഗ്രന്ഥങ്ങളിലും ഭൂതങ്ങളുടെ പച്ചമലയാളം പേരുകളാണ് ഉപയോഗിച്ചിട്ടുള്ളത്. ഉദാ: തീ, കാറ്റ്, മണ്ണ്, വെള്ളം/തണ്ണീര്‍.
യവനചതുര്‍ഭൂതസിദ്ധാന്തത്തോട് കൂടുതല്‍ ഒട്ടി നിന്നതിന്റെ ഫലമായി ചിലപ്പോഴൊക്കെ ഇന്ത്യയിലെ പഞ്ചഭൂതസിദ്ധാന്തത്തില്‍നിന്ന് വ്യത്യസ്തമായ പരാമര്‍ശങ്ങളും കാണാം. കൊങ്ങണം വീട്ടില്‍ അഹ്മദ് എന്ന ബാവ മുസ്‌ലിയാരുടെ 'ഉപകാരം' എന്ന പ്രസിദ്ധമായ ഗ്രന്ഥത്തിലെ ഇന്ദ്രിയാര്‍ഥ വിവരണത്തില്‍ ഇത് വ്യക്തമാണ്.4 കാഴ്ചയെ തീയിനോട് ബന്ധിപ്പിച്ച അദ്ദേഹം മറ്റുള്ള ഇന്ദ്രിയാര്‍ഥങ്ങളെ വിവരിക്കുന്നത് സാമ്പ്രദായികമായ ഇന്ത്യന്‍ രീതികളില്‍നിന്ന് വ്യത്യസ്തമായാണ്. ഇതനുസരിച്ച് കേള്‍വി കാറ്റിനോടും വാസന ജലത്തോടും സ്വാദ് പൃഥ്വി(ഭൂമി)യോടും ബന്ധപ്പെട്ട ഇന്ദ്രിയാര്‍ഥങ്ങളായി മാറുന്നു.
കേരളത്തിലെ നാട്ടുശാസ്ത്ര പാരമ്പര്യത്തില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നത് ഋതുവര്‍ണനകളാണ്. അന്തര്‍ദേശീയ തലത്തിലും ദേശീയ തലത്തിലുമുള്ള സാമ്പ്രദായിക രീതിയില്‍ ഒതുങ്ങുന്നതല്ല, കേരളത്തിന്റെ ഭൂമിശാസ്ത്രം. ഉഷ്ണമേഖലയില്‍ കിടക്കുന്നുവെന്നതു മാത്രമല്ല, കിഴക്ക് സഹ്യപര്‍വതം ഒരു മതിലായി നിലകൊള്ളുന്നുവെന്നതും ഇവിടത്തെ കാലാവസ്ഥയെ അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടില്‍നിന്നുപോലും വേറിട്ടതാക്കുന്നു. ഇടവപ്പാതി, തുലാവര്‍ഷം എന്നിങ്ങനെ വര്‍ഷത്തില്‍ രണ്ടു പ്രാവശ്യം നമുക്ക് മഴ ലഭിക്കുന്നു. ഒരുവര്‍ഷത്തെ മൊത്തം നാലായി വിഭജിച്ചുകൊണ്ടുള്ള ഋതുഗണനാരീതിയാണ് അന്തര്‍ദേശീയ തലത്തിലുള്ളത്. ഉത്തരേന്ത്യന്‍ കണക്കനുസരിച്ചാവട്ടെ ആറ് ഋതുക്കളുണ്ട്. സംസ്‌കൃത ഗ്രന്ഥങ്ങളില്‍ വിവരിക്കുന്നത് ഈ രണ്ടുമാസങ്ങള്‍ വീതം ചേര്‍ന്ന് കൊണ്ട് ആറുതരത്തിലുള്ള ഋതുഗണനയാണ്. മാഘം, ഫാല്‍ഗുനം, ഛൈത്രം, വൈശാഖം, ജ്യേഷ്ഠം, ആഷാഢം, ശ്രാവണം, ഭാദ്രം(ഭാദ്രപദം), ആശ്വിനം, കാര്‍ത്തികം, മാര്‍ഗശീര്‍ഷം(മൃഗശീര്‍ഷം), പൗഷം എന്നിങ്ങനെയുള്ള പട്ടികയിലെ ഈ രണ്ടു മാസങ്ങള്‍ ചേര്‍ന്നുള്ള ശിശിരം, വസന്തം, ഗ്രീഷ്മം, ശരത്, ഹേമന്തം എന്നിവയാണവ. മാപ്പിള ശാസ്ത്രസാഹിത്യങ്ങള്‍ ഈ വിഷയത്തില്‍ വ്യത്യസ്തതരത്തിലുള്ള സമീപനമാണ് പുലര്‍ത്തുന്നത്. അന്തര്‍ദേശീയ ഋതുഗണനയനുസരിച്ചുള്ള അറബിപ്പേരുകള്‍ -സൈഫ്, റബീഅ്, ശിതാഅ്, ഖരീഫ് എന്നിവ- പലപ്പോഴും പ്രയോഗിച്ചതായും കാണാം.
മാപ്പിള ശാസ്ത്രസാഹിത്യത്തില്‍ ഏറ്റവും കൂടുതലായി സാര്‍വലൗകികത പുലര്‍ത്തുന്നത് ജ്യോതിശാസ്ത്രവുമായി ബന്ധപ്പെട്ട രചനകളാണ്. ഇത് പ്രസ്തുത വിഷയത്തിന്റെ സവിശേഷതയാണ്. വിവിധ ശാസ്ത്രശാഖകളില്‍ പ്രാചീനകാലത്തുതന്നെ ഏറ്റവും കൂടുതല്‍ വികസിതമായി കാണുന്നത് ജ്യോതിശാസ്ത്ര രചനകളാണ്. പ്രാദേശിക വൈജാത്യങ്ങള്‍ ഏറ്റവും കുറവും ഈ വിഷയത്തില്‍ തന്നെയാണ്. ഇതിന്റെ കാരണങ്ങള്‍ പലതാണ്. മറ്റുള്ള ശാസ്ത്രശാഖകളില്‍ പ്രാദേശിക ഘടകങ്ങള്‍ക്ക് വലിയൊരളവില്‍ സ്വാധീനമുണ്ട്. തച്ചുശാസ്ത്രമാണ് ഉദാഹരണം. കെട്ടിടനിര്‍മാണത്തിനുള്ള സാമഗ്രികളുടെ ലഭ്യത അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു ഘടകമാണ്. മുഗള്‍ വാസ്തുവിദ്യ ഏറ്റവും വികസിതമായിട്ടുള്ളത് ഉത്തരേന്ത്യയിലാണല്ലോ. എന്നാല്‍, കേരളത്തിലാവട്ടെ അതിന്റെ സ്വാധീനം തീരെയില്ലെന്നു തന്നെ പറയാം. കാലാവസ്ഥയിലും അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതയിലുമുള്ള വ്യത്യാസമാണ് പ്രധാനപ്പെട്ട ഒരു കാരണം. ഇതുതന്നെയാണ് വൈദ്യശാസ്ത്രം പോലുള്ള ഇതരശാസ്ത്രശാഖകളുടെയും അവസ്ഥ. ഔഷധ ദ്രവ്യങ്ങളുടെ ലഭ്യതയില്‍ പ്രാദേശിക വൈജാത്യങ്ങള്‍ക്ക് കാര്യമായ സ്വാധീനമുണ്ട്. കേരളത്തിലെ നാട്ടുവൈദ്യവും തൊട്ടടുത്തുനില്‍ക്കുന്ന തമിഴ്‌നാട്ടിലെ സിദ്ധവൈദ്യസമ്പ്രദായവും തമ്മില്‍ ഖനിജങ്ങളുടെ ഉപയോഗത്തിന്റെ അടിസ്ഥാനത്തിലുള്ള വ്യത്യാസമാണ് ഉദാഹരണം.
എന്നാല്‍, പ്രാദേശിക വൈജാത്യങ്ങളുടെ സ്വാധീനം ജ്യോതിശാസ്ത്രത്തില്‍ ഇത്രയധികമായി ഇല്ല. ഇതിന്റെ കാരണങ്ങള്‍ പലതാണ്. ഭ്രമണം, പരിക്രമണം തുടങ്ങിയ അനുസ്യൂതമായ പ്രവര്‍ത്തനങ്ങളുടെ ഫലമായി ജ്യോതിര്‍ഗോളങ്ങള്‍ ഭൂമിയില്‍ എല്ലായിടത്തും ഒരുപോലെ അനുഭവവേദ്യമാണ്. ധ്രുവപ്രദേശങ്ങള്‍ പോലുള്ള അങ്ങേയറ്റത്തു കിടക്കുന്ന അക്ഷാംശങ്ങളില്‍ മാത്രമാണ് കാര്യമായ വ്യത്യാസമുള്ളത്. മറ്റൊരു കാരണം വിജ്ഞാനങ്ങളുടെ അധിനിവേശങ്ങളുമായി ബന്ധപ്പെട്ടതാണ്. ഇന്ന് പാറ്റന്റ് ചെയ്യപ്പെടാത്ത എല്ലാ അറിവുകളും ആധുനിക വാര്‍ത്താവിനിമയോപാധികളുടെ സഹായത്തോടെ വിവിധ ദേശങ്ങളിലേക്ക് പരക്കാന്‍ അധികസമയം വേണ്ടിവരില്ല. ഇന്റര്‍നെറ്റിന്റെ വരവോടെ ഇതിനെടുക്കുന്ന സമയം ഏതാണ്ട് പൂജ്യമായി ചുരുങ്ങി. ഇത്തരം സൗകര്യങ്ങളില്ലാതിരുന്ന പഴയ കാലത്ത് വിജ്ഞാനങ്ങളുടെ വ്യാപനം മന്ദഗതിയിലായിരുന്നു. എന്നാല്‍, അക്കാലത്ത് എല്ലാവിധ പരിമിതികളെയും ഭേദിച്ചു കൊണ്ടായിരുന്ന പല ജ്യോതിശാസ്ത്ര തത്ത്വങ്ങളും ലോകം മുഴുവന്‍ വ്യാപിച്ചത്. പംഗ്വന്ധന്യായം പോലെ മറ്റൊന്നിന്റെ ചുമലിലേറിയായിരുന്നു ഈ വ്യാപനം. മനുഷ്യന്റെ ഭാവി-ഭൂത- വര്‍ത്തമാനങ്ങളെയെല്ലാം ജ്യോതിര്‍ഗോളങ്ങള്‍ നിയന്ത്രിക്കുന്നുവെന്ന വിശ്വാസമായിരുന്നു അത്. ഈ അന്ധ(വിശ്വാസത്തി)ന്റെ ചുമലിലേറി ഭൂകേന്ദ്രസിദ്ധാന്തം പോലുള്ള കാലികമായ വൈകല്യങ്ങളാല്‍ മുടന്തനായിത്തീര്‍ന്ന അന്നത്തെ ജ്യോതിശാസ്ത്രം ലോകം മുഴുവന്‍ വ്യാപിച്ചു. ലോകത്തെല്ലായിടത്തും വെവ്വേറെയായി പിറവിയെടുക്കുന്നതിനു പകരം ഒരിടത്തുനിന്ന് മറ്റുള്ള ഭാഗങ്ങളിലേക്ക് കയറ്റി അയക്കപ്പെട്ടതായതുകൊണ്ടു തന്നെ പ്രാദേശിക വൈജാത്യങ്ങള്‍ കുറവായിരുന്നു. പ്രഭവസ്ഥാനത്തുപയോഗിച്ചിരുന്ന പേരുകളും സാങ്കേതിക സംജ്ഞകളും തന്നെ മറ്റുള്ള പ്രദേശങ്ങളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടു. ജ്യോതിഷത്തിലെ പല തത്ത്വങ്ങളുടെയും പ്രഭവസ്ഥാനമായി കണക്കാക്കാറുള്ളത് പ്രാചീന ബാബിലോണിയയെയാണ്. ലോകസാഹിത്യത്തിലുണ്ടാകുന്ന എല്ലാ ചലനങ്ങളെയും പെട്ടെന്നു സ്വാംശീകരിക്കാനുള്ള ശക്തി മാപ്പിള മലയാളത്തിനുണ്ടായിരുന്നതു കൊണ്ടുതന്നെ ജ്യോതിഷമെന്ന വിശ്വാസത്തിന്റെ സഹായത്തോടെ ലോകം മുഴുവന്‍ വ്യാപിച്ചിരുന്ന പ്രാഗ് ജ്യോതിശാസ്ത്ര തത്ത്വങ്ങള്‍ അതിലേക്കും വ്യാപിച്ചു.
അര്‍വ്വാചീന ജ്യോതിശാസ്ത്രത്തിന്റെ മുകളില്‍ വിവരിച്ച പ്രത്യേകതകള്‍ കാരണമായി, മാപ്പിള ജ്യോതിശാസ്ത്ര രചനകളില്‍ സിംഹഭാഗവും കേരളത്തിന്റെ ഭൂമിശാസ്ത്ര പരിധിക്കകത്തുനിന്നുള്ള മാപ്പിള സംഭാവനകളെന്നതിനെക്കാള്‍ അറബിയില്‍നിന്നും സംസ്‌കൃതത്തില്‍നിന്നും മറ്റുമുള്ള പകര്‍പ്പുകളാണ്. ഗ്രഹങ്ങളായാലും രാശികളായാലും നക്ഷത്രങ്ങളായാലും ഇക്കാര്യത്തില്‍ വ്യത്യാസമില്ല.
ഭൂകേന്ദ്രസിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിലുള്ള അക്കാലത്തെ ഗ്രഹഗണന തന്നെയാണ് ക്ലാസിക്കല്‍ മാപ്പിള മലയാളത്തിലുമുള്ളത്. അതില്‍, സൂര്യനും ചന്ദ്രനുമൊക്കെ ഗ്രഹങ്ങളായി വരും. ലോകത്തെല്ലായിടത്തും ഇത് ഇങ്ങനെ തന്നെയായിരുന്നു. ഇതുമായി ബന്ധപ്പെട്ട സാമ്യത ഏറ്റവും കൂടുതല്‍ ദൃശ്യമാവുന്നത് ആഴ്ചയിലെ ദിവസങ്ങളുടെ പേരുകളിലാണ്. സെമിറ്റിക്(ബൈബിള്‍) സൃഷ്ടി സങ്കല്‍പത്തിന്റെ അടിസ്ഥാനത്തില്‍ ഒന്നാം ദിവസം, രണ്ടാം ദിവസം തുടങ്ങിയ രീതിയില്‍ എണ്ണുന്ന തരത്തില്‍(ഉദാ. അഹദ്, ഇസ്‌നൈനി തുടങ്ങിയവ) സെമിറ്റിക് ഭാഷകളില്‍ നിലനില്‍ക്കുന്ന ദിവസനാമങ്ങളൊഴിച്ചുനിര്‍ത്തിയാല്‍ ലോകത്തിലെ മിക്കവാറും ഭാഷകളിലുള്ളത് ഗ്രഹങ്ങളുമായി ബന്ധപ്പെടുത്തിയുള്ള പേരുകളാണ്. അറബി-മലയാളം ലിപിമാല ഉപയോഗിച്ച് രചിക്കപ്പെട്ട മാപ്പിള ശാസ്ത്ര സാഹിത്യത്തില്‍ പതിഞ്ഞ ഗ്രഹനാമങ്ങളില്‍ നാട്ടുഭാഷയും അറബിയും സംസ്‌കൃതവുമൊക്കെയുണ്ട്. അവ പട്ടിക ഒന്നില്‍ ചേര്‍ക്കുന്നു. ഇക്കാര്യത്തില്‍ എടുത്തു പറയേണ്ട വസ്തുത നാട്ടുഭാഷയിലെ നാമങ്ങള്‍ തനി ദ്രാവിഡപദങ്ങള്‍ തന്നെയാണെങ്കിലും സംസ്‌കൃതത്തിലെയും അറബിയിലെയും ഇതര ഭാഷകളിലെയും പേരുകളുടെ മൊഴിമാറ്റങ്ങള്‍ മാത്രമാണെന്നതാണ്.
രാശികളുടെ പേരുകളിലും മുകളില്‍ പറഞ്ഞ വസ്തുതയില്‍ വലിയ വ്യത്യാസമില്ല. രാശിനാമങ്ങളായി അറബിപ്പേരുകളും നാട്ടുപേരുകളും മാപ്പിള ശാസ്ത്രസാഹിത്യത്തിലുപയോഗിച്ചിട്ടുണ്ട്. ഹമല്‍(മേടം), സൗര്‍(ഇടവം), ജൗസാഅ്(മിഥുനം), സര്‍താന്‍(കര്‍ക്കടകം), അസദ്(ചിങ്ങം), സുന്‍ബുല(കന്നി), മീസാന്‍(തുലാം), അഖ്‌റബ്(വൃശ്ചികം), ഖൗസ്(ധനു), ജദ്‌യ്(മകരം), ദല്‍വ്(കുംഭം), ഹൂത്ത്(മീനം) എന്നിവയാണവ. ആഴ്ചയിലെ ദിവസങ്ങളുടെ നാട്ടുപേരുകള്‍ ദ്രാവിഡ പദങ്ങളാണെങ്കിലും രാശിനാമങ്ങള്‍ പ്രാകൃതപദങ്ങളോ സംസ്‌കൃതതദ്ഭവങ്ങളോ ആണ്. അവ തന്നെയാണ് കൊല്ലവര്‍ഷ മാസങ്ങളുടെ പേരുകളായി വരുന്നതും. എന്നാല്‍, തമിഴില്‍ രാശികളുടെയും മാസങ്ങളുടെയും പേരുകളായി ദ്രാവിഡപദങ്ങള്‍ വരുന്നുണ്ട്. അതാതു മാസത്തില്‍ സൂര്യന്‍ ഏതു രാശിയില്‍ നില്‍ക്കുന്നുവെന്നതിന്റെ അടിസ്ഥാനത്തിലാണ് മാസങ്ങള്‍ക്ക് ഈ പേരുകളുണ്ടായത്.
നക്ഷത്രങ്ങളുടെ നാമകരണത്തിലും വലിയ വ്യത്യാസമില്ല. അറബിയിലെയും നാട്ടുപാരമ്പര്യത്തിലെയും നക്ഷത്രഗണനകള്‍ തമ്മിലുള്ള ചെറിയ വ്യത്യാസം കൊങ്ങണം വീട്ടില്‍ അഹ്മദ് എന്ന ബാവ മുസ്‌ലിയാര്‍ എടുത്തു കാട്ടുന്നുണ്ടെങ്കിലും ഇത് പരിഗണിക്കാതെയുള്ള രചനകളും ധാരാളമുണ്ട്. മാപ്പിളശാസ്ത്രസാഹിത്യത്തിലുപയോഗിക്കുന്ന നക്ഷത്രനാമങ്ങള്‍ പട്ടിക രണ്ടില്‍ വിവരിക്കുന്നു.
ശാസ്ത്രത്തിന്റെ ഫിലോസഫിയും എപിസ്റ്റമോളജിയുമായി ബന്ധപ്പെട്ട ഒരുപാട് വസ്തുതകള്‍ മാപ്പിളശാസ്ത്രസാഹിത്യത്തിലൂടെ ഒന്ന് കണ്ണോടിച്ചാല്‍ നമുക്ക് കണ്ടെത്താനാവും.
ഇസ്‌ലാമിക ശാസ്ത്രപാരമ്പര്യത്തെക്കുറിച്ചുള്ള ഇസ്‌ലാമിക വായനയും സെക്യുലര്‍ വായനയും എല്ലായ്‌പോഴും ഒന്നാവണമെന്നില്ല. ദൈവിക വെളിപാടെന്ന പരികല്‍പനയുമായി ബന്ധപ്പെട്ടുകിടക്കുന്ന മതങ്ങളുടെ ശാസ്ത്രനിലപാടുകള്‍ക്ക് പല പ്രതിസന്ധികളെയും അതിജീവിക്കേണ്ടിവന്നിട്ടുണ്ട്. മതവും ശാസ്ത്രവും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ തലങ്ങള്‍ നിര്‍ണയിക്കുന്നത് ഈ പ്രതിസന്ധികളാണ്.
ശാസ്ത്രവും മതവും മനുഷ്യന്റെ സാംസ്‌കാരിക ജീവിതത്തിലെ പ്രധാനപ്പെട്ട രണ്ട് ഘടകങ്ങളായതിനാല്‍തന്നെ അവ ഏറക്കുറെ ഒരേ കാലഘട്ടത്തില്‍ പിറവികൊണ്ടിട്ടുണ്ട്. മതത്തിന്റെ രാഷ്ട്രീയഭാവത്തെ മാറ്റിനിര്‍ത്തിയാല്‍ അതിനകത്ത് ശേഷിക്കുന്നത് പ്രധാനമായും ശാസ്ത്രവും തത്ത്വചിന്തയുമാണ്. ഇവ മനുഷ്യധിഷണയുടെ ഒരേ തരത്തിലുള്ള ആകാംക്ഷയുടെ ഉല്‍പന്നങ്ങളാണ്. മതവും ഈ ആകാംക്ഷക്ക് പുറത്തല്ല. മൃഗത്തില്‍നിന്ന് മനുഷ്യനെ വ്യത്യസ്തനാക്കിയ മസ്തിഷ്‌ക വളര്‍ച്ചയിലാണ് ഈ ആകാംക്ഷയുടെ ഉല്‍പത്തി കിടക്കുന്നത്. മനുഷ്യനടങ്ങുന്ന ഈ ഭൗതിക പ്രപഞ്ചം എങ്ങനെയുണ്ടായി, എങ്ങനെ പ്രവര്‍ത്തിക്കുന്നു തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനാണ് മതവും ശാസ്ത്രവും തത്ത്വചിന്തയും ശ്രമിക്കുന്നത്. തത്ത്വചിന്തയുടെ പ്രവര്‍ത്തനം പൂര്‍ണമായും ഇത് മാത്രമാണെന്നു പറയാം. രാഷ്ട്രീയവും സദാചാരവുമൊക്കെ മതത്തിന്റെ ഭാഗമാണ്. പരീക്ഷണ നിരീക്ഷണങ്ങള്‍ ശാസ്ത്രത്തിന്റെ ഭാഗമാണ്.
ആര്‍ഷ സാഹിത്യത്തിലെ പല കൃതികളും പൂര്‍ണതയുടെ ഗര്‍വില്‍ അവകാശപ്പെട്ടത് ''യദിഹസ്തി തദന്യത്ര യന്നേഹാസ്തി ന തത് ക്വചിത്'' എന്നാണ്. ഇവിടെയുള്ളത് മറ്റു പലയിടത്തും കണ്ടേക്കാമെങ്കിലും ഇവിടെയില്ലാത്തത് എവിടെയും കാണില്ലെന്ന് നേര്‍ക്കുനേര്‍ വിവര്‍ത്തനം. എന്നു പറഞ്ഞാല്‍, അറിവിനുവേണ്ടി നിങ്ങള്‍ ഇതല്ലാതെ മറ്റൊന്നും വായിക്കുകയോ പഠിക്കുകയോ ചെയ്യേണ്ടതില്ലെന്നു സാരം. ഇത് സമ്പൂര്‍ണമാണെങ്കില്‍ പുറത്തോട്ട് ഒരിക്കലും നോക്കേണ്ടതില്ലല്ലോ. സമ്പൂര്‍ണതയെക്കുറിച്ചുള്ള ഇസ്‌ലാമിന്റെ അവകാശവാദം ഇത്തരത്തിലുള്ളതല്ലായിരുന്നുവെന്ന് നാം പറയുന്നത് ഏതെങ്കിലും ആധുനിക വ്യാഖ്യാനത്തിന്റെ അടിസ്ഥാനത്തിലല്ല. ഖുര്‍ആന്റെ ഒന്നാമത്തെ വ്യാഖ്യാതാവായ പ്രവാചകന്റെ തന്നെ മൊഴികളുടെ അടിസ്ഥാനത്തിലാണ്. ഈന്തപ്പനയിലെ കൃത്രിമ പരാഗണത്തിന്റെ മതവിധികളെക്കുറിച്ച് ഖുര്‍ആനില്‍ തിരയുന്നതിനു പകരം അനുഭവത്തിലൂടെ ലഭിച്ച ശാസ്ത്രജ്ഞാനവുമായി മുമ്പോട്ടു പോകാനാണ് അവസാനം അദ്ദേഹം ആവശ്യപ്പെട്ടത്. അതുപോലെ, അറിവുനേടി ചൈനവരെ പോകാന്‍ നടത്തിയ ആഹ്വാനം ഖുര്‍ആനിലും നബിവചനങ്ങളിലും വട്ടം കറങ്ങി നടന്നാല്‍ മാത്രം മതിയല്ലെന്നുള്ളതിന്റെ കൃത്യമായ സൂചനയാണ്. പക്ഷേ, ഈ സൂചന തിരിയാത്തവര്‍ പ്രവാചകന്റെ സമുദായത്തിലുണ്ടായിരുന്നുവെന്നതിന്റെ സൂചനകളും ധാരാളമായി ലഭ്യമാണ്. യൂനാനി(ഗ്രീക്ക്) വൈദ്യത്തിനെതിരെ പ്രവാചക വൈദ്യമെന്ന ചികിത്സാ സമ്പ്രദായം വളര്‍ത്തിക്കൊണ്ടുവരാന്‍ ചിലര്‍ വട്ടംകൂട്ടിയത് അത്തരത്തിലുള്ള ആദ്യത്തെ സൂചനകളിലൊന്നാണ്. ഹിജാസിലും ചുറ്റുവട്ടത്തിലും രാഷ്ട്രീയരംഗത്ത് സുഊദി കുടുംബാധിപത്യവും മതരംഗത്ത് മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹാബിന്റെ ആശയങ്ങളുടെ ആധിപത്യവും ഊട്ടിയുറപ്പിക്കാനായി വാളുമെടുത്തിറങ്ങിയ പോരാളികള്‍ക്ക് കിട്ടിയ നിര്‍ദേശം കണ്ടുകിട്ടുന്ന ഗ്രന്ഥങ്ങളില്‍ ഖുര്‍ആനും ഹദീസുമല്ലാത്തവയെ മുഴുവന്‍ കത്തിച്ചാമ്പലാക്കാനാണ്. ഇന്ത്യയിലെ ചില ആര്‍ഷ സാഹിത്യകൃതികളെക്കുറിച്ച് ''യദിഹസ്തി തദന്യത്ര യന്നേഹാസ്തി ന തത് ക്വചിത്'' എന്ന് എഴുതിപ്പിടിപ്പിച്ചവരുടെ മാനസികാവസ്ഥക്കപ്പുറം വളരാന്‍ സാധിക്കാതിരുന്നവരാണ് വിവിധ കാലഘട്ടങ്ങളില്‍ യുനാനി വൈദ്യസമ്പ്രദായത്തെ എതിര്‍ക്കുകയും ഖുര്‍ആനും ഹദീസുമല്ലാത്ത ഗ്രന്ഥങ്ങളെ ചുട്ടു കരിക്കാന്‍ ആഹ്വാനം നല്‍കുകയുമൊക്കെ ചെയ്തത്. ഖലേ കപോതന്യായം എന്നൊരു യുക്തി സംസ്‌കൃതത്തിലുണ്ട്. ഒരു കളത്തില്‍ നിറയെ ധാന്യങ്ങളുണ്ടെങ്കിലും കിളിക്ക് അതിന്റെ കൊക്കിലൊതുങ്ങുന്നതു മാത്രമേ കൊത്താന്‍ സാധിക്കുകയുള്ളൂ. യുനാനി വൈദ്യ സമ്പ്രദായത്തെ എതിര്‍ത്തവരെ സംബന്ധിച്ചിടത്തോളം അത് ഇസ്‌ലാമിക സമൂഹത്തിന് പുറത്തുള്ള ഗ്രീക്ക് നാഗരികതയില്‍നിന്ന് വന്നതാണ്. എല്ലാ അറിവിന്റെയും ഉടയവനായ പടച്ചതമ്പുരാന്റെ വെളിപാട് നേരിട്ട് ലഭിച്ച പ്രവാചകന്‍ അതിനെക്കാള്‍ വലിയ വൈദ്യശാസ്ത്ര വിധികള്‍ ഉപദേശിച്ചിട്ടുണ്ടാവണമെന്ന് അവര്‍ വിശ്വസിച്ചു.
മനുഷ്യനെ മറ്റുള്ള മൃഗങ്ങളില്‍നിന്ന് വ്യത്യസ്തനാക്കുന്ന ഘടകങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് ചിന്താശക്തിയാണ്. ചിന്തിക്കാനും അന്വേഷിക്കാനും മനുഷ്യരോട് ആവശ്യപ്പെടുന്ന ഖുര്‍ആന്‍ വാക്യങ്ങളും ധാരാളമുണ്ട്. സ്പൂണ്‍ ഫീഡിംഗ് രൂപത്തില്‍ എല്ലാ അറിവുകളും ഒരു ഗ്രന്ഥത്തിലാക്കി മനുഷ്യര്‍ക്കു തന്നിട്ടുണ്ടെങ്കില്‍ അങ്ങനെ ആവശ്യപ്പെടില്ലല്ലോ. ദൈവിക വെളിപാട് പ്രധാനമായും മാര്‍ഗദര്‍ശനവുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്.
ശാസ്ത്രവും ശാസ്ത്രവിരുദ്ധതയും തമ്മിലുള്ള പോരാട്ടത്തില്‍ ശാസ്ത്രം വിജയിക്കുക തന്നെ ചെയ്തു. അബ്ബാസിയാ കാലഘട്ടത്തില്‍ ശാസ്ത്രത്തിന് അങ്ങനെയാണ് അഭിവൃദ്ധിയുണ്ടായത്. മധ്യകാലഘട്ടത്തിലെ ശാസ്ത്രത്തിന്റെ പ്രതിനിധികളായി മുസ്‌ലിംകള്‍ മാറി. ഇബ്‌നുസീനയുടെ അല്‍ ഖാനൂന്‍ ഫിത്തിബ്ബ് പല യൂണിവേഴ്‌സിറ്റികളിലും വൈദ്യശാസ്ത്രപാഠപുസ്തകമായി. ഇന്ത്യപോലുള്ള രാജ്യങ്ങളില്‍ യുനാനി എന്നത് മുസ്‌ലിം വൈദ്യശാസ്ത്രത്തിന്റെ പര്യായമായി അറിയപ്പെടത്തക്കവിധത്തില്‍ ഗ്രീക്ക് വൈദ്യസമ്പ്രദായത്തിന് മുസ്‌ലിം സമൂഹത്തില്‍ സ്വീകാര്യത കൈവന്നു. ഹിപ്പോക്രാറ്റിസും ഗാലനുമൊക്കെ നിര്‍ത്തിയ ഇടത്തുവെച്ച് ഇബ്‌നു സീനയെയും റാസിയെയും പോലുള്ളവര്‍ ഗവേഷണം തുടര്‍ന്നു. മുസ്‌ലിം ശാസ്ത്രജ്ഞരുടെ ഗവേഷണഫലങ്ങളില്‍ ഹിപ്പോക്രാറ്റിസിനെയും ഗാലനെയും പോലുള്ള മുന്‍കാലങ്ങളിലെ മുടിചൂടാമന്നന്മാരുടെ നിഗമനങ്ങളെ കടപുഴക്കുന്ന പലതുമുണ്ടായിരുന്നു. അത്തരം അറിവുകളില്‍ ചിലതൊക്കെ ലോകത്തോട് തുറന്നുപറയാന്‍ പേടിയായിരുന്നു. മനുഷ്യന്റെ കീഴ്ത്താടിയെല്ല് രണ്ടല്ലെന്നും ഒന്നാണെന്നുമുള്ള അബ്ദുല്ലത്തീഫുല്‍ ബഗ്ദാദിയുടെ കണ്ടുപിടുത്തം അക്കൂട്ടത്തില്‍ പ്രാധാന്യമര്‍ഹിക്കുന്നു.6 ഗാലനെ തിരുത്തിപ്പറഞ്ഞാല്‍ ലോകം സ്വീകരിക്കുമോയെന്ന ഭയമായിരുന്നു അതിനു പിന്നില്‍. ഗാലനെ തിരുത്തുകയല്ലെന്നും അദ്ദേഹം പറഞ്ഞുവെച്ചത് വിശദീകരിക്കുക മാത്രമാണ് താന്‍ ചെയ്യുന്നതെന്നുമുള്ള മുഖവുരയോടെയാണ് അബ്ദുല്ലത്തീഫുല്‍ ബഗ്ദാദി താന്‍ കണ്ട സത്യങ്ങള്‍ ലോകത്തോട് പറഞ്ഞത്. ഇതേ പ്രശ്‌നം ജ്യോതിശാസ്ത്രരംഗത്തും ഉണ്ടായിരുന്നു. സൗരയൂഥവുമായി ബന്ധപ്പെട്ട കണ്ടുപിടിത്തങ്ങളാണ് ഒരു ഉദാഹരണം. ടോളമിയുടെ ഭൂകേന്ദ്രസിദ്ധാന്തത്തിനെതിരായ പലതും ഗവേഷണനിരീക്ഷണങ്ങളില്‍ കണ്ടെത്തിയ തൂസിയെപ്പോലുള്ളവര്‍ ടോളമി പറഞ്ഞതിലുള്ള വിശ്വാസം കൊണ്ടുമാത്രം സൗരകേന്ദ്രസിദ്ധാന്തത്തിലേക്കു മാറിയില്ല. ഫലമാവട്ടെ സൗരകേന്ദ്രസിദ്ധാന്തം രൂപപ്പെടുത്തിയതിന്റെ ബഹുമതി പിന്നീട് പാശ്ചാത്യര്‍ക്ക് ലഭിച്ചുവെന്നതാണ്.
ഭൗതികശാസ്ത്രം അഥവാ ഖുര്‍ആനും നബിവചനങ്ങള്‍ക്കും പുറത്തുള്ള കാര്യങ്ങള്‍ സ്വീകരിക്കുന്നതിനുള്ള വിമുഖതയായിരുന്നു ആദ്യകാലത്തെ പ്രശ്‌നമെങ്കില്‍ പിന്നീട് സംഭവം നേരെ തിരിച്ചായി. വിജ്ഞാനങ്ങളെ മഅ്‌ലൂഖാത്ത്, മന്‍ഖൂലാത്ത് എന്നിങ്ങനെ വ്യക്തമായി വര്‍ഗീകരിച്ചുകൊണ്ട് ഏറ്റവും ശാസ്ത്രീയമായ നിലപാട് സ്വീകരിച്ചവര്‍ പിന്നീട് കാലത്തിന് മഅ്‌ലൂഖാത്തിനു മേലുള്ള സ്വാധീനത്തിനു മുന്നില്‍ പകച്ചുനിന്നു. അതിന്റെ അലകള്‍ മാപ്പിളശാസ്ത്രസാഹിത്യത്തിലും കാണാം.
മഅ്‌ലൂഖാത്ത് അഥവാ ഭൗതിക വിജ്ഞാനീയങ്ങള്‍ മനുഷ്യ ധിഷണയുടെ ഉല്‍പന്നങ്ങളാണ്. അപൂര്‍ണതയില്‍നിന്ന് പൂര്‍ണതയിലേക്ക് വളര്‍ന്നുകൊണ്ടിരിക്കുന്ന ഒന്നാണ് മനുഷ്യധിഷണ. ഭൗതികശാസ്ത്രത്തില്‍ അവസാനവാക്കില്ല. ലോകം അവസാനിക്കുന്നതുവരെ അതില്‍ തിരുത്തലുകള്‍ വന്നു കൊണ്ടേയിരിക്കും. വസ്തുനിഷ്ഠതയാണ് ഭൗതിക ശാസ്ത്രത്തിന്റെ അളവുകോല്‍. അഗസ്റ്റോ കോംറ്റെ പോസിറ്റീവ് സയന്‍സിനെ നിര്‍വചിക്കുന്നത് ഇതിന്റെ അടിസ്ഥാനത്തിലാണ്. പക്ഷേ, ഇതൊരു മാനദണ്ഡമായി വളര്‍ന്നുവരാത്ത കാലത്ത് ശാസ്ത്രത്തെയും വിശ്വാസത്തെയും വേര്‍തിരിക്കാന്‍ ബുദ്ധിമുട്ടായിരുന്നു. മാത്രമല്ല, ശാസ്ത്രം പില്‍ക്കാലത്ത് തള്ളിപ്പറഞ്ഞ സിദ്ധാന്തങ്ങളെ ഒരു ശാസ്ത്രം അതുയര്‍ത്തിപ്പിടിച്ചിരുന്നുവെന്നതിന്റെ പേരില്‍ മാറോടണക്കുന്നത് അന്ധവിശ്വാസമല്ലാതെ മറ്റൊന്നുമല്ല. ജ്യോതിഷത്തോടും ഹോമങ്ങളോടുമൊക്കെ 'അസ്മാഅ് തല്‍സമാത്ത് കിതാബുകള്‍' പുലര്‍ത്തുന്ന സമീപനം.
ശാസ്ത്രീയമായ വിശകലനത്തിന് വിധേയമാവാതെ മാപ്പിളമലയാളത്തിലെ ശാസ്ത്രസാഹിത്യത്തെക്കുറിച്ചുള്ള ചര്‍ച്ച അപൂര്‍ണമാണ്. അത്തരത്തിലുള്ളൊരു വിശകലനമാവട്ടെ ഇത്തരത്തിലുള്ള ചെറിയൊരു ലേഖനത്തിന്റെ പരിധിക്കപ്പുറത്താണു താനും.


കുറിപ്പുകള്‍
1)
മാപ്പിള ശബ്ദത്തോടുള്ള എതിര്‍പ്പ് പലപ്പോഴും അപക്വവും ബാലിശവുമാണ്. മണ്ഡല്‍ കമീഷന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ മുതല്‍ മാപ്പിള സംജ്ഞ പ്രതിക്കൂട്ടില്‍ കയറ്റപ്പെടുന്നുണ്ട്. മാപ്പിളഭാഷ, മാപ്പിളമലയാളം തുടങ്ങിയ പ്രയോഗങ്ങളോടുള്ള എതിര്‍പ്പില്‍ അതിന്റെ തുടര്‍ച്ചയുണ്ട് കൂടുതല്‍ വിശദീകരണത്തിന് ഈയുള്ളവന്റെ 'സംവരണം' എന്ന പുസ്തകം കാണുക.
2) ''
മേടം വ ചിങ്ങം രണ്ടിലും സമാനിയ
ഫീ എടവമീനം കര്‍ക്കടത്തില്‍ താസിഅ .....''
എന്നു തുടങ്ങുന്നതാണ് ഏറ്റവും പ്രചാരമുള്ള അടിക്കണക്ക് ബൈത്ത്.
അവലംബം: 145 വക മൗലിദ് കിതാബ്, സി.എച്ച് മുഹമ്മദ് ആന്റ് സണ്‍സ്, തിരൂരങ്ങാടി, 1950, പേജ് 243
3)
പഠിക്കപ്പെടേണ്ട വസ്തു അഥവാ ഭൗതിക പ്രപഞ്ചം ആണ് പ്രമേയം. ഭൗതികശാസ്ത്രങ്ങള്‍ അതാണ് കൈകാര്യം ചെയ്യുന്നത്. പ്രമാണ(പഠനത്തിനെ മാനദണ്ഡ)വുമായുള്ള ചര്‍ച്ചകള്‍ എപിസ്റ്റമോളജിയുടെ പരിധിയിലാണ് വരിക.
4)
കൊങ്ങണം വീട്ടില്‍ അഹ്മദ് എന്ന ബാവ മുസ്‌ലിയാര്‍, ഉപകാരം (ഉപകാരതര്‍ജമ കിതാബ്), ആമിറുല്‍ ഇസ്‌ലാം ലിതോ പവര്‍ പ്രസ്, തിരൂരങ്ങാടി, പേജ് 232
5 J. Christoph Burgel, Secular and Religious Features of Medieval Arabic Medicine, Asan
Medical Sciences, Motilal Banarsidas, Delhi, Pages 46&47
6) Ibid, Page 45

(Ref: Bodhanam)