Thursday 3 May 2012

മാപ്പിളവാമൊഴിയും മതാത്മക സംസ്‌കാരവും

ജമീല്‍ അഹ്മദ്

സവിശേഷമായ വാമൊഴിവഴക്കംകൊണ്ടു കൂടി കേരള സംസ്‌കാരത്തിന് തനതായ മുദ്രനല്കിയ സാമുദായിക വിഭാഗം കൂടിയാണ് മുസ്‌ലിം മാപ്പിളമാര്‍. അവരുടെ വാമൊഴിക്ക് ഈണത്തിലും ഉച്ചാരണത്തിലുമുള്ള വ്യത്യസ്തതകള്‍ക്കു പുറമെ സ്വനതലം മുതല്‍ വാക്യഘടനാതലം വരെ സ്പര്‍ശിക്കുന്ന വ്യതിരിക്തതകളുമുണ്ട്. തങ്ങള്‍ വിശ്വസിക്കുന്ന മതവുമായി ജീവിത വ്യവഹാരങ്ങളുടെ സകല സന്ദര്‍ഭങ്ങളിലും ആചാരപരമായി ബന്ധിക്കപ്പെട്ട ഒരു സമുദായം കൂടിയാണ് മാപ്പിളമാര്‍. അതിനാല്‍ത്തന്നെ അവരുടെ വാമൊഴിയില്‍ മതത്തിന്റെ സ്വാധീനം അധിക അളവില്‍ കാണുന്നു. ഏറനാടന്‍ മാപ്പിളമാരുടെ വാമൊഴിയിലെ മതാത്മകമായ ഘടകങ്ങളെ വിശകലനം ചെയ്യുകയാണിവിടെ. ജീവിതത്തിന്റെ ആന്തരികഘടനയില്‍ മാപ്പിളമാര്‍ ഇസ്‌ലാം മതവുമായി പുലര്‍ത്തുന്ന ഗാഢബന്ധമാണ് കേരളത്തിലെ മറ്റു സമുദായങ്ങളെ അപേക്ഷിച്ച് മതത്തെ കൂടുതല്‍ വൈകാരികമായും തീവ്രമായും മുസ്‌ലിം മാപ്പിളമാര്‍ ഉള്‍ക്കൊള്ളാനും പ്രകടിപ്പിക്കാനും തയ്യാറാവുന്നതിന്റെ ആധാരകാരണം എന്ന് ഈ വിശകലനത്തിലൂടെ തെളിയുന്നു.

എന്താണ് മതാത്മക ഭാഷ?

ഏറനാടന്‍ മാപ്പിളമാരുടെ പൊതുഭാഷാ വ്യവഹാരങ്ങളില്‍ സങ്കേത വ്യവസ്ഥാമാറ്റത്തിന് (കോഡ് സ്വിച്ചിംഗ്) വളരെ പ്രാധാന്യമുണ്ട്. മതപരമായ സന്ദര്‍ഭങ്ങളിലും സമുദായത്തിനകത്തുള്ള വ്യക്തിയോട് സംസാരിക്കുമ്പോഴും ഉപയോഗിക്കുന്ന പദവിന്യാസമല്ല സമുദായത്തിനു പുറത്തുള്ളവരോട് സംസാരിക്കുമ്പോള്‍ മാപ്പിള ഉപയോഗിക്കുന്നത്. ഇത്തരം മാറ്റത്തെയാണ് 'സങ്കേതവ്യവസ്ഥാമാറ്റം' എന്നതുകൊണ്ടുദ്ദേശിക്കുന്നത്.
ആചാരങ്ങള്‍, അനുഷ്ഠാനങ്ങള്‍, മതപരമായ ചടങ്ങുകള്‍ എന്നിവയ്ക്കുപയോഗിക്കുന്ന സവിശേഷമായ ഭാഷാരീതികള്‍ ഭാഷാഭേദങ്ങളിലെ നിയന്ത്രിതഭാഷാവ്യവഹാരങ്ങള്‍ ആണ്. ഭാഷാഭേദങ്ങളെപ്പോലെ സമാനമായ സാമൂഹിക സാഹചര്യങ്ങളില്‍ മാത്രം ഉപയുക്തമാകുന്ന ഭാഷാ സ്വഭാവമാണ് വ്യതിയാനഭാഷ (Variety). സാമൂഹിക ഭാഷാശാസ്ത്രത്തെ സംബന്ധിച്ചിടത്തോളം പ്രയോഗിക്കുന്ന ആളുമായി ബന്ധപ്പെട്ട വ്യതിയാന ഭാഷയാണ് സാന്ദര്‍ഭിക ഭാഷണ(Register)ത്തെ നിര്‍ണയിക്കുന്നത്. ഒരു ഭാഷണസമൂഹത്തിലെ അംഗം സന്ദര്‍ഭങ്ങളും സാഹചര്യങ്ങളുമനുസരിച്ച് തന്റെ ഭാഷയെ പലതരത്തില്‍ മാറ്റിപ്പണിയുന്നുണ്ട്. അത്തരം മാറ്റങ്ങളെയാണ് 'സാന്ദര്‍ഭിക ഭാഷണം' എന്നു വിളിക്കുന്നത്. ഏറനാടന്‍ മാപ്പിളമാരുടെ മതപരമായ ചടങ്ങുകളിലെയും ആരാധനാവസരങ്ങളിലെയും മലയാള ഭാഷാപ്രയോഗത്തെ സാന്ദര്‍ഭിക ഭാഷണമായാണ് വിശകലനം ചെയ്യേണ്ടത്. മതപരമായ വിശ്വാസം, ആചാരം എന്നിവയെ പ്രതിഫലിപ്പിക്കുന്ന ഒട്ടേറെ വാക്കുകള്‍ മാപ്പിള വാമൊഴിയിലുണ്ട്. മതപരമല്ലാത്ത ചില സാമൂഹിക സന്ദര്‍ഭങ്ങളിലും അവ ഉപയോഗിക്കുമെങ്കിലും മതപരമായ അര്‍ഥതലമാണ് ആ വാക്കുകള്‍ക്കുള്ളത്. ഇസ്‌ലാമികത എന്നതിന്റെ സാംസ്‌കാരിക ചിഹ്നമായി ഭാഷ പ്രവര്‍ത്തിക്കുന്നതിന് ഉദാഹരണംകൂടിയാണ് ആ വാക്കുകള്‍. ഈമാന്‍, ഇസ്‌ലാം തുടങ്ങിയ അറബി വാക്കുകളും മാര്‍ക്കം, പുതുമുസ്‌ലിം തുടങ്ങിയ മലയാളവാക്കുകളും നിവേദനം ചെയ്യുന്ന സാംസ്‌കാരിക തലം തികച്ചും മതാത്മകമാണ്. അത്തരം വാക്കുകകള്‍ വിശകലനം ചെയ്താല്‍ വാമൊഴിയിലെ മതാത്മക ഘടകങ്ങളെക്കുറിച്ച് കൂടുതല്‍ വെളിച്ചം ലഭിക്കും.

ആരാധനകളും വാമൊഴിയും

ആരാധനാ വേളകളില്‍ മുസ്‌ലിംകള്‍ ഉപയോഗിക്കുന്ന വാക്കുകളില്‍ ഭൂരിപക്ഷവും അറബിഭാഷയിലുള്ളതാണ്. ആരാധനയ്ക്ക് ഇബാദത്ത് എന്ന അറബി വാക്കാണ് ഉപയോഗിക്കുന്നത്. നമസ്‌കാരം പോലുള്ള അനുഷ്ഠാന വേളയില്‍ അറബിയല്ലാത്ത വാക്കുകള്‍ കടന്നുവരുന്നത് ആരാധനയുടെ ഫായിദ (ഫലശ്രുതി) കെടുത്തിക്കളയും എന്ന വിശ്വാസവും ശക്തമാണ്. അതുപ്രകാരം വെള്ളിയാഴ്ച മധ്യാഹ്ന വേളയിലുള്ള പ്രത്യേക മുസ്‌ലിം സാമൂഹിക ആരാധനയായ ജുമുഅയോടനുബന്ധിച്ചുള്ള ഉപദേശപ്രസംഗം (ഖുത്തുബ) അറബിഭാഷയിലാകണമോ മലയാളത്തിലാകണമോ എന്നത് ഇന്നും മലബാറിലെ മാപ്പിളമാര്‍ക്കിടയില്‍ നിലനില്‍ക്കുന്ന മതപരമായ ഒട്ടേറെ തര്‍ക്കങ്ങളിലൊന്നാണ്. പ്രസ്തുത ഖുത്തുബ, ജുമുഅ എന്ന ആരാധനയുടെ ഭാഗമാണ് എന്നതാണ് ഈ തര്‍ക്കത്തിനു കാരണം. പൂര്‍ണമായ അനുഷ്ഠാന സ്വഭാവമുള്ള ഇസ്‌ലാമിക കര്‍മം നമസ്‌കാരമാണ്. അതിലെ പ്രാര്‍ഥനകള്‍ മുഴുവന്‍ അറബിയാണ്. നോമ്പ്, സക്കാത്ത് എന്നിവ ആരാധനകളില്‍ പെട്ടതാണെങ്കിലും അനുഷ്ഠാനങ്ങള്‍ക്കുപരി സാമൂഹികമായ നിര്‍വഹണതലമാണ് അവയ്ക്ക് ഉള്ളത്. അതിനാല്‍ നോമ്പിലും സക്കാത്തിലും പ്രത്യേക മന്ത്രങ്ങളില്ല. അനുഷ്ഠാനാംശവും സാമൂഹികാംശവും ഇടകലര്‍ന്ന ആരാധനയാണ് ഹജ്ജ്. അതില്‍ മന്ത്രങ്ങള്‍ കുറവാണെങ്കിലും ഉള്ളവയെല്ലാം അറബിഭാഷയിലാണ്.
ഒരു വ്യക്തി മുസ്‌ലിം എന്നനിലയില്‍ ജീവിതത്തിന്റെ വിവിധ സന്ദര്‍ഭങ്ങളില്‍ ഉരുവിടേണ്ട ചില മന്ത്രങ്ങളും പ്രാര്‍ഥനകളും ഇസ്‌ലാം നിര്‍ദേശിക്കുന്നുണ്ട്. ദിക്ര്‍, ദുആ, സ്വലാത്ത്, ഹംദ്, തസ്ബീഹ്, തഹ്‌ലീല്‍ തുടങ്ങി പല പേരുകളില്‍ അവ അറിയപ്പെടുന്നു. അവയില്‍ വളരെ പ്രധാനപ്പെട്ടത് കലിമ എന്നറിയിപ്പെടുന്ന വിശ്വാസവചനങ്ങളാണ്. ലാ ഇലാഹ ഇല്ലല്ലാ, മുഹമ്മദുര്‍റസൂലൂല്ലാ എന്ന വചനം ഉച്ചരിച്ചാലേ ഒരാള്‍ മുസ്‌ലിമാവുകയുള്ളൂ. മറ്റുള്ളവയെല്ലാം ഐച്ഛികമന്ത്രങ്ങളാണ്. അവയുടെ അര്‍ഥം ചൊല്ലല്‍ സാധുവാണെങ്കിലും അറബിയില്‍ തന്നെ ഉച്ചരിക്കുന്നതാണുത്തമമെന്ന് കരുതപ്പെടുന്നു. മതകാര്യങ്ങളില്‍ തല്പരരായ മാപ്പിളമാര്‍ അത്തരം മന്ത്രങ്ങള്‍ സദാ ചൊല്ലാറുണ്ട്. അതിന്റെ എണ്ണം കണക്കാക്കുന്നതിനായി തസ്‌വി എന്ന ജപമാലയും ചിലര്‍ ഉപയോഗിക്കുന്നു. ഒരാള്‍ ഒരു പ്രാര്‍ഥന ചൊല്ലിയാല്‍ കേട്ടുനില്ക്കുന്നവര്‍ ആമീന്‍ (ഉത്തരം നല്‌കേണമേ ) എന്ന് പ്രതിവചിക്കണം. തുമ്മിക്കഴിഞ്ഞാല്‍, മരണവാര്‍ത്ത കേട്ടാല്‍, അപകടവാര്‍ത്ത കേട്ടാല്‍, പ്രവാചകനാമം പരാമര്‍ശിച്ചാല്‍ തുടങ്ങി ചില സവിശേഷ സാഹചര്യങ്ങളില്‍ വക്താവും ശ്രോതാവും ഒരുപോലെ പറയേണ്ട വേറെയും പ്രതിവചന സന്ദര്‍ഭങ്ങളുണ്ട്.
നിര്‍ബന്ധമോ ചെയ്യേണ്ടുന്നതോ ആയ ഒരു ആരാധന നിര്‍വഹിച്ചു കഴിയുന്നതോടെ കടംവീട്ടി എന്നാണ് മാപ്പിള സമാധാനിക്കുക. ആരാധനകള്‍ ദൈവത്തിനുള്ള കടമാണ് എന്ന ഖുര്‍ആനിലെ പരികല്പനയാണ് ആ പ്രയോഗത്തിനു പിന്നിലുള്ളത്. ചെയ്ത ആരാധന നിഷ്ഫലമായിപ്പോകുന്നതിന് ബാത്തിലാവുക എന്ന് പറയുന്നു. ആരാധനകളുമായി ബന്ധപ്പെട്ട ഒട്ടേറെ വാമൊഴി പദങ്ങളുണ്ട്. മദ്ഹബ്(കര്‍മശാസ്ത്ര ശാഖ), ഫിഖ്ഹ്(കര്‍മശാസ്ത്രം), കൂട്ടുപ്രാര്‍ഥന തുടങ്ങി അറബിയിലും മലയാളത്തിലുമുള്ള ആ വാക്കുകളെല്ലാം മാപ്പിളമാര്‍ തങ്ങളുടെ വാമൊഴിയിലും ഉപയോഗിക്കുന്നു.

ശുദ്ധിയെക്കുറിച്ച സങ്കല്‍പവും മാപ്പിളവാമൊഴിയും

വൃത്തിയെ സംബന്ധിച്ച് വിശാസപരവും അനുഷ്ഠാനപരവും ആചാരപരവുമായ സങ്കല്‍പങ്ങള്‍ ഇസ്‌ലാമിലുണ്ട്. മതാത്മകസങ്കല്പങ്ങളില്‍തന്നെ ശുദ്ധി വളരെ പ്രധാനപ്പെട്ട ഒന്നാണ്. ഭാഷയുടെ ശുദ്ധിമുതല്‍ അത് തുടങ്ങുന്നു. അറബിഭാഷ ശുദ്ധമായി ഉച്ചരിക്കുവാനും ഖുര്‍ആന്‍ പാരായണം, മന്ത്രോച്ചാരണം, നമസ്‌കാരം മുതലായ ആരാധനകള്‍ എന്നിവയില്‍ അവ തെറ്റുകൂടാതെ ഉച്ചരിക്കാനും പ്രത്യേക പരിശീലനവും നിര്‍ദേശവും മുസ്‌ലിംകള്‍ പുലര്‍ത്തുന്നു. മലയാളം ഉച്ചരിക്കുന്നതിലും പ്രയോഗിക്കുന്നതിലുമുള്ള അയഞ്ഞ സമീപനവും മനോനിലയും ആരാധനാവസരങ്ങളില്‍ അറബിയുടെ കാര്യത്തില്‍ മാപ്പിളമാര്‍ കാണിക്കാറില്ല. മാത്രമല്ല അറബി അറിയുന്നവര്‍ സാധാരണ സംഭാഷണങ്ങളില്‍ പോലും അറബി പദങ്ങള്‍ ഉച്ചരിക്കുമ്പോള്‍ അക്ഷരശുദ്ധിയില്‍ കണിശത പുലര്‍ത്തുന്നതുകാണാം. അറബി സ്ഫുടമായി ഉച്ചരിക്കാന്‍ കഴിയുക എന്നത് ഒരാളുടെ മതബോധത്തിന്റെകൂടി അടയാളമായി മാപ്പിളമാര്‍ പരിഗണിക്കുന്നു.
ശാരീരികവും മാനസികവുമായ വൃത്തിയും മാപ്പിളമാര്‍ വളരെ പ്രധാനമായി കരുതുന്നു. അശുദ്ധമായ വസ്തുവിനെ കുറിക്കുന്ന നജസ് എന്ന വാക്ക് നജീസ് എന്ന തെറിവാക്കായി മാപ്പിളമാര്‍ ഉപയോഗിക്കുന്നുണ്ട്. ശാരീരികമായി ചെറിയ അശുദ്ധി, വലിയ അശുദ്ധി എന്നീ രണ്ടുതരം അശുദ്ധിസങ്കല്‍പങ്ങള്‍ ഇസ്‌ലാമിലുണ്ട്. രണ്ടും പ്രധാന അനുഷ്ഠാനസമയങ്ങളില്‍ ഉണ്ടാകാന്‍ പാടില്ല. കഴുകിയാല്‍ തീരുന്ന അശുദ്ധിയാണ് ചെറിയ അശുദ്ധി. കഴുകുക, വുദുവെടുക്കുക എന്നിവചെയ്താല്‍ അത് നീങ്ങും. ശരീരത്തിലോ വസ്ത്രത്തിലോ നജസ് പറ്റുക, മലമൂത്ര വിസര്‍ജനമുണ്ടാവുക, അധോവായുപുറപ്പെടുക, ഗാഢമായി ഉറങ്ങുക എന്നിവ ചെറിയ അശുദ്ധിക്ക് കാരണമാകും. വുദുവുള്ള സമയത്ത് അത് ഉണ്ടായാല്‍ വുദു മുറിഞ്ഞു എന്നു പറയുന്നു. വലിയ അശുദ്ധിയുണ്ടായാല്‍ കുളി നിര്‍ബന്ധമാകും. ജനാബത്ത് (ലൈംഗിക വേഴ്ച), ഹയ്‌ള് (സ്ത്രീകളുടെ മാസമുറ), നിഫാസ് (പ്രസവസ്രവം) എന്നിവയാണ് വലിയ അശുദ്ധിയുടെ കാരണങ്ങള്‍. ഈ വാക്കുകളെല്ലാം മാപ്പിള വാമൊഴിയിലെ സവിശേഷ സന്ദര്‍ഭങ്ങളില്‍ ഉപയോഗിക്കുന്ന വാക്കുകള്‍ കൂടിയാണ്. ഉദാഹരണമായി പള്ളിയില്‍ കയറാന്‍ മടികാണിക്കുന്ന ഒരാളെ സൂചിപ്പിക്കാന്‍ 'ഓന്‍ ജനാബത്തുള്ളോനെപ്പോലെ പ്പോലെയാണ്' എന്ന് പ്രയോഗിക്കുന്നു.
പല്ലുതേക്കുന്ന മരക്കൊള്ളിയാണ് മിസ്‌വാക്ക്. മൂത്രമൊഴിച്ചതിനുശേഷം കഴുകല്‍ മുസ്‌ലിമിന് നിര്‍ബന്ധമാണ്. മനോരിക്കല്‍ (മനോഹരിക്കല്‍) എന്ന മലയാള വാക്കുകൊണ്ടാണ് മാപ്പിളമാര്‍ അതിനെ സൂചിപ്പിക്കുന്നത്. ബിസ്മി (അല്ലാഹുവിന്റെ നാമം) ചൊല്ലി അറുത്ത മാംസമേ ഹലാല്‍(അനുവദനീയം, ശുദ്ധി) ആകൂ. പന്നിയിറച്ചിയും അശുദ്ധമായതിനാല്‍ കഴിക്കാവതല്ല. നായ സ്പര്‍ശിച്ച വസ്തുവും അശുദ്ധമാണ്. അത് ഏഴുപ്രാവശ്യം കഴുകിയാലേ ശുദ്ധമാവൂ. ഉണങ്ങിയ വസ്തുക്കളും മണ്ണും എപ്പോഴും ശുദ്ധമായതാണെന്നാണ് സങ്കല്‍പം. ഇങ്ങനെ ശുദ്ധിയുടെ മതസങ്കല്‍പം ജീവിതത്തിലെന്നപോലെ വാമൊഴിയിലും മുസ്‌ലിം മാപ്പിളമാര്‍ പുലര്‍ത്തുന്നു.

നമസ്‌കാരവും മാപ്പിളവാമൊഴിയും

ഒരു മുസ്‌ലിം അഞ്ചുനേരം നിര്‍ബന്ധമായും അനുഷ്ഠക്കേണ്ട (ഫര്‍ദ്) മതകര്‍മമാണ് നമസ്‌കാരം. അത് പള്ളിയില്‍വച്ച് ജമാഅത്തായി (സംഘടിതമായി) ചെയ്യുന്നതാണ് ഉത്തമമെന്നും കരുതപ്പെടുന്നു. സുബ്ഹി (പ്രഭാതം), ളുഹ്‌റ് (മധ്യാഹ്നം), അസ്വര്‍ (സായാഹ്നം), മഅ്‌രിബ് (സന്ധ്യ), ഇശാ (രാത്രി) എന്നിവയാണ് ആ നമസ്‌കാരങ്ങള്‍. ഈ പേരുകള്‍ പ്രസ്തുത സമയങ്ങളെക്കുറിക്കാനും മാപ്പിളമാര്‍ ഉപയോഗിക്കുന്നു. വഖ്ത്ത് എന്നാണ് നമസ്‌കാരസമയത്തിന് പേര്. നമസ്‌കാരത്തിന് നിസ്‌കാരം എന്നാണ് പറയേണ്ടതെന്ന് പാരമ്പര്യ സുന്നി വിഭാഗങ്ങള്‍ വാദിക്കുന്നു. പ്രാമാണിക ഇസ്‌ലാമിക രേഖകളില്‍ നമസ്‌കാരത്തെ കുറിക്കുന്ന സ്വലാത്ത് എന്ന പദം പൊതുവെ മാപ്പിളമാര്‍ പറയാറില്ല. നമസ്‌കാരത്തിന് സമയമായി എന്ന അറിയിപ്പാണ് ബാങ്ക്. ബാങ്കുവിളിക്കുന്നയാള്‍ മുക്രി (മുഖ്‌രിഅ് - ഓതിപ്പിക്കുന്നവന്‍). നമസ്‌കാരത്തിലെ വിവിധ ചേഷ്ടകള്‍ക്കും പേരുകളുണ്ട്. തക്ബീറത്തുല്‍ ഇഹ്‌റാം (കൈകെട്ടല്‍), റുകൂഅ് (കുനിയല്‍), സുജൂദ് (സാഷ്ടാംഗ പ്രണാമം), ഇഅ്തിദാല്‍ (നീര്‍ന്നു നില്ക്കല്‍) തുടങ്ങിയ അറബി പദങ്ങളും കൈക്കെട്ടല്‍, സലാം വീട്ടല്‍, ഇരുത്തം തുടങ്ങിയ മലയാള പദങ്ങളും അതിന് ഉപയോഗിക്കാറുണ്ട്.
നമസ്‌കാരത്തിനുള്ള അംഗശുദ്ധിയാണ് വുദു (വുളു). സംഘനമസ്‌കാരത്തിന് നേതൃത്വം നല്കുന്നയാള്‍ ഇമാം. അണിയാണ് സ്വഫ്ഫ്, അണിനിരക്കുന്നവര്‍ മഅ്മൂമുകള്‍. വെള്ളിയാഴ്ചയുള്ള പ്രത്യേക മധ്യാഹ്നപ്രാര്‍ഥനയാണ് ജുമുഅ. അത് നടക്കുന്ന പള്ളിയെ ജുമുഅത്ത് പള്ളിയെന്ന് പറയും. ആ സമയത്തുള്ള ഉപദേശപ്രസംഗമാണ് ഖുത്തുബ. അത് നിര്‍വഹിക്കുന്നയാള്‍ ഖത്തീബ്. ഒരാള്‍ പ്രാര്‍ഥന ചൊല്ലി മറ്റുള്ളവര്‍ ആമീന്‍ എന്നു പറയുന്ന കൂട്ടുപ്രാര്‍ഥനാ സമ്പ്രദായവും ആരാധനകളോടനുബന്ധിച്ചുണ്ട്.

മറ്റു ആരാധനകള്‍ വാമൊഴിയില്‍

ഹിജ്‌റ വര്‍ഷത്തിലെ റമദാന്‍ എന്ന മാസം മുഴുവന്‍ അനുഷ്ഠിക്കേണ്ട നോമ്പ് (വ്രതം) മുസ്‌ലിംകളുടെ മറ്റൊരു പ്രധാനപ്പെട്ട ആരാധനയാണ്. നോമ്പുമായി ബന്ധപ്പെട്ട പദങ്ങള്‍ മിക്കതും മലയാളത്തിലാണ്. പുലര്‍ച്ചെ സുബ്ഹിക്കുമുമ്പ് അത്താഴം കഴിച്ചതിനു ശേഷമാണ് നോമ്പുനോല്‍ക്കല്‍ തുടങ്ങുന്നത്. സന്ധ്യക്ക് മഅ്‌രിബ് ബാങ്കുകൊടുക്കുമ്പോഴാണ് നോമ്പ് തുറക്കല്‍. പകല്‍ സമയത്ത് ഭക്ഷണം കഴിക്കുകയോ നോമ്പിന് ഭംഗംനേരിടുകയോ ചെയ്യുന്നത് നോമ്പ് മുറിയല്‍. നോമ്പുതുറക്കലും അതിലേക്ക് ആളുകളെ ക്ഷണിക്കലും പുണ്യമുള്ള കാര്യമായി കരുതപ്പെടുന്നു. തുറ, തുറവി, എന്നെല്ലാം ആ വിരുന്നിന് പേരുണ്ട്. ഇഫ്ത്താര്‍ എന്ന പുതിയ പദവും ഇന്ന് പ്രചാരത്തിലുണ്ട്. പുത്യാപ്പിളമാര്‍ക്ക് പ്രത്യേകമായി നല്കുന്ന നോമ്പുതുറ സല്‍ക്കാരമാണ് നോമ്പുംകഞ്ഞി. കുട്ടികളുടെ ഇളവുകളുള്ള നോമ്പിന് ചട്ടിനോമ്പ് എന്ന് പറയും. മുപ്പത് നോമ്പുകളെ ആദ്യത്തെപ്പത്ത്, നടൂത്തെപ്പത്ത്, അവസാനത്തെപ്പത്ത് എന്നിങ്ങനെ മൂന്നാക്കി തിരിച്ചിരിക്കുന്നു. നടുവിലെപത്തില്‍ ബദിരീങ്ങളെ ആണ്ട്, അവസാനത്തെ പത്തില്‍ ലൈലത്തുല്‍ ഖദ്ര്‍ എന്നീ വിശേഷ ദിവസങ്ങളുമുണ്ട്. നോമ്പുകാലരാത്രികളിലുള്ള പ്രത്യേക നമസ്‌കാരമാണ് ത്രാവി (തറാവീഹ്).
സക്കാത്ത് എന്ന നിര്‍ബന്ധിത ദാനം ഇസ്‌ലാമിലെ പ്രധാനപ്പെട്ട അനുഷ്ഠാനമാണെങ്കിലും കേരളത്തില്‍ ഈയടുത്ത കാലത്തുമാത്രമാണ് അത് വ്യവസ്ഥാപിതമായി നടക്കാന്‍ തുടങ്ങിയത്. പണ്ട് ഏതാനും പണക്കാരായ ആളുകളുടെ വീടുകളില്‍ നിന്ന് നല്കിയിരുന്ന ചക്കാത്ത് എന്ന ഭിക്ഷയിലൊതുങ്ങിയിരുന്നു അത്. ഗള്‍ഫ് പണത്തിന്റെ വരവും പുതിയ മതനവോത്ഥാന സംഘടകളുടെ പ്രചാരണവും സക്കാത്തിനെ വ്യാപകമാക്കി. ഇന്ന് പല മഹല്ലുകളിലും സക്കാത്ത് കമ്മറ്റികള്‍ നിലവിലുണ്ട്. സദഖ എന്ന ഐച്ഛിക ദാനവും പതിവുണ്ട്.
ഹജ്ജ് ഇസ്‌ലാംകാര്യങ്ങളിലെ അവസാനത്തെ ആരാധനയാണ്. സാമ്പത്തികവും ശാരീരികവുമായ സുസ്ഥിതിയുള്ളവര്‍ക്കേ അത് മക്കവരെ പോയി നിര്‍വഹിക്കാന്‍ കഴിയൂ. അതിനാല്‍തന്നെ അത് നിര്‍വഹിച്ചവര്‍ക്ക് മാപ്പിളസമുദായത്തില്‍ സ്ഥാനവും ആദരവും ലഭിക്കുന്നു. ഹജ്ജ്‌ചെയ്ത പുരുഷനെ ഹാജി, (ഹാജ്യാര്) എന്ന് പരാമര്‍ശിക്കുകയും വിളിക്കുകയും ചെയ്യുന്നു. സ്ത്രീകളെ ഹജ്ജുമ്മ എന്ന് പരാമര്‍ശിക്കുമെങ്കിലും അങ്ങനെ വിളിക്കാറില്ല. ഹജ്ജുമായി ബന്ധപ്പെട്ട വാക്കുകളില്‍ സഅ്‌യ് (ഓട്ടം), ത്വവാഫ് (ചുറ്റല്‍), ഇഹ്‌റാംകെട്ടല്‍ (ഒരുക്കം), തുടങ്ങിയവ മാപ്പിള വാമൊഴിയിലെയും പദങ്ങളാണ്. ഹജ്ജിലെ പ്രധാന ചിഹ്നങ്ങളായ സംസംതീര്‍ഥം, ഹജറുല്‍ അസ്‌വദ് (കറുത്ത കല്ല്), കഅബാമന്ദിരം, അതിന്റെ മേല്‍പ്പുതപ്പായ ഖില്ല, അറഫാ മൈതാനം, സഫാ മര്‍വാ മലകള്‍, പിശാചിനെ കല്ലെറിയല്‍ എന്നിവ മാപ്പിളമാരുടെ അനുഷ്ഠാനപദങ്ങളും സാമാന്യ വ്യവഹാരത്തിലുള്ളവയുമാണ്.

വിശ്വാസ കാര്യങ്ങള്‍ മാപ്പിള വാമൊഴിയില്‍

ഇസ്‌ലാമിന്റെ വിശ്വാസ സംഹിതയെ ഈമാന്‍കാര്യങ്ങള്‍ എന്നു പറയുന്നു. ആറെണ്ണമാണ് അവയില്‍ പ്രധാനം. അല്ലാഹുവിലുള്ള വിശ്വാസം, മലക്കുകളിലുള്ള വിശ്വാസം, പ്രവാചകരിലുള്ള വിശ്വാസം, ദിവ്യഗ്രന്ഥങ്ങളിലുള്ള വിശ്വാസം, പരലോകത്തിലുള്ള വിശ്വാസം, വിധിയിലുള്ള വിശ്വാസം എന്നിവയാണവ. ഇവയത്രയും എണ്ണിപ്പറഞ്ഞ് പഠിക്കുന്നത് പ്രാഥമിക മദ്‌റസാപഠനത്തിന്റെ പ്രധാന ഭാഗമാണ്. ഈ കാര്യങ്ങള്‍ ഏറനാടന്‍ മാപ്പിളമാരുടെ ഭാഷാവ്യവഹാരങ്ങളില്‍ പലരീതിയില്‍ പ്രകടമാകുന്നുണ്ട്. അല്ലാഹുവിലുള്ള വിശ്വാസമാണ് വിശ്വാസപദങ്ങളില്‍ കൂടുതലായി വാമൊഴിയില്‍ വരുന്നത്.

അല്ലാഹു വാമൊഴി ചിഹ്‌നം എന്ന നിലയ്ക്ക്

ആരാധ്യന്‍ എന്ന് അര്‍ഥമുള്ള അല്‍ ഇലാഹ് എന്ന അറബി പദത്തില്‍നിന്നാണ് അല്ലാഹു എന്ന വാക്കുണ്ടായത്. അതിലെ മധ്യസ്വനിമം അറബിയിലുള്ള വത്സ്യാക്ഷരങ്ങളിലൊന്നാണ്. അതിനാല്‍ അറബിഭാഷ പരിചയമില്ലാത്ത മലയാളികള്‍ക്ക് അല്ലാഹു എന്ന് ശരിയായുച്ചരിക്കാന്‍ ബുദ്ധിമുട്ടാണ്.
അല്ലാഹുവിന്റെ പലവിധ വിശേഷണങ്ങളടങ്ങിയ അതിവിശിഷ്ടമായ പേരുകള്‍ എന്നര്‍ഥത്തിലുള്ള അസ്മാഉല്‍ ഹുസ്‌നാ എന്ന 99 പേരുകള്‍ ഉണ്ട്. അവയിലെ റഹ്മാന്‍ (കൃപാനിധി), റഹീം (കാരുണ്യവാന്‍), വാഹിദ് (ഏകന്‍), മുജീബ് (ഉത്തരം നല്കുന്നവന്‍) തുടങ്ങി ഒട്ടേറെ പദങ്ങളില്‍ മാപ്പിളമാര്‍ ദൈവത്തെ അഭിസംബോധനചെയ്യുകയും പരാമര്‍ശിക്കുകയും ചെയ്യുന്നു. അവയോട് അബ്ദുല്‍ (അടിമ) എന്നു ചേര്‍ത്ത വ്യക്തിനാമങ്ങളും ധാരാളമുണ്ട്. (ഉദാ - അബ്ദുല്‍ റസാഖ്) അല്ലാഹുത്തആലാ (ഉന്നതനായ അല്ലാഹു), അല്ലാഹു അക്ബര്‍ (അല്ലാഹുവാണ് മഹാന്‍) തുടങ്ങിയ ധാരാളം വിശേഷണ നാമങ്ങളും അല്ലാഹുവോട് ചേര്‍ത്തുച്ചരിക്കുന്നു. തമ്പുരാന്‍, പടച്ചതമ്പുരാന്‍, പുരാന്‍, കോന്‍, പടച്ചോന്‍, ഖോജരാജാവ് തുടങ്ങിയ മലയാള വാക്കുകളും അല്ലാഹുവിനെ സൂചിപ്പിക്കുന്ന മാപ്പിള വാമൊഴി പദങ്ങളാണ്. എന്നാല്‍ ദൈവം, ഈശ്വരന്‍, ഭഗവാന്‍ തുടങ്ങിയ അന്യസമുദായ ദൈവസൂചനകള്‍ മാപ്പിള വാമൊഴിയില്‍ അല്ലാഹുവിനെ കുറിക്കാന്‍ തീരെ ഉപയോഗിക്കില്ല. അന്യമതസ്ഥരുള്ള ഔപചാരിക ഭാഷണങ്ങളിലും വരമൊഴിയിലും മാത്രമാണ് അത്തരം വാക്കുകള്‍ മുസ്‌ലിംകള്‍ പ്രയോഗിക്കാറുള്ളത്. കൂടാതെ ഇലാഹ് (ആരാധ്യന്‍), റബ്ബ് (രക്ഷിതാവ്) എന്നീ പേരുകളിലും അല്ലാഹുവിനെ കുറിക്കുന്നു.
അല്ലാഹു ഏകനായ ദൈവവും ആരാധ്യനുമാണെന്ന വിശ്വാസം കണിശമാകയാല്‍ അവന്‍ എന്ന സര്‍വനാമം മാത്രമെ ദൈവത്തെ കുറിക്കാന്‍ ഉപയോഗിക്കൂ. അവന് രൂപമോ ശരീരമോ ഇല്ലാത്തതിനാല്‍ 'അദ്ദേഹം' എന്ന ബഹുമാനസൂചനയും ഇല്ല. കൂടാതെ തൗഹീദ് (ഏകദൈവവിശ്വാസം), റഹ്മത്ത് (ദൈവകാരുണ്യം), നിഅ്മത്ത് (ദൈവാനുഗ്രഹം), ഖുദ്‌റത്ത് (ദൈവികശക്തി) തുടങ്ങി അല്ലാഹുമായി ബന്ധപ്പെട്ട ധാരാളം അറബിവാക്കുകളും അല്ലാന്റെ വേണ്ടുക (നിശ്ചയം), കിര്‍ഫ (കൃപ), തുണ തുടങ്ങിയ മലയാള വാക്കുകളും മാപ്പിളമാരുടെ ദൈവസങ്കല്‍പത്തിന്റെ ഭാഗമായി വാമൊഴിയില്‍ വരുന്നു. അല്ലാഹുവിന്റെ സിംഹാസനമാണ് ഹര്‍ശ്, അവനുള്ള സ്തുതി ഹംദ്, അവന്റെ ശേഷി ഖുദ്‌റത്ത്, അവനോടുള്ള പശ്ചാത്താപം തൗബ, പ്രാര്‍ഥനക്ക് ദൂആഇരക്കല്‍ (തേട്ടം) എന്നു തുടങ്ങി ഒട്ടേറെ അനുബന്ധ വാക്കുകളും പ്രയോഗങ്ങളും അല്ലാഹുമായി ബന്ധപ്പെട്ട് മാപ്പിളവാമൊഴിയിലുണ്ട്.

പ്രവാചക വിശ്വാസം

നബി എന്നാണ് ഇസ്‌ലാമിലെ പ്രവാചകരെ സൂചിപ്പിക്കാനുള്ള സാങ്കേതിക സംജ്ഞ. ഒരു ലക്ഷത്തിലേറെ നബിമാര്‍ ഭൂമിയില്‍ അവതരിക്കപ്പെട്ടിട്ടുണ്ട് എന്നാണ് വിശ്വാസം. ആദ്യത്തെ നബിയാണ് ആദംനബി. അവസാനത്തെ നബി മുഹമ്മദ്‌നബി. അമ്പിയാ മുര്‍സലീംകള്‍ എന്ന വാക്കില്‍ എല്ലാ നബിമാരും പെടുന്നു. അറബി വാക്കിനോടൊപ്പം മാര്‍, കള്‍ എന്നീ ബഹുവചന പ്രത്യയങ്ങള്‍ ചേര്‍ത്താണ് പറയുക. ഉദാ - നബിമാര്‍, അമ്പിയാക്കള്‍. റസൂല്‍ (ദൂതന്‍), മുര്‍സല്‍ (അയക്കപ്പെട്ടവന്‍) തുടങ്ങിയ വാക്കുകളും മാപ്പിളവാമൊഴിയിലുണ്ട്. നബിമാര്‍ക്കു ലഭിക്കുന്ന ദിവ്യ വെളിപാടാണ് വഹ്‌യ്. ജിബ്‌രീല്‍ (ഗബ്രിയേല്‍) മാലാഖയാണ് അല്ലാഹുവില്‍ നിന്ന് വഹ്‌യ് എത്തിക്കുന്ന മലക്ക്.
അന്ത്യപ്രവാചകനും ലോകമുസ്‌ലിംകളുടെ നേതാവുമായി കരുതപ്പെടുന്ന മുഹമ്മദ് നബിയോട് പ്രത്യേക സ്‌നേഹാദരവുകള്‍ മാപ്പിളമാര്‍ പുലര്‍ത്തുന്നു. റസൂല്‍, നബി എന്നീ നാമങ്ങള്‍ മുഹമ്മദ് നബിയുടെ പേരായും സൂചിപ്പിക്കാറുണ്ട്. മുഹമ്മദ് നബി മഅ്‌സ്വൂം (പാപവിമുക്തന്‍) ആണെന്നാണ് വിശ്വാസം. മഅ്ശറ (പരലോകം) ദിനത്തില്‍ ലോകമുസ്‌ലിംകള്‍ക്കുവേണ്ടി ശഫാഅത്ത് (ശിപാര്‍ശ) നടത്താനും മുഹമ്മദ്‌നബിയാണുണ്ടാവുക. അല്‍ അമീന്‍ (വിശ്വസ്തന്‍), ത്വാഹാ, അഹ്മദ് തുടങ്ങിയ പേരുകളും മുഹമ്മദ്‌നബിക്കുണ്ട്. മാപ്പിളമാരുടെ വ്യക്തിനാമങ്ങളില്‍ ഈ പേരുകള്‍ സുലഭമാണ്. മുഹമ്മദ് നബിയുടെ അന്ത്യവിശ്രമസ്ഥലമായ മദീനയിലെ റൗദാ ശരീഫിനെ മുസ്‌ലിംകള്‍ പുണ്യസ്ഥലമായി കരുതുന്നു. ആദരവായ, ശറഫുറ്റ, മുത്ത്, ആറ്റലായ, ബീരിത തുടങ്ങിയ വിശേഷണപദങ്ങളും മാപ്പിളമാര്‍ നബിയെ കുറിക്കുമ്പോള്‍ ചേര്‍ക്കാറുണ്ട്. മദ്ഹ്, മൗലൂദ്, നഅ്ത്ത് തുടങ്ങിയ പ്രവാചക സ്തുതികീര്‍ത്തനങ്ങളും മാപ്പിളമാര്‍ക്കിടയിലുണ്ട്. നബിയുടെ വാക്കും പ്രവര്‍ത്തികളുമാണ് ഹദീസുകള്‍. മുസ്‌ലിംകളുടെ മതവ്യവഹാരത്തില്‍ ഹദീസുകള്‍ക്ക് നിര്‍ണായകസ്ഥാനമുണ്ട്. മുഹമ്മദ് നബിയുടെ പേരുകേട്ടാലും പരാമര്‍ശിച്ചാലും മറ്റു സന്ദര്‍ഭങ്ങളിലും സ്വലാത്ത് (പ്രവാചകപ്രകീര്‍ത്തനവാക്യം) ചൊല്ലല്‍ ഇസ്‌ലാമിലെ പ്രതിവചനങ്ങളില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ്.

വേദഗ്രന്ഥങ്ങളിലുള്ള വിശ്വാസം വാമൊഴിയില്‍

അല്ലാഹു പ്രവാചകന്‍മാരിലൂടെ മനുഷ്യരിലേക്കെത്തിച്ചുവെന്ന് വിശ്വസിക്കപ്പെടുന്ന ലിഖിത കല്പനകളാണ് കിതാബ് (വേദഗ്രന്ഥം). കിതാബ് എന്ന അറബിവാക്കിന് പുസ്തകം എന്നാണര്‍ഥം. തൗറാത്ത് (തോറ) സബൂര്‍, ഇഞ്ചീല്‍, ഫുര്‍ഖാന്‍ (ഖുര്‍ആന്‍) എന്നിവയാണ് മുസ്‌ലിംകള്‍ വിശ്വസിക്കുന്ന നാല് വേദഗ്രന്ഥങ്ങള്‍. അവയില്‍ ഖുര്‍ആന്‍ മാത്രമേ മനുഷ്യരുടെ കൈക്കടത്തലുകളില്ലാതെ ഇന്ന് നിലനില്ക്കുന്നുള്ളൂ എന്നാണ് വിശ്വാസം. മാപ്പിള മുസ്‌ലിംകളുടെ ജീവിത സംസ്‌കാരങ്ങളില്‍ ഖുര്‍ആനിന് വലിയ സ്ഥാനമുണ്ട്. മുസൈഫ് (മുസ്ഹഫ് - ഏട്) എന്നും അവര്‍ ഖുര്‍ആനെ സൂചിപ്പിക്കുന്നു. ഖുര്‍ആനില്‍ മുപ്പത് ഭാഗങ്ങളുണ്ട്. ഈ ഭാഗങ്ങള്‍ക്ക് ജൂസ് (ജുസ്അ് - ഭാഗം) എന്ന് പറയും. ഓരോ ജുസ്ഇനും പ്രത്യേകം പേരുകളുണ്ട്. അവസാനത്തെ ഭാഗമായ അമ്മ ജൂസ്ഇലെ ചെറിയ അധ്യായങ്ങള്‍ പലതും ഏതാണ്ട് മദ്രസവിദ്യാഭ്യാസം നേടിയ മുസ്‌ലിംകള്‍ക്ക് മനപാഠമായിരിക്കും. നമസ്‌കാരം പോലുള്ള പ്രാര്‍ഥനകളിലും മറ്റവസരങ്ങളിലും അത് പാരായണം ചെയ്യുന്നു.കൂടാതെ യാസീന്‍, മലിക് തുടങ്ങിയ ചില സൂറത്തുകളും (അധ്യായങ്ങള്‍) ആയത്തുല്‍കുര്‍സീയ്, ആമനര്‍റസൂലു എന്നു പേരുള്ള ചില ആയത്തുകളും (സൂക്തങ്ങള്‍) മാപ്പിളമാര്‍ മദ്രസയില്‍വച്ച് മനപ്പാഠമാക്കിവയ്ക്കുന്നു. ഓരോ സൂറത്തുകളും തുടങ്ങുന്നത് ബിസ്മില്ലാഹിര്‍റഹ്മാനി ര്‍റഹീം (കാരുണ്യവാനും കൃപാലുവുമായ അല്ലാഹുവിന്റെ പേരില്‍ ആരംഭിക്കുന്നു) എന്ന വാക്യം കൊണ്ടാണ്. ഫാത്തിഹ എന്ന അധ്യായമാണ് ഒന്നാമത്തേത്. ബിസ്മിചൊല്ലുക, ഫാത്തിഹയോതുക എന്നീ മാപ്പിള വാമൊഴി ശൈലികള്‍ നല്ല തുടക്കത്തെ സൂചിപ്പിക്കുന്നവയാണ്
ഓതുക എന്ന മലയാള വാക്കാണ് ഖുര്‍ആന്‍ പാരായണ (ഖിറാഅത്ത്) ത്തിന് മാപ്പിളമാര്‍ സാധാരണ പറയുക. ഓത്തുപള്ളി അതില്‍നിന്നുണ്ടായ പേരാണ്. ഓത്തും പാട്ടും, ഓതിപ്പറയുക തുടങ്ങിയ പ്രയോഗങ്ങളും അതില്‍നിന്നുണ്ടായി. ഖുര്‍ആന്‍ പ്രധാനപ്പെട്ട ഒരു മതപ്രമാണമായതിനാല്‍ ആയത്തോതുക എന്ന ശൈലിക്ക് തെളിവുനിരത്തുക എന്നാണര്‍ഥം. ഖുര്‍ആനോത്ത് അറിയല്‍ മാപ്പിളമാരുടെ മതപരമായ അറിവിന്റെയും പ്രയോഗത്തിന്റെയും മാനകമാണ്. ഖുര്‍ആന്‍ പാരായണത്തിന് പ്രത്യേക ചിട്ടകളും നിയമങ്ങളുമുണ്ട്. അതിന് തജ്‌വീദ് എന്ന് പറയുന്നു. ഓത്തിലെ വിവിധ വഴക്കങ്ങള്‍ക്ക് മണിക്കുക, മറിക്കുക, മീട്ടുക, സദ്ദ് (ദ്വിത്വം), മദ്ദ് (ദീര്‍ഘം) തുടങ്ങിയ പദങ്ങള്‍ ഉപയോഗിക്കുന്നു. ഖുര്‍ആന്‍ പൂര്‍ണമായി പാരായണം ചെയ്തു തീര്‍ക്കലാണ് ഖത്തം തീര്‍ക്കല്‍.

മറ്റു വിശ്വാസ കാര്യങ്ങള്‍

മലക്കുകള്‍ക്ക് മലാഇക്കത്ത് എന്ന ബഹുവചനരൂപവും മാപ്പിളവാമൊഴിയിലുണ്ട്. ഇന്‍സാനെ (മനുഷ്യര്‍) കൂടാതെ ജിന്നുകള്‍, മലക്കുകള്‍, റൂഹാനി(പ്രേതാത്മാക്കള്‍)കള്‍ എന്നിവയുമുണ്ടെന്നാണ് മാപ്പിളവിശ്വാസം. അല്ലാഹുവിന്റെയും ഇസ്‌ലാമിന്റെയും എതിരാളിയായ ജിന്നാണ് ഇബ്‌ലീസ്. ശൈത്താന്‍, പിശാച്ച് എന്നീ പേരുകളും ഇബ്‌ലീസിനുണ്ട്. ഈ വാക്കുകളെല്ലാം സാമൂഹികമായ ഭാഷണസന്ദര്‍ഭങ്ങളില്‍ വ്യത്യസ്തമായ സൂചനകളോടെ ഉപയോഗിക്കുന്ന മാപ്പിള പദങ്ങളാണ്.

മാപ്പിള മതചടങ്ങുകളും വാമൊഴിയും

ആരാധനകള്‍ക്കു പുറമെ ഒട്ടേറെ മതചടങ്ങുകളും മാപ്പിളമാര്‍ പരിചരിക്കുന്നു. മതപ്രഭാഷണങ്ങള്‍, നേര്‍ച്ച/ഉറൂസുകള്‍, ആഘോഷങ്ങള്‍, മതാത്മക പരിപാടികള്‍ എന്നിവയാണവ. പലപ്പോഴും ഇത്തരം മതചടങ്ങുകളിലും ആരാധനകളിലും ഉപയോഗിക്കുന്ന സാന്ദര്‍ഭികഭാഷണ പദങ്ങള്‍ (Register)ക്ക് ഒരുതരം രഹസ്യസ്വഭാവമുണ്ട്. അവയുടെ അര്‍ഥഘടനയും ആശയമൂല്യവും ആ സമുദായത്തിനു പുറത്തുള്ള ഒരാളെ സംബന്ധിച്ചിടത്തോളം മനസ്സിലാക്കാന്‍ വിഷമമായിരിക്കും. ഇത്തരം സവിശേഷഭാഷ(Jargon) ഒരു സമുദായത്തിലെ അംഗങ്ങളെ അകത്തുനിറുത്താനും അതിനു പുറത്തുള്ളവരെ മാറ്റിനിറുത്താനും എളുപ്പത്തില്‍ സഹായിക്കുന്നു.
മതപ്രഭാഷണം, മതസമ്മേളനം, മതപ്രസംഗപരമ്പര, ഉറുദി, വയള്, ഉപദേശം, വാദപ്രതിവാദം, അനുസ്മരണം, ദിക്ര്‍- ദുആ ഹല്‍ഖകള്‍, വാര്‍ഷികം തുടങ്ങി ഒട്ടേറെ മതാത്മകമായ പൊതു പരിപാടികളും ചടങ്ങുകളും ഏറനാടന്‍ മാപ്പിളമാര്‍ സംഘടിപ്പിക്കുകയും അവയില്‍ പങ്കാളികളാവുകയും ചെയ്യുന്നു. അത്തരം വേളകളിലുപയോഗിക്കുന്ന പദാവലികളും അതിന്റെ ഭാഷാഘടനയും ഈണവും സവിശേഷമായ ഭാഷണസന്ദര്‍ഭത്തെയാണ് രേഖപ്പെടുത്തുന്നത്. മാപ്പിള വയളുകള്‍ക്ക് പ്രത്യേക ഭാഷാസ്വഭാവവും ഈണവ്യവസ്ഥയുമുണ്ട്.
നേര്‍ച്ച, ഉറൂസ് തുടങ്ങിയ സാമൂഹികാഘോഷങ്ങളും ചടങ്ങുകളും കാര്‍ണിവല്‍ സ്വഭാവത്തിലുള്ള ജനകീയ കൂട്ടായ്മകളാണ്. അത്തരം സന്ദര്‍ഭങ്ങളിലെ ഭാഷയും വ്യവഹാരവും മറ്റൊരു സാമുദായികഭാഷാഭേദത്തിന്റെ സ്വഭാവം പുലര്‍ത്തുന്നു. മൗലീദ്, റാത്തീബ്, ദിക്ര്‍, ദുആ തുടങ്ങി വേറെയും സാമുദായികമായ കൂട്ടായ്മകളും ആചാരവിശേഷങ്ങളും മാപ്പിളമാര്‍ക്കുണ്ട് അവയുടെ ഭാഗമായ വാമൊഴി സംസ്‌കാരവും കാര്‍ണിവല്‍ ഭാഷയുടെ സ്വഭാവമുള്ളവയാണ്.
മാപ്പിള മുസ്‌ലിംകള്‍ക്കിടയിലുള്ള മതാത്മക സംവാദങ്ങള്‍ക്ക് ഭാഷാപരമായ ഒരു തലമുണ്ട്. നമസ്‌കാരം പോലുള്ള ആരാധനകളുടെ പേര്, വെള്ളിയാഴ്ചയിലെ ഉപദേശപ്രസംഗത്തിന്റെ ഭാഷ, അറബിമലയാളവും മദ്രസാ പാഠപുസ്തകങ്ങളും, മലയാളത്തില്‍ പ്രാര്‍ഥിക്കാമോ, അല്ലാഹുവിന് പകരം ദൈവം എന്ന് പറയാമോ, ഖുര്‍ആന്‍ വിവര്‍ത്തനം ശരിയോ, മലയാളത്തില്‍ ബാങ്കുവിളിക്കാമോ, ഖുര്‍ആന്‍ അല്ലാഹുവിന്റെ ഭാഗമാണോ സൃഷ്ടിയാണോ എന്നു തുടങ്ങി മതപരമായ സന്ദേഹങ്ങളില്‍ പലതും ഭാഷാപരവുമാണ്. അറബിഭാഷയില്‍ അനുവര്‍ത്തിക്കുന്ന ഒരു മതത്തിന്റെ തികച്ചും വ്യത്യസ്തമായ മറ്റൊരു ഭാഷയിലുള്ള അതിജീവനവുമായി ബന്ധപ്പെട്ട സാംസ്‌കാരിക പ്രശ്‌നം എന്നതിലുപരി സാമൂഹികഭാഷാശാസ്ത്രത്തിന്റെയും അതിന്റെ പുതിയ  കൈവഴികളുടെയും അപഗ്രഥനരീതികൾ പിൻ തുടർന്ന് ഈ കാര്യങ്ങളെ വിശകലനം ചെയ്യേണ്ടതുണ്ട്.

1 comment:

  1. The observations are excellent. Indeed, there were "realities" well before words or languages!

    How wonderful to embrace those traditions, at least,at times!

    ReplyDelete